ചെന്നൈ : നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരി ഈശ്വരിയുടെ വീട്ടിൽനിന്ന് മൂന്നുകോടി രൂപയുടെ ആഭരണങ്ങളും രേഖകളും പോലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടെന്ന് ഐശ്വര്യ പരാതിപ്പെട്ടതിലും എത്രയോ അധികമാണ് കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം.
ഈശ്വരിയുടെ മന്ദവേലിയിലെ വീട്ടിൽനിന്ന് 100 പവൻ സ്വർണവും നാലു കിലോഗ്രാം വെള്ളിയും 30 ഗ്രാം വജ്രവും 95 ലക്ഷം രൂപ വിലവരുന്ന വസ്തുവിന്റെ രേഖയുമാണ് പോലീസ് കണ്ടെടുത്തത്. എന്നാൽ, ഐശ്വര്യ നൽകിയ പരാതിയിലെ വിവരമനുസരിച്ച് 60 ലക്ഷത്തോളം രൂപയുടെ നഷ്ടമേ കണക്കാക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ വീടുകളിലെ ലോക്കറിൽനിന്ന് എത്ര സാധനങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് കൃത്യമായി കണക്കെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.
വിവാഹശേഷം ധനുഷിനൊപ്പം താമസിക്കുമ്പോൾ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ഐശ്വര്യ ലോക്കറിന്റെ താക്കോൽ വെച്ചിരുന്നത്. ധനുഷുമായി വേർപിരിഞ്ഞതിനുശേഷം രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വീട്ടിൽ താക്കോൽ സൂക്ഷിച്ചു. കനത്തസുരക്ഷയുള്ള ഈ സ്ഥലങ്ങളിലെല്ലാം എത്തിയാണ് ഈശ്വരി മോഷണം നടത്തിയത്.
ആഭരണങ്ങളും രേഖകളും സൂക്ഷിക്കാൻ ഐശ്വര്യ ഏൽപ്പിച്ചതാണെന്നും ആവശ്യപ്പെടുമ്പോൾ തിരികെ നൽകിയാൽ മതിയെന്നുമാണ് ഭർത്താവ് അങ്കമുത്തുവിനെ ഈശ്വരി വിശ്വസിപ്പിച്ചിരുന്നത്. ഐശ്വര്യയുടെ ബിനാമിയാണ് താനെന്നും അവർ പറഞ്ഞിരുന്നു. ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ നടന്ന വൻതുകയുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്.
സഹോദരി സൗന്ദര്യയുടെ വിവാഹത്തിന് 2019-ലാണ് ഐശ്വര്യ അവസാനമായി ഈ ആഭരണങ്ങൾ അണിഞ്ഞിരുന്നത്. തുടർന്ന് ലോക്കറിൽ വെച്ചിരിക്കുകയായിരുന്നു. 2019 മുതൽ ആഭരണങ്ങൾ കുറേശ്ശെയായി മോഷ്ടിച്ചെന്നും 60 പവൻ ആഭരണം പണമാക്കിമാറ്റിയെന്നും ഈശ്വരി പോലീസിനു മൊഴിനൽകിയിട്ടുണ്ട്. വിവാഹച്ചടങ്ങിലെ ഫോട്ടോകളും ലോക്കറുകളും പരിശോധിച്ച് നഷ്ടപ്പെട്ട ആഭരണങ്ങളുടെ കണക്കെടുക്കാനാണ് പോലീസിന്റെ നീക്കം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..