മഹിളാമോർച്ച നേതാവിനെ ജഡ്ജിയാക്കരുത്: രാഷ്ട്രപതിക്ക് അഭിഭാഷകരുടെ കത്ത്


ചെന്നൈ : ബി.ജെ.പി. മഹിളാമോർച്ച നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഒരുസംഘം അഭിഭാഷകർ രാഷ്ട്രപതി ദ്രൗപദി മുർമുവിനും സുപ്രീംകോടതി കൊളീജിയത്തിനും കത്തയച്ചു.

ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരേ വിദ്വേഷപരാമർശങ്ങൾ നടത്തിയയാളെ ജഡ്ജിയാക്കുന്നത് നീതിന്യായവ്യവസ്ഥയുടെ നിഷ്‌പക്ഷതയ്ക്ക് വിഘാതമാവുമെന്ന് കത്തിൽ പറയുന്നു.

മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചിൽ അഭിഭാഷകയായ വിക്ടോറിയ ഗൗരി ഉൾപ്പെടെ അഞ്ചുപേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ജനുവരി 17-നാണ് സുപ്രീംകോടതി കൊളീജിയം ശുപാർശചെയ്തത്.

മഹിളാമോർച്ച ദേശീയ ജനറൽസെക്രട്ടറിയാണെന്ന് സ്വയംവിശേഷിപ്പിച്ചയാളാണ് വിക്ടോറിയ ഗൗരി. മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരേ വിദ്വേഷപ്രസംഗം നടത്തിയതിന് വിമർശനം നേരിട്ടയാളാണ് ഇവർ. ഇവരുടെ നിലപാടുകൾ ഭരണഘടനാമൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാർമികമാണെന്നും അഭിഭാഷകരുടെ കത്തിൽ പറയുന്നു.

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ എൻ.ജി.ആർ. പ്രസാദ്, ആർ. വൈഗൈ, എസ്.എസ്. വാസുദേവൻ, അന്നാ മാത്യു, ഡി. നാഗശൈല തുടങ്ങിയവരാണ് വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരേ രംഗത്തുവന്നിട്ടുള്ളത്.

മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരേ യൂട്യൂബിലൂടെയും ആർ.എസ്.എസിന്റെ പ്രസിദ്ധീകരണത്തിലൂടെയും വിക്ടോറിയ ഗൗരി നടത്തിയ പരാമർശങ്ങളും കത്തിനൊപ്പമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..