ചെന്നൈയിലെ ബിർള പ്ലാനറ്റേറിയം (ഫയൽ ചിത്രം) -
ചെന്നൈ : പുത്തൻ സാങ്കേതികവിദ്യയിലൂടെ തമിഴ്നാട്ടിലെ പ്ലാനറ്റേറിയങ്ങളുടെ മുഖം മിനുക്കുന്നു. ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും ഉള്ള പ്ലാനറ്റേറിയങ്ങളുടെ നവീകരണമാണ് ഉടൻ പൂർത്തിയാക്കുക. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ശാസ്ത്രസാങ്കേതിക കേന്ദ്രമാണ് ഇതിന്റെ ചുമതലവഹിക്കുന്നത്. പ്ലാനറ്റേറിയങ്ങളിലെ കാലഹരണപ്പെട്ട ഉപകരണങ്ങൾമാറ്റി സാങ്കേതികമേൻമയുള്ളവ സ്ഥാപിക്കും. വിദ്യാർഥികൾക്ക് ഏറ്റവും പുതിയ ബഹിരാകാശവിവരങ്ങൾ ഇതിലൂടെ ലഭിക്കും.
നിലവിലെ ഗാലറികൾ നവീകരിക്കും. തിരുച്ചിറപ്പള്ളി പ്ലാനറ്റേറിയത്തിന്റെ നവീകരണത്തിനുമാത്രം മൂന്നുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നൂതന ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനം ഇവിടെ ഒരുക്കും. ജോലികൾ ആരംഭിച്ചുകഴിഞ്ഞു. നവീകരണ പ്രവർത്തനം ഉടൻ പൂർത്തിയാകുമെന്ന് ഉന്നത വിദ്യാഭ്യാസവൃത്തങ്ങൾ അറിയിച്ചു. ചെന്നൈ പ്ലാനറ്റേറിയത്തിലെ നവീകരണവും ഇതേസമയം തന്നെ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഇവിടത്തെ തമിഴ്, ഇംഗ്ലീഷ് പതിപ്പുകളിൽ ലഭ്യമാകുന്ന കോസ്മിക് ഷോകളിലെ ഏറ്റവും പുതിയ വിവരങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നവീകരണത്തിലൂടെ സൗരയൂഥത്തിലെ ഏറ്റവുംപുതിയ വിവരങ്ങളുടെ ദൃശ്യങ്ങൾ സന്ദർശകർക്ക് കാണാൻ അവസരമൊരുക്കും. സിൻക്രൊണൈസിങ് സോഫ്റ്റ്വേർ ഉപയോഗിച്ചുള്ള പുതിയ ഹൈബ്രിഡ് പ്രൊജക്ടിങ് സിസ്റ്റത്തിന് സൗരയൂഥത്തിലെ ചിതറിക്കിടക്കുന്ന ഗ്രഹങ്ങളെയും ധൂമകേതുക്കളെയും വലുപ്പത്തിൽ പ്രദർശിപ്പിക്കാനാവും. അതിനാൽ കാഴ്ചക്കാർക്ക് അവയുടെ ഘടന കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നും ഉന്നതവിദ്യാഭ്യാസ വൃത്തങ്ങൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..