ഓൺലൈൻ ചൂതാട്ടം: പുതുച്ചേരിയും നിരോധനത്തിനൊരുങ്ങുന്നു


1 min read
Read later
Print
Share

ചെന്നൈ : ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിന് തമിഴ്‌നാടിന്റെ മാതൃകയിൽ നിയമനിർമാണം നടത്താൻ പുതുച്ചേരിയും തയ്യാറെടുക്കുന്നു. ബില്ലിന്റെ കരട് തയ്യാറാക്കിക്കഴിഞ്ഞതായി സംസ്ഥാന വിവരസാങ്കേതിക വകുപ്പുമന്ത്രി കെ. ലക്ഷ്മി നാരായണൻ പുതുച്ചേരി നിയമസഭയെ അറിയിച്ചു.

ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിന് തമിഴ്‌നാട് നിയമസഭ അഞ്ചുമാസംമുമ്പ് പാസാക്കിയ ബിൽ ഗവർണർ ആർ.എൻ. രവി തിരിച്ചയയ്ക്കുകയായിരുന്നു. വ്യാഴാഴ്ച നിയമസഭ ബിൽ വീണ്ടും പാസാക്കുകയും വെള്ളിയാഴ്ച അത് ഗവർണർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ പുതുച്ചേരി നിയമസഭയിൽ പ്രതിപക്ഷനേതാവ് ആർ. ശിവയാണ് ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ വിഷയം അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെ മാതൃക പിന്തുടരണമെന്ന് ശിവ നിർദേശിച്ചു. നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാവണം ബിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനുള്ള ബില്ലിന്റെ കരടിന് നിയമവകുപ്പ് രൂപം നൽകിയതായി മന്ത്രി അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കും. പുതുച്ചേരി കേന്ദ്രഭരണപ്രദേശമായതുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ബിൽ കൊണ്ടുവരാൻകഴിയില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിലഭിച്ചാലുടൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ഈ സമ്മേളനത്തിൽ അതിനുകഴിഞ്ഞില്ലെങ്കിൽ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓൺലൈൻ ചൂതാട്ടങ്ങളിലൂടെ പണം നഷ്ടമായതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് പഠിക്കുന്നതിന് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ചന്ദ്രുവിന്റെ അധ്യക്ഷതയിൽ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് ആദ്യം ഓർഡിനൻസും പിന്നീട് ബില്ലും കൊണ്ടുവന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..