ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച തുറന്ന പാർക്കിങ് സമുച്ചയം
ചെന്നൈ : യാത്രക്കാർക്ക് ആശ്വാസമേകി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബഹുനില പാർക്കിങ് കേന്ദ്രം ഞായറാഴ്ച തുറന്നു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കും.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനമുള്ള ചെന്നൈ വിമാനത്താവളത്തിൽ മതിയായ പാർക്കിങ് സൗകര്യമില്ലെന്നത് വലിയ പരാതികൾക്ക് വഴിവെച്ചിരുന്നു. നിർമാണം തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും പല തവണ മാറ്റിവെച്ച ശേഷമാണ് ഞായറാഴ്ച ഇത് തുറന്നത്. മെട്രോ സ്റ്റേഷന് കിഴക്കു പടിഞ്ഞാറു ഭാഗങ്ങളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രത്തിൽ 2,200 വാഹനങ്ങൾ ഒരേ സമയം നിർത്തിയിടാനുള്ള സൗകര്യമുണ്ട്. 250 കോടി രൂപ ചെലവിൽ പണിത കേന്ദ്രത്തെ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലുമായും ആഭ്യന്തര ടെർമിനലുമായും സ്കൈവാക്കുകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്.
പാർക്കിങ്ങിനൊപ്പം ഷോപ്പിങ്ങിനും വിനോദങ്ങൾക്കും സൗകര്യമുള്ള രീതിയിലാണ് കേന്ദ്രം സജ്ജമാക്കുന്നത്. അഞ്ച് സിനിമാ സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സ്, ഫുഡ് കോർട്, കടകൾ എന്നിവ ഇവിടെ സജ്ജമാക്കുന്നുണ്ട്. ഭക്ഷണശാലകളായിരിക്കും ആദ്യം പ്രവർത്തനമാരംഭിക്കുക. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള അഞ്ച് സ്റ്റേഷനുകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് ആദ്യ അരമണിക്കൂറിന് ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും കാറിന് 75 രൂപയുമാണ് നിരക്ക്. കൂടുതൽ സമയം നിർത്തിയിടുന്നതിനനുസരിച്ച് നിരക്കിൽ മാറ്റം വരും. അകത്തു കയറുമ്പോൾ ലഭിക്കുന്ന ടോക്കണിൽ രേഖപ്പെടുത്തിയ സമയത്തിനനുസരിച്ചാണ് പണം ഈടാക്കുക. ടോക്കൺ നഷ്ടമായാൽ പിഴ നൽകേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..