ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ പുതിയ സഖ്യസാധ്യതകൾ തേടുമ്പോൾ കൂടുതൽ ശ്രദ്ധേയമാകുന്നത് താരപ്പാർട്ടികളുടെ നീക്കങ്ങൾ. വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ.യും കമൽഹാസന്റെ മക്കൾ നീതിമയ്യവും ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ താത്പര്യപ്പെടുന്നതായാണ് സൂചന. സഖ്യംസംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് കമൽഹാസൻ പ്രതികരണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തിൽ മത്സരിച്ച ഡി.എം.ഡി.കെ. നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരനൊപ്പമായിരുന്നു. രണ്ട് തിരഞ്ഞെടുപ്പിലും ഒരു സീറ്റിൽപോലും വിജയിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യം ഒരു സഖ്യത്തിലും ചേരാൻമടിച്ച ഡി.എം.ഡി.കെ. അവസാനനിമിഷം ഡി.എം.കെ.യുമായി ഒന്നിക്കാൻ ശ്രമിച്ചുവെങ്കിലും സഖ്യത്തിൽ സീറ്റ് വിഭജനം കഴിഞ്ഞതിനാൽ സാധിച്ചില്ല. പിന്നീട് എൻ.ഡി.എ. സഖ്യത്തിൽ ചേരുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യം വൻവിജയമാണ് നേടിയത്. ഇത്തവണയും ഡി.എം.കെ. ശക്തമായ നിലയിലാണ്. ഈ സ്ഥിതിയിൽ കഴിഞ്ഞ തവണത്തെപോലെ ചർച്ചകൾ വൈകിപ്പിക്കാതിരിക്കാനാണ് ഡി.എം.ഡി.കെ. നേതൃത്വം ശ്രമിക്കുന്നത്. എ.ഐ.എ.ഡി.എം.കെ. പ്രഖ്യാപിത രാഷ്ട്രീയ ശത്രുവായതിനാൽ കമൽ ഇവരുമായി സഖ്യമുണ്ടാക്കാൻ സാധ്യതയില്ല.
ഡി.എം.കെ. സർക്കാരിനെ ഇതുവരെ മക്കൾ നീതിമയ്യം കാര്യമായി എതിർത്തിട്ടില്ല. ഉദയനിധി സ്റ്റാലിനുമായി കമൽ നല്ല ബന്ധത്തിലാണ്. കോൺഗ്രസുമായും രാഹുൽ ഗാന്ധിയുമായും അടുപ്പത്തിലായതും യു.പി.എ. സഖ്യത്തിലേക്കുള്ള വഴി എളുപ്പമാക്കും.
സഖ്യത്തിലേക്ക് പുതിയതായി രണ്ട് പാർട്ടികളെക്കൂടി ഉൾപ്പെടുത്തുമെന്നാണ് ഡി.എം.കെ. വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് വിജയകാന്തിന്റെയും കമലിന്റെയും പാർട്ടികളാകുമെന്നാണ് കരുതപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..