ജല്ലിക്കെട്ട് കാണാൻ സുപ്രീംകോടതി ജഡ്ജിമാർക്ക് ക്ഷണം


1 min read
Read later
Print
Share

ചെന്നൈ : പൊങ്കൽനാളുകളിൽ ജല്ലിക്കെട്ട് നടക്കുമ്പോൾ കാണാനെത്തണമെന്ന് സുപ്രീംകോടതി ജഡ്ജിമാർക്ക് തമിഴ്‌നാട് സർക്കാരിന്റെ ക്ഷണം. ജല്ലിക്കെട്ട് അനുവദിച്ചുള്ള നിയമത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹർജികളിന്മേലുള്ള വാദം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിനുമുമ്പാകെ തുടരുന്നതിനിടെയാണ് സർക്കാരിന്റെ അഭിഭാഷകൻ ജഡ്ജിമാരെ ക്ഷണിച്ചത്.

ജല്ലിക്കെട്ടുപോലുള്ള വിനോദങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും അനുവദിക്കാനാവില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ, ജല്ലിക്കെട്ട് വെറുമൊരു വിനോദമല്ലെന്നും മൃഗങ്ങളോട് ക്രൂരത കാണിക്കുന്നില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ‘‘സ്നേഹത്തോടെയാണ് ജല്ലിക്കെട്ടുകാളകളെ പോറ്റുന്നത്. ചില വിദേശരാജ്യങ്ങളിലെ കാളപ്പോരിലെപ്പോലെ ഇവിടെ കാളയെ കൊല്ലുന്നില്ല. മെരുക്കുന്നതേയുള്ളൂ’’ -സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു.

ഒരു കാളയുടെ പുറത്ത് എത്രയാളുകൾ ചാടിക്കയയറുമെന്ന് ജഡ്ജിമാർ ചോദിച്ചു. ധാരാളംപേർ കയറാറുണ്ടെന്നും എന്നാൽ, ഒന്നിലധികംപേർ കയറുന്നത് ഇപ്പോൾ വിലക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഒന്നിലധികംപേർ കയറിയാൽ അവർക്ക് മത്സരത്തിൽ അയോഗ്യത കൽപ്പിക്കുമെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ വാക്കാൽ പറഞ്ഞാൽപോരാ എന്നുപറഞ്ഞപ്പോഴാണ് അടുത്തമാസം പൊങ്കലിന് ജല്ലിക്കെട്ട് നടക്കുമ്പോൾ കാണാൻ വരണമെന്ന് അഭിഭാഷകൻ ജഡ്ജിമാരെ ക്ഷണിച്ചത്. തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടും കർണാടകത്തിലെ കംബളയും മഹാരാഷ്ട്രയിലെ കാളവണ്ടിയോട്ടവും അനുവദിക്കുന്ന നിയമങ്ങളുടെ സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണ് പരിഗണിക്കുന്നത്. ജല്ലിക്കെട്ടുപോലുള്ള വിനോദങ്ങളിൽ കാളകളെ ഉപയോഗിക്കുന്നത് നിരോധിച്ച് 2011-ൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഉത്തരവിറക്കിയതോടെയാണ് നിയമയുദ്ധം തുടങ്ങുന്നത്. എന്നാൽ, 2009-ൽ തമിഴ്‌നാട് കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജല്ലിക്കെട്ട് തുടർന്നു. ഇതുതടഞ്ഞ് 2014-ൽ സുപ്രീംകോടതിവിധി പുറപ്പെടുവിച്ചു. ഇതിനെ മറികടക്കുന്നതിന് 2016-ൽ പരിസ്ഥിതിമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സുപ്രീംകോടതി അത് സ്റ്റേചെയ്തു. ഇത് പ്രതിഷേധത്തിന് കാരണമായി. ജല്ലിക്കെട്ടിന് അനുമതിനൽകി പരിസ്ഥിതിമന്ത്രാലയം കൊണ്ടുവന്ന ഉത്തരവിന്റെ സാധുതയാണ് ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..