ജയലളിത സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന പനീർശെൽവം
ചെന്നൈ : തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ആറാമത് ചരമവാർഷികദിനത്തിൽ പ്രത്യേകം അനുസ്മരണപരിപാടികളും റാലിയും നടത്തി എ.ഐ.എ.ഡി.എം.കെ.യിലെ നാലുവിഭാഗങ്ങൾ. എടപ്പാടി പളനിസ്വാമി, ഒ. പനീർശെൽവം, ശശികല, ദിനകരൻ എന്നിവർ അണികളുമായി മറീനയിലെ ജയലളിതസ്മാരകത്തിലെത്തി അനുവദിച്ച സമയത്ത് ആദരാഞ്ജലിയർപ്പിച്ചു. നാലുവിഭാഗക്കാരും നിലപാട് വ്യക്തമാക്കി പ്രതിജ്ഞയെടുത്തു. ഇവരെക്കൂടാതെ ജയയുടെ വീടായ വേദനിലയത്തിൽ സഹോദരപുത്രി ദീപ പുഷ്പാർച്ചന നടത്തി.
മറീനയിലെ സ്മാരകം സന്ദർശിക്കാനുള്ള ആദ്യ ഊഴം പളനിസ്വാമിപക്ഷത്തിനായിരുന്നു. കറുത്തഷർട്ട് ധരിച്ചായിരുന്നു പളനിസ്വാമിയും മുൻമന്ത്രിമാർ അടക്കം പ്രധാനനേതാക്കളും മറീനയിലെത്തിയത്. സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷം, തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ കുടുംബഭരണം അവസാനിപ്പിച്ച് ജനാധിപത്യം തിരിച്ചുകൊണ്ടുവരുമെന്നും പ്രതിജ്ഞയെടുത്തു.
കറുപ്പുടുത്തായിരുന്നു പനീർശെൽവവുമെത്തിയത്. ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപത്തുനിന്നാരംഭിച്ച റാലി സ്മാരകത്തിൽ സമാപിച്ചു. അഞ്ജലിയർപ്പിച്ചതിനുശേഷം പ്രതിജ്ഞയെടുത്തു. പാർട്ടിയിലെ ഏകാധിപത്യം അവസാനിപ്പിക്കുമെന്നും പാർട്ടി നേതൃത്വത്തെ അംഗങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന സംവിധാനം തുടരുമെന്നും പ്രതിജ്ഞചെയ്തു. ജനറൽ കൗൺസിൽ അംഗങ്ങളുടെ പിന്തുണയിലൂടെ പളനിസ്വാമി പാർട്ടിയിൽ അധികാരം ഉറപ്പിക്കുന്നതിനെതിരേയുള്ള നിലപാടിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി അംഗങ്ങൾ നേരിട്ട് നേതാവിനെ തീരുമാനിക്കണമെന്ന് പ്രതിജ്ഞയെടുത്തത്.
പനീർശെൽവം പ്രതിജ്ഞയെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ ദിനകരനും അനുയായികളുമെത്തി ആദരാഞ്ജലിയർപ്പിച്ചു. ജയലളിതയുടെ വഴിയിൽ മുന്നേറുമെന്ന് പ്രതിജ്ഞചെയ്തു. സി.ആർ. സരസ്വതി അടക്കം വനിതാനേതാക്കൾ മുൻനിരയിൽ അണിനിരന്ന റാലി നയിച്ചുകൊണ്ടായിരുന്നു ശശികല ജയലളിതയുടെ സ്മാരകത്തിലെത്തിയത്. പാർട്ടിയിൽ ഐക്യം ഉറപ്പിക്കുമെന്നായിരുന്നു ശശികലവിഭാഗത്തിന്റെ പ്രതിജ്ഞ.
എ.ഐ.എ.ഡി.എം.കെ. ഇപ്പോൾ ഒരു സംഘടനപോലുമല്ലെന്നും നല്ല നേതൃത്വമില്ലാത്തതാണ് കാരണമെന്നും ജയലളിതയ്ക്ക് അഞ്ജലിയർപ്പിച്ചതിനുശേഷം ദീപ പ്രതികരിച്ചു. ജയയുടെ മരണത്തിൽ തുടർ അന്വേഷണം വേണമെന്നും ദീപ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..