ചെന്നൈ : ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ഉപയോഗശൂന്യമായ തസ്തികയാണ് സംസ്ഥാന ഗവർണറുടേതെന്ന് ഡി.എം.കെ. ഐ.ടി. വിഭാഗം സെക്രട്ടറിയും എം.എൽ.എയുമായ ടി.ആർ.ബി. രാജ. രാഷ്ട്രീയനിയമനം ലഭിച്ചയാൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സംനിൽക്കുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്നും രാജ ട്വിറ്റർ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും ഡി.എം.കെ. സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് മുതിർന്ന ഡി.എം.കെ. നേതാവ് ടി.ആർ. ബാലുവിന്റെ മകനായ രാജ ഗവർണർക്കെതിരേ ആഞ്ഞടിച്ചത്. ലോകത്തിലെ ഏറ്റവും ഉപയോഗശൂന്യമായ കാര്യങ്ങൾ എന്ന തലക്കെട്ടിൽ ഗവർണർ രവിയുടേത് ഉൾപ്പെടെ നാലുചിത്രങ്ങളും രാജ നൽകിയിട്ടുണ്ട്. മതിലില്ലാത്ത ഗേറ്റ്, ഉൾവശത്ത് പിടിയുള്ള ചായക്കപ്പ്, താടിവെച്ച ആട് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ആടിന് താടിയെന്ന പോലെയാണ് സംസ്ഥാനത്തിന് ഗവർണർ എന്ന് ഡി.എം.കെ. സ്ഥാപകനേതാവ് സി.എൻ. അണ്ണാദുരൈ പറഞ്ഞിരുന്നു. താടികൊണ്ട് ആടിന് പ്രയോജനം ഒന്നുമില്ലാത്തത്തതുപോലെ ഗവർണർ തസ്തികകൊണ്ട് സംസ്ഥാനത്തിന് പ്രയോജനം ഒന്നുമില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഗവർണർതസ്തിക ആവശ്യമേയില്ല എന്നതാണ് ഡി.എം.കെയുടെ പ്രഖ്യാപിത നിലപാട്.
ആർ.എൻ. രവിയെ ഗവർണർ സ്ഥാനത്തുനിന്ന് തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് ഡി.എം.കെ. എം.പി.മാർ രാഷ്ട്രപതിയ്ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..