ആമക്കാട്ട് കൊല്ലായി ഗ്രാമത്തിൽ റോഡ് സൗകര്യമില്ലാത്തതിനാൽ യാത്ര അവസാനിപ്പിച്ച ആംബുലൻസിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം അമ്മയ്ക്ക് കൈമാറുന്നു
ചെന്നൈ : പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താൻ അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ. റോഡ് സൗകര്യമില്ലാത്തതിനാൽ, ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടതോടെയാണിത്.
വെല്ലൂർ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് ദാരുണസംഭവം. കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയയുടെയും ഒന്നരവയസ്സുള്ള മകൾ ധനുഷ്കയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങുമ്പോഴാണ് ധനുഷ്കയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് വിജിയും പ്രിയയും കുട്ടിയുമായി ഉടൻ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാൽ, റോഡില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകി. അപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കത്തമ്പപ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. എന്നാൽ, റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടു.
തുടർന്ന്, കുഞ്ഞിന്റെ മൃതദേഹം ചേർത്തുപിടിച്ച് പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കിൽ യാത്ര ചെയ്തു. മുന്നോട്ട് വഴിയില്ലാതായതോടെ ബൈക്കുകാരനും പാതിവഴിയിൽ ഇറക്കിവിട്ടു. പിന്നീട് പത്തുകിലോമീറ്റർ നടന്ന് വീട്ടിലെത്തുകയായിരുന്നു. ഗ്രാമത്തിലേക്ക് റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവികമരണത്തിന് കൊല്ലായി ഡാം പോലീസ് കേസെടുത്തു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..