രാജേന്ദ്രന്റെ മൃതദേഹത്തിനു മുന്നിൽവെച്ച് പ്രവീണും സ്വർണമാല്യയും വിവാഹിതരായപ്പോൾ
ചെന്നൈ : അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ സംസ്കാരച്ചടങ്ങിനിടെ മൃതദേഹം സാക്ഷിയായി മകൻ വിവാഹിതനായി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം.
പെരുവാങ്ങൂർ സ്വദേശി വി. രാജേന്ദ്രന്റെ (65) മൃതദേഹത്തിനു മുന്നിൽ ദുഃഖവും സന്തോഷവും ഇഴചേർന്ന അന്തരീക്ഷത്തിൽ മകൻ ആർ. പ്രവീണും ചെന്നൈ മേടവാക്കം സ്വദേശി സ്വർണമാല്യയും താലിചാർത്തി.
ഇരുവരുടെയും വിവാഹം ഈ മാസം 27-ന് നടത്താൻ വീട്ടുകാർ നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് കിടപ്പുരോഗിയായിരുന്ന രാജേന്ദ്രൻ ഞായറാഴ്ച രാത്രി മരിക്കുന്നത്.
രാജേന്ദ്രന്റെ പ്രധാന ആഗ്രഹങ്ങളിലൊന്നായിരുന്നു മകന്റെ വിവാഹം. അതു നിറവേറ്റാൻ പ്രവീണിനു മുന്നിൽ മറ്റു വഴികളൊന്നുമില്ലായിരുന്നു.
രാജേന്ദ്രന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്വർണമാല്യയോടും കുടുംബത്തോടും പ്രവീൺ തന്റെ ആഗ്രഹം അറിയിച്ചു.
അവർ സമ്മതംമൂളിയതോടെ ഉടൻതന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി. പിതാവിന്റെ മൃതദേഹത്തിനു മുന്നിലെത്തിയ പ്രവീണും സ്വർണമാല്യയും പാദങ്ങളിൽ നമസ്കരിച്ചു.
രാജേന്ദ്രന്റെ ആഗ്രഹപ്രകാരം ബുദ്ധമതാചാരച്ചടങ്ങുകളോടെ വിവാഹം നടത്തി.
തൊട്ടുപിന്നാലെ മൃതദേഹം ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..