ലോക്കോപൈലറ്റുമാരുടെ ധർണയിൽ പങ്കെടുത്തവർ
ചെന്നൈ : റെയിൽവേ സ്വകാര്യവത്കരണത്തിനെതിരേയും ലോക്കോ റണ്ണിങ് ജീവനക്കാരുടെ വിവിധ പ്രശ്നങ്ങളുന്നയിച്ചും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എ.ഐ.എൽ.ആർ.എസ്.എ.) ധർണ നടത്തി. ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 22-ന് എ.ഐ.എൽ.ആർ.എസ്.എ.യുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ദക്ഷിണറെയിൽവേ ആസ്ഥാന ഓഫീസിനുമുന്നിൽ നടത്തിയ ധർണയിൽ തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, സേലം, തിരുച്ചിറപ്പള്ളി, മധുര റെയിൽവേ ഡിവിഷനുകളിലെ ലോക്കോപൈലറ്റുമാർ പങ്കെടുത്തു.
ധർണ എ.ഐ.എൽ.ആർ.എസ്.എ. അഖിലേന്ത്യാ സെക്രട്ടറി ജനറൽ കെ.സി. ജയിംസ് ഉദ്ഘാടനംചെയ്തു. യൂണിയന്റെ സോണൽ പ്രസിഡന്റ് ആർ. കുമരേശൻ അധ്യക്ഷതവഹിച്ചു. ദക്ഷിണറെയിൽവേ സോൺ ഡി.ആർ.ഇ.യു. ജനറൽസെക്രട്ടറി വി. ഹരിലാൽ, സി.പി. കൃഷ്ണൻ (ബി.ഇ.എഫ്.ഐ.) ഗോവിന്ദരാജ് (ആർ.എൽ.എൽ.എഫ്.), ലോക്കോപൈലറ്റ് അസോസിയേഷൻ നേതാക്കളായ എൽ. മണി, യൂണിയൻ ജനറൽ സെക്രട്ടറി യു. ബാബുരാജ്, വി. ബാലചന്ദ്രൻ, കെ. രവിചന്ദ്രൻ, ആർ. നാഗരാജൻ, കെ.പി. വർഗീസ് (എറണാകുളം), ദക്ഷിണറെയിൽവേ സോൺ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സി.ടി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ദക്ഷിണറെയിൽവേയിൽ മാത്രം 400 ലോക്കോപൈലറ്റുമാരുടെ ഒഴിവുകളുണ്ടെന്നും മൊത്തം 23,000 ജീവനക്കാരുടെ ഒഴിവുകൾ നികത്തപ്പെടാതെയുണ്ടെന്നും നേതാക്കൾ പറഞ്ഞു. റെയിൽവേ സ്വകാര്യവത്കരിച്ച് 1.5 ലക്ഷം കോടി കണ്ടെത്താനുള്ള നടപടി പിൻവലിക്കുക, ഇന്ത്യൻ റെയിൽവേയിലെ 3.5 ലക്ഷം ഒഴിവുകൾ നികത്തുക, കോൺട്രിബ്യൂഷൻ പെൻഷൻ പദ്ധതി റദ്ദാക്കി പഴയ പെൻഷൻപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. ലോക്കോപൈലറ്റുമാരുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ദക്ഷിണറെയിൽവേ ജനറൽ മാനേജർക്ക് നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..