തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വികസിപ്പിച്ച സിന്ധുജ-1 തൂത്തുക്കുടി തീരത്ത് പരീക്ഷിച്ചപ്പോൾ
ചെന്നൈ : കടലിലെ തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. രണ്ടുവർഷത്തിനിടെ ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനാകുമെന്നാണ് കരുതുന്നത്.
ഐ.ഐ.ടി.യിലെ ഓഷ്യൻ എൻജിനിയറിങ് വിഭാഗം അധ്യാപകൻ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നതിന് സിന്ധുജ-1 എന്നുപേരിട്ട ‘ഓഷ്യൻ വേവ് എനർജി കൺവേർട്ടർ’ നിർമിച്ചത്.
തൂത്തുക്കുടി തീരത്തുനടന്ന പരീക്ഷണം വിജയമായിരുന്നെന്ന് ഐ.ഐ.ടി. അറിയിച്ചു. 7500 കിലോമീറ്റർ കടൽത്തീരമുള്ള ഇന്ത്യയിൽ ഇത്തരം സംവിധാനങ്ങൾക്ക് വലിയ സാധ്യതകളാണുള്ളതെന്ന് അബ്ദുസ്സമദ് പറഞ്ഞു.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പേടകവും അതിനു നടുവിലൂടെ കടന്നുപോകുന്ന ദണ്ഡും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജനറേറ്ററുമാണ് സിന്ധുജയിലെ പ്രധാനഭാഗങ്ങൾ. ദണ്ഡ് കടലിന്റെ അടിത്തട്ടിൽ ഉറപ്പിക്കും. തിരമാല കടന്നുപോകുന്നതിനനുസരിച്ച് പേടകം ഉയരുകയും താഴുകയും ചെയ്യും. ഈ ചലനത്തെ കറക്കമാക്കിമാറ്റിയാണ് ജനറേറ്ററിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
തൂത്തുക്കുടി തീരത്തുനിന്ന് ആറുകിലോമീറ്റർ അകലെ 20 മീറ്റർ ആഴമുള്ള ഭാഗത്താണ് പരീക്ഷണാടിസ്ഥാനത്തിൽ സിന്ധുജ പ്രവർത്തിപ്പിച്ചത്.
തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ നേരത്തേ നിലവിലുണ്ടെങ്കിലും ഇതുവഴി വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ കുറവാണ്. തുടക്കത്തിൽ ദ്വീപസമൂഹങ്ങൾക്കും കടൽത്തീരത്തെ പരീക്ഷണ, നിരീക്ഷണ സംവിധാനങ്ങൾക്കും വേണ്ട വൈദ്യുതി ഈരീതിയിൽ ഉത്പാദിപ്പിക്കാനാവും. സിന്ധുജയുടെ മാതൃകയിൽ കൂടുതൽശേഷിയുള്ള ഉപകരണങ്ങൾ നിർമിക്കുന്നതോടെ ഈ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുമെന്ന് ഗവേഷകർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..