കോയമ്പത്തൂർ : വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ‘ഉഡാൻ’ പദ്ധതിയിൽ വ്യോമസേനയുടെ കീഴിലുള്ള സൂലൂർ എയർപോർട്ടിനെ ഉൾപ്പെടുത്തിയതിൽ കോയമ്പത്തൂരിന് പ്രതീക്ഷ. കഴിഞ്ഞ നാലു വർഷമായി പദ്ധതിയിൽ സൂലൂരിനെ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് വിമാനസർവീസ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണയും പദ്ധതിയിൽ സൂലൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കാനും ചെറുനഗരങ്ങളിലേക്ക് വരെ വിമാനസർവീസ് ലഭ്യമാക്കാനും 2016-ലാണ് കേന്ദ്രസർക്കാർ ‘ഉഡാൻ’ പദ്ധതി ആരംഭിച്ചത്. യാത്രാസർവീസ് നടത്താത്ത എയർപോർട്ടുകൾക്ക് പദ്ധതിയിൽ മുൻഗണന നൽകാറുണ്ട്. പദ്ധതിക്ക് കീഴിൽ വരുന്ന എയർപോർട്ടുകളിൽനിന്ന് നിലവിൽ സർവീസില്ലാത്ത ചെറുനഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിന് വിമാനക്കമ്പനികൾക്ക് കൂടുതൽ ആനുകൂല്യങ്ങളും നൽകാറുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് 1940-ലാണ് സൂലൂർ എയർഫോഴ്‌സ് ബേസ് സ്ഥാപിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ബേസ് സ്റ്റേഷനാണിത്. ഈ എയർപോർട്ട് നിലവിൽ വ്യോമസേനയാണ് ഉപയോഗിക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വരുമ്പോൾ അവരുടെ സ്വകാര്യവിമാനങ്ങൾ ഇവിടെയാണ് ഇറങ്ങുന്നത്. 8255 അടി നീളമുള്ള സൂലൂർ എയർപോർട്ടിൽ ചെറിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് ‘ഉഡാൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
സർവീസ് ആരംഭിക്കാൻ വിമാനക്കമ്പനികൾ രംഗത്ത് വരണം. കമ്പനികൾ രംഗത്ത് വന്നാൽ പ്രതിരോധമന്ത്രാലയം പരിശോധിച്ച് അനുമതി നൽകണം. എങ്കിൽ മാത്രമേ വിമാനസർവീസുകൾ തുടങ്ങാൻ കഴിയൂ. പദ്ധതി യാഥാർഥ്യമായാൽ കോയമ്പത്തൂരിലെ രണ്ടാമത്തെ വിമാനത്താവളമായി സൂലൂർ മാറും. കൊങ്കുനാട് മേഖലയിലും അതിർത്തി ജില്ലകളിലുമുള്ളവർക്കും ഇത് പ്രയോജനപ്പെടും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..