ചെന്നൈ വിമാനത്താവളത്തിൽ പുതുതായി തുറന്ന പാർക്കിങ് കേന്ദ്രത്തിന്റെ കവാടത്തിൽ വാഹനങ്ങളുടെ തിരക്ക്
ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബഹുനില പാർക്കിങ് കേന്ദ്രം തുറന്നെങ്കിലും യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. പ്രവേശന കവാടത്തിൽ ഏറെ നേരം കാത്തുകിടന്നിട്ടാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും വാഹനങ്ങൾ നിർത്തിയിടാനും പുറത്തെടുക്കാനും കഴിഞ്ഞത്.
ഓരോ ടെർമിനലിലേക്കുമുള്ള വാഹനങ്ങൾ ഏതൊക്കെ വഴിലൂടെയാണ് അകത്തു കടക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതുകൊണ്ടാണ് പാർക്കിങ് കേന്ദ്രത്തിന്റെ കവാടത്തിൽ നീണ്ട വരികൾ രൂപപ്പെട്ടത്.
വണ്ടികൾക്കു വേണ്ട ടോക്കൺ ലഭിക്കാനും താമസം നേരിട്ടു. വണ്ടിയുടെ അടുത്തേക്ക് യാത്രക്കാർക്ക് ഏറെ ദൂരം നടക്കേണ്ടിയും വന്നു. കവാടത്തിലെ തിരക്ക് കശപിശയ്ക്ക് വഴിവെക്കുകയും ചെയ്തു.
നിർമാണം തുടങ്ങി മൂന്നുവർഷത്തിനുശേഷമാണ് 2.5 ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള പാർക്കിങ് കേന്ദ്രം ഞായറാഴ്ച തുറന്നത്. ഒരേസമയം 2,200 വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഇവിടെയുണ്ടെങ്കിലും അതു കൈകാര്യം ചെയ്യുന്നതിനുള്ള മുന്നൊരുക്കമൊന്നുമില്ലാതെയാണ് കേന്ദ്രം തുറന്നുകൊടുത്തത്. തുടക്കത്തിലുള്ള പ്രശ്നമാണിതെന്നും ഏതാനും ദിവസങ്ങൾകൊണ്ട് പ്രവർത്തനം സുഗമമാവുമെന്നുമാണ് അധികൃതർ പറയുന്നത്.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാംസ്ഥാനമുള്ള ചെന്നൈ വിമാനത്താവളത്തിൽ 250 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രം പണിതത്.
അഞ്ച് സിനിമാ സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സ്, ഫുഡ് കോർട്ട്, കടകൾ എന്നിവ ഇവിടെ സജ്ജമാക്കുന്നുണ്ട്. വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള അഞ്ചുസ്റ്റേഷനുകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
ഇതിനെ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലുമായും ആഭ്യന്തര ടെർമിനലുമായും സ്കൈവാക്കുകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..