ചെന്നൈ : കൊടൈക്കനാലിൽ സൗണ്ട് എൻജിനിയറായ യുവാവ് മർദനമേറ്റ് മരിച്ചസംഭവത്തിൽ ചെന്നൈയിലെ യോഗ അധ്യാപികയെയും നാലുകൂട്ടുകാരെയും അറസ്റ്റുചെയ്തു. യോഗ അധ്യാപികയായ കർലിൻ ശ്വേത(24) സുഹൃത്തുക്കളായ പരത്തംഗ ചോഴൻ, അകിൽ ഹമീദ്, ഗൗതം, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സൂര്യ ദുരൈ(30)യും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സൗണ്ട് എൻജിനിയറിങ് കോഴ്സ് പാസായശേഷം വിദേശ കമ്പനികൾക്കായി ഓൺലൈനിൽ ജോലിചെയ്യുകയായിരുന്ന സൂര്യയും ശ്വേതയും അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറുമാസംമുമ്പ് ഇവർ പിരിഞ്ഞു. കഴിഞ്ഞദിവസം കൊടൈക്കനാലിലെത്തിയ ശ്വേത കോട്ടേജ് നിർമിക്കുന്നതിനായി സ്ഥലമന്വേഷിച്ച് അവിടെയുണ്ടായിരുന്ന സൂര്യയെ കണ്ടു. സൗഹൃദം പുതുക്കിയെങ്കിലും വൈകാതെ ഇരുവരും വഴക്കിടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. സഹായത്തിനായി ശ്വേത സുഹൃത്തുക്കളെ വിളിച്ചുവരുത്തി.
സുഹൃത്തുക്കളായ പരത്തംഗ ചോഴൻ, അകിൽ ഹമീദ്, ഗൗതം, സുഭാഷ് ചന്ദ്രബോസ് എന്നിവർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ശ്വേതയെ സൂര്യ മർദിക്കുന്നതാണ്. അവർ സൂര്യയെ നേരിട്ടു. അടിയേറ്റ് അവശനായ സൂര്യയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചശേഷം സ്ഥലംവിടുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോഴേക്കും സൂര്യ മരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..