ദുരന്തനിവാരണത്തിനുള്ള കർമപദ്ധതി സംസ്ഥാന ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രനു നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രകാശനം ചെയ്യുന്നു
ചെന്നൈ : പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള പുതുക്കിയകർമപദ്ധതി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും സമൂഹത്തിലെ വിവിധതലങ്ങളുടെ പങ്കാളിത്തത്തോടെയും പരമാവധി നാശനഷ്ടങ്ങളും ആളപായവും കുറയ്ക്കുക എന്നതാണ് പദ്ധതിയുടെലക്ഷ്യം.
വെള്ളിയാഴ്ചനടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ദുരന്തനിവാരണപദ്ധതി അനാവരണം ചെയ്തത്. ദുരന്തമുണ്ടാവുമ്പോൾ നടപടിയെടുക്കുകയെന്ന സാമ്പ്രദായികരീതിക്കു പകരം ദുരന്തം മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ പരിഹാരമാർഗങ്ങൾ അവലംബിക്കുക എന്നതാണ് പുതിയ നയത്തിന്റെ സവിശേഷത. ആളപായവും നാശനഷ്ടങ്ങളും കുറയ്ക്കുന്നതിനുപുറമേ പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയെ ബാധിക്കുന്നത് തടയുകയെന്നതും നയത്തിന്റെഭാഗമാണ്.
ദുരന്തങ്ങൾ നേരിടുന്നതിനുള്ള ആഗോള നയസമീപനങ്ങളുടെ ചുവടുപിടിച്ചും പ്രാദേശികസവിശേഷതകൾ മനസ്സിലാക്കിയുമാണ് കർമപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കേന്ദ്രീകൃത സംവിധാനത്തെ ആശ്രയിക്കുന്നതിനുപകരം പലതലങ്ങളിലുള്ളവരുടെ പങ്കാളിത്തത്തോടെയാണിത് നടപ്പാക്കുക. കഴിഞ്ഞനൂറ്റാണ്ടിനിടെ 50 ചുഴലിക്കാറ്റുകളാണ് തമിഴ്‌നാട്ടിൽ നാശംവിതച്ചത്.
പ്രളയവും വരൾച്ചയും ഉരുൾപ്പൊട്ടലും മുതൽ സുനാമി വരെ സംസ്ഥാനത്തിന് നേരിടേണ്ടിവന്നു. ചിക്കുൻഗുനിയമുതൽ കോവിഡ് വരെയുള്ള പകർച്ചവ്യാധികളുടെ കെടുതികൾവേറെയും. ഇത്തരംസാധ്യതകൾ മുൻകൂട്ടിക്കണ്ട് ആഘാതം പരമാവധി കുറയ്ക്കുകയെന്നതിനാണ് കർമപദ്ധതിയിൽ ഊന്നൽ നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..