ചെന്നൈ : ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിനു മുന്നോടിയായി തമിഴ്നാട്ടിലുടനീളം സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. ഡി.ജി.പി. ശൈലേന്ദ്രബാബുവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ക്രമീകരണങ്ങൾ. ആറിനാണ് ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷികം. കോയമ്പത്തൂരിലെ കാർബോംബ് സ്ഫോടനം, മംഗലാപുരം സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ അതിജാഗ്രത വേണമെന്ന് ഡി.ജി.പി. പ്രത്യേക നിർദേശം നൽകി. തമിഴ്നാട്ടിലുടനീളം 1,20,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിക്കുന്നത്.
പ്രത്യേക ജാഗ്രതാനിർദേശത്തെത്തുടർന്ന് കോയമ്പത്തൂരിൽ 4000 പോലീസുകാരും തിരുവണ്ണാമലയിൽ ആയിരത്തിലധികം പോലിസുകാരും സുരക്ഷാചുമതലയിലുണ്ടാകും. കോയമ്പത്തൂർ ബസ്സ്റ്റാൻഡ്, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ കനപ്പെടുത്തി. പോലീസ് നായകളും ബോംബു സ്ക്വാഡും രംഗത്തുണ്ട്. രാത്രികാല വാഹനപരിശോധനയും ശക്തമാക്കി. തമിഴ്നാട് ഗവർണർ ആർ.എൻ. രവി ആറിന് തിരുവണ്ണാമലൈയിൽ കാർത്തിക മഹോത്സവച്ചടങ്ങിൽ പങ്കെടുക്കുന്നതുകൊണ്ടാണ് സുരക്ഷ ശക്തമാക്കിയത്.
മധുര, തിരുനെൽവേലി, നാഗർകോവിൽ തുടങ്ങി മറ്റ് ജില്ലകളിലെല്ലാം കൂടുതൽ സുരക്ഷ ഒരുക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ 15,000 പോലീസുകാരാണ് സുരക്ഷാജോലികളിലുണ്ടാവുക. ട്രിപ്ലിക്കേൻ, പെരിയമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കാൻ കമ്മിഷണർ ശങ്കർ ജിവാൾ നിർദേശം നൽകി. താംബരം ഉൾപ്പെടെ നഗരപ്രാന്തങ്ങളിൽ സുരക്ഷ ശക്തമാക്കാൻ പ്രത്യേക നിർദേശം നൽകി.
ഞായറാഴ്ച രാത്രിമുതൽ എല്ലാ മേഖലകളും കനത്ത സുരക്ഷാവലയത്തിലാവും. ലോഡ്ജുകളിലുംമറ്റും സംശയാസ്പദമായി താമസിക്കുന്നവരെ പിടികൂടും. ആരാധനാലയങ്ങൾ, ചെന്നൈ വിമാനത്താവളം, സെൻട്രൽ, എഗ്മൂർ റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ഷോപ്പിങ് മാളുകൾ തുടങ്ങിയ ഇടങ്ങൾ കനത്ത സുരക്ഷയിലാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..