16 മണിക്കൂർ ജോലി, കൊടുംപീഡനങ്ങൾ : ദുരിതകാലം കടന്ന് മ്യാൻമാറിൽനിന്ന് 16 പേർ തിരിച്ചെത്തി


മ്യാൻമാറിൽനിന്നെത്തിയ തമിഴ്‌നാട് സ്വദേശികൾ ചെന്നൈ വിമാനത്താവളത്തിൽ

ചെന്നൈ : മൂന്നാഴ്ചയായി മ്യാൻമാറിൽ സായുധസംഘത്തിന്റെ തടങ്കലിലായിരുന്ന ഇന്ത്യക്കാരിൽ 16 പേർ തിരിച്ചെത്തി. ഇതിൽ 13 പേർ തമിഴ്‌നാട് സ്വദേശികളാണ്.

ബുധനാഴ്ച പുലർച്ചെ രണ്ടിന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ സംസ്ഥാന പ്രവാസികാര്യമന്ത്രി സെഞ്ചി മസ്താൻ സ്വീകരിച്ചു. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. മലയാളികളടക്കം മുന്നൂറോളംപേർ ഇപ്പോഴും മ്യാൻമാറിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. 16 മണിക്കൂർവരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. എതിർത്തവരെ ക്രൂരമായി മർദിച്ചു, ഷോക്കേൽപ്പിച്ചു, പട്ടിണിക്കിട്ടു. ദുബായിൽ ഡേറ്റ എൻട്രി ജോലിക്കായിരുന്നു ഇവർ സ്വകാര്യ ഏജൻസിയിൽ അപേക്ഷനൽകിയത്. എന്നാൽ, എത്തിപ്പെട്ടത് തായ്‌ലാൻഡിലാണ്. അവിടെ ജോലിനൽകാതെ 450 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തെത്തിച്ചു. അവിടെനിന്ന് ഒരു സംഘം ചൈനക്കാർ ഒരു നദിയുടെ മറുകരയിലെത്തിച്ചു. മ്യാൻമാറിലെ ഒട്ടും സുരക്ഷിതമല്ലാത്ത മ്യാവഡി എന്ന സ്ഥലത്തായിരുന്നു എത്തിയത്.

ഡിജിറ്റൽ, ക്രിപ്റ്റോ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന മ്യാൻമാറിലെ ഓൺലൈൻ തട്ടിപ്പുസംഘത്തിന്റെ കെണിയിലാണ് തങ്ങൾ അകപ്പെട്ടതെന്ന് വൈകിയാണ് ഇവർ മനസ്സിലാക്കിയത്. സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാനായിരുന്നു തങ്ങളെ ഉപയോഗിച്ചതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു.

പീഡനം സഹിക്കാതായപ്പോൾ വ്യാജ ഐ.ഡി.കൾ ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ ഇവർ തങ്ങളുടെ അവസ്ഥ പുറംലോകത്തെ അറിയിക്കുകയായിരുന്നു. പുറത്തുവിട്ട വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി ജയ്ശങ്കറിനും കത്തെഴുതിയതോടെയാണ് രക്ഷാദൗത്യം ആരംഭിച്ചത്. മ്യാൻമാറിലെയും തായ്‌ലാൻഡിലെയും ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ ഇടപെട്ടാണ് മോചനത്തിന്‌ വഴിയൊരുക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..