മഴവെള്ളച്ചാലുകളുടെ നിർമാണം അനിശ്ചിതമായി നീളുന്നു


1 min read
Read later
Print
Share

ചെന്നൈയിലെ മഴവെള്ളച്ചാലുകളുടെ നിർമാണപുരോഗതി ചീഫ് സെക്രട്ടറി ഇറൈ അൻപും ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഗഗൻ ദീപ് സിങ്ങും പരിശോധിക്കുന്നു. മറ്റ് ഉദ്യോഗസ്ഥർ സമീപം

ചെന്നൈ : മഴവെള്ളം ഒഴുകിപ്പോകാനായുള്ള ഓടകളുടെ നിർമാണം നഗരത്തിൽ അനിശ്ചിതമായി നീളുന്നു. നിർമാണം എപ്പോൾ പൂർത്തായാകുമെന്ന് അധികൃതർക്കും കൃത്യമായി പറയാൻകഴിയുന്നില്ല.

പുതിയ സർക്കാർ അധികാരമേറ്റയുടനെ 2021 മേയിൽ ചെന്നൈയെ വെള്ളക്കെട്ടിൽനിന്ന് മോചിപ്പിക്കാനായി മഴവെള്ളച്ചാലുകൾ നിർമിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിനകംതന്നെ നഗരത്തിൽ റോഡരികുകളിലായി 1500 കിലോമീറ്ററിൽ മഴവെള്ളം നദികളിലേക്ക് ഒഴുകിപോകാനായി ഓടകളുടെ നിർമാണം ആരംഭിച്ചു.

ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി. തുടക്കത്തിൽ അതിവേഗത്തിൽ പണി മുന്നോട്ടുപോയിരുന്നു. 2021-ന് ശേഷം മഴവെള്ളച്ചാലുകളുടെ നിർമാണത്തിൽ പ്രതീക്ഷിച്ച വേഗമുണ്ടായില്ല.

നിർമാണം പാതിവഴിയിൽ നിലച്ച മഴവെള്ളച്ചാലുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ ചാലുകളിൽ മലിനജലം കെട്ടിനിന്നിരുന്നു. നിർമാണം മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുമോയെന്ന് അധികൃതർക്ക് ഉറപ്പില്ല. 750 കിലോമീറ്ററോളം ദൂരത്തിൽ മഴവെള്ളച്ചാലുകളുടെ നിർമാണം പൂർത്തിയായി എന്നുമാത്രമാണ് അധികൃതർ വ്യക്തമാക്കുന്നത്. നിർമാണത്തിലിരിക്കുന്ന മഴവെള്ളച്ചാലുകളിൽ മലിനജലം കെട്ടിനിൽക്കുവെന്ന ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഇറൈ അൻപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞദിവസം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.

ഇന്ദിരാ നഗറിൽ അഡയാർ ഭാഗത്തേക്ക് 30 ലക്ഷം രൂപ ചെലവും രാംനഗറിലെ വിവിധഭാഗങ്ങളിൽ 32 ലക്ഷം രൂപയിലും നങ്കനല്ലൂർ 48-ാം തെരുവിൽ 7.87 കോടി ചെലവിലും മഴവെള്ളം ഒഴുകിപ്പോകാനുള്ള മഴവെള്ളച്ചാലുകളുടെ നിർമാണപുരോഗതി ചീഫ് സെക്രട്ടറി സന്ദർശിച്ചു. അണ്ണാശാലയിൽ 28 കോടി ചെലവിലും പല്ലവൻ ശാലയിൽ 16 കോടി ചെലവിലും മഴവെള്ളച്ചാലുകൾ നിർമിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാനായി കുഴിച്ച ചാലുകളിൽ മലിനജലം കെട്ടിക്കിടക്കുകയാണെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും മലിനജലം കെട്ടിനിൽക്കുന്നതായി ചീഫ് സെക്രട്ടറിയും കോർപ്പറേഷൻ കമ്മിഷണർ ഗഗൻ ദീപ് സിങ്ങും ഉദ്യോഗസ്ഥരും നേരിട്ടുകണ്ടു. മലിനജലം കെട്ടിനിൽക്കുന്നതിനാൽ കൊതുകുശല്യം അതിരൂക്ഷമാണെന്നാണ് ജനങ്ങളുടെ പരാതി. മലിനജലം നീക്കം ചെയ്യാനായി ഉടൻനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പരിസരവാസികൾക്ക് ഉറപ്പുനൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..