വടിവേൽ ഗോപാലും മാസി സടയനും
ചെന്നൈ : തമിഴ്‌നാട്ടിലെ ഇരുള സമുദായക്കാരായ പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പദ്മശ്രീയുടെ തിളക്കം. ചെന്നൈയ്ക്കടുത്ത ചെങ്കൽപ്പെട്ട് ജില്ലയിൽ സെന്ദൂരി ഗ്രാമത്തിലെ വടിവേൽ ഗോപാൽ (47), മാസി സടയൻ (45) എന്നിവർക്കാണ് ബഹുമതി ലഭിച്ചത്.
പദ്മശ്രീ ലഭിച്ചതിൽ ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കുലത്തൊഴിലിനുലഭിച്ച അംഗീകാരമായാണ് അവർ ഇതിനെ കരുതുന്നത്. പാമ്പുപിടിത്തം ഒരു കലയാണെന്നുപറയുന്ന വടിവേലും മാസിയും തങ്ങളുടെ സമുദായത്തിലെ വരുംതലമുറകളിൽനിന്ന് അന്യമാവാതെ സൂക്ഷിക്കാൻ തങ്ങളാലാവുന്നതുചെയ്യുമെന്നും വ്യക്തമാക്കി.
വടിവേൽ ഗോപാലും മാസി സടയനും കുട്ടിക്കാലംമുതൽ തുടങ്ങിയതാണ് പാമ്പുപിടിത്തം. പുത്തൻ സൗകര്യങ്ങൾ വരുമ്പോഴും പാമ്പുപിടിത്തത്തിന് ഏറ്റവും അനുയോജ്യം പരമ്പരാഗത രീതികളാണെന്ന് ഇരുവരും പറയുന്നു.
ഇവരുടെ പാമ്പുപിടിത്തവും വിഷമെടുപ്പും നാട്ടിൽമാത്രം ഒതുങ്ങുന്നില്ല. അമേരിക്ക, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഉഗ്രവിഷമുള്ള പാമ്പുകളെ ഇവർ പിടികൂടിയിട്ടുണ്ട്. പാമ്പുപിടിത്തം അഭ്യസിപ്പിക്കുന്ന അന്താരാഷ്ട്രപരിശീലകരുടെ സംഘത്തിലെ അംഗങ്ങൾകൂടിയാണ് വടിവേൽ ഗോപാലും മാസി സടയനും.
ഫ്ളോറിഡയിൽ മലമ്പാമ്പുകളെ പിടിക്കുന്ന പ്രമുഖ ഹെർപെറ്റോളജിസ്റ്റായ റോമുലസ് വിറ്റേക്കർ നേതൃത്വം നൽകുന്ന സംഘത്തിൽ ഇവരുണ്ട്.
യു.എസിൽമാത്രം അൻപതോളം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്ന് വടിവേലും മാസിയും അവകാശപ്പെട്ടു. കാഞ്ചീപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇരുള സമുദായക്കാരായ പാമ്പുപിടിത്തക്കാരുടെ സഹകരണസംഘത്തിലെ അംഗങ്ങളാണ് ഇരുവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..