ചെന്നൈ : വിദേശത്ത് ജോലി വാഗ്ദാനംചെയ്തുള്ള ഓൺലൈൻതട്ടിപ്പിൽ മുൻ പ്രൊഫസർക്ക് 23.5 ലക്ഷം രൂപ നഷ്ടമായി. കേസിന്റെ അന്വേഷണം തമിഴ്നാട് സൈബർ പോലീസ് ഏറ്റെടുത്തു. തിരുച്ചിറപ്പള്ളിയിലെ തിരുമുരുകൻ നഗറിൽനിന്നുള്ള പ്രേം നവാസാണ് പരാതിക്കാരൻ.
കംപ്യൂട്ടർ സയൻസിൽ പി.എച്ച്.ഡിയുള്ള പ്രേം നവാസ് സൗദി അറേബ്യയിലെ കോളേജിൽ അധ്യാപകനായിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലേക്കുപോന്നു. പുതിയജോലിക്കായി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പിൽ കുടുങ്ങിയത്.
സിങ്കപ്പുർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുനടന്നതെന്ന് പ്രേം നവാസ് പറയുന്നു. മാസം ആറുലക്ഷം രൂപ ശമ്പളമാണ് വാഗ്ദാനംചെയ്തത്. ഫോണിലും സ്കൈപ്പിലും സംസാരിക്കുകയും ഇ മെയിലിൽ വിവരങ്ങൾ പങ്കുവെക്കുകയുംചെയ്ത ശേഷമാണ് ജോലിയുറപ്പിച്ചത്.
രജിസ്ട്രേഷനും മറ്റുചെലവുകൾക്കുമായി 23,53,228 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. മൂന്നു ഗഡുക്കളിലായി പണം നൽകി. അതിനുശേഷം വിവരമൊന്നും ലഭിച്ചില്ല. അതോടെയാണ് തട്ടിപ്പായിരുന്നുവെന്ന് മനസ്സിലായത്. തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റർചെയ്ത കേസ് സൈബർപോലീസിന് കൈമാറുകയായിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..