കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ലേഖനങ്ങളുടെ സമാഹാരം 'അപ്പാ എൻട്രു അഴക്കട്ടുമാ തലൈവരേ' പ്രകാശനം ചെയ്യുന്നു
ചെന്നൈ : രാജ്യത്ത് ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷ കക്ഷികൾ ഭിന്നതമറന്ന് ഒന്നിക്കണമെന്ന് ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ. രാജ്യം വലിയൊരു പ്രതിസന്ധിനേരിടുമ്പോൾ ചെറിയ ഭിന്നതകൾ മറക്കാൻ പാർട്ടികൾ തയ്യാറാകണം. സംസ്ഥാനത്ത് മതനിരപേക്ഷ പാർട്ടികൾ ഒന്നിച്ചുനിന്ന് വിജയം നേടിയതുപോലെ എല്ലാ സംസ്ഥാനങ്ങളിലും സഖ്യം വേണമെന്നും സ്റ്റാലിൻ പറഞ്ഞു. കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷം നോർത്ത് ചെന്നൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിൻ.
രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണാൻ സാധിക്കില്ല. ആര് ഭരിക്കാൻ പാടില്ലെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. അതിനാൽ അഭിപ്രായഭിന്നതകൾ മറന്ന് പ്രതിപക്ഷ കക്ഷികൾ കൈകോർക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മാതൃകാഭരണത്തിന് അടിസ്ഥാനമിട്ടത് കരുണാനിധിയാണ്. എല്ലാവർക്കും എല്ലാം എന്നതാണ് ദ്രാവിഡ മാതൃക ഭരണത്തിന്റെ അടിസ്ഥാനം. എന്നാൽ എല്ലാവർക്കും എല്ലാം ലഭിക്കരുതെന്ന് കരുതുന്നവർ ഇതിനെ എതിർക്കുകയാണ്. ദ്രാവിഡമെന്ന് കേൾക്കുമ്പോഴേക്കും ഇവർക്ക് ഭ്രാന്ത് പിടിക്കും.
സഖ്യകക്ഷി നേതാക്കളുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച നേതാവാണ് കരുണാനിധി. ഡി.എം.കെ. ആരംഭിച്ച നോർത്ത് ചെന്നൈയിൽ തന്നെയാണ് കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷം തുടങ്ങുന്നതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനാണ് ഒരു വർഷം നീളുന്ന ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്റ്റാലിന്റെ ലേഖനങ്ങളുടെ സമാഹാരം 'അപ്പാ എൻ്ട്രു അഴക്കട്ടുമാ തലൈവരേ' പ്രകാശനം ചെയ്തു.
ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്.അഴഗിരി, എം.ഡി.എം.കെ. ജനറൽ സെക്രട്ടറി വൈകോ, വി.സി.കെ. നേതാവ് തിരുമാവളവൻ, സി.പി.എം. സംസ്ഥാന സെക്ട്രറി കെ.ബാലകൃഷ്ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ,ഡി.എം.കെ. ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകൻ, ഡപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, ഖജാൻജി ടി.ആർ.ബാലു, മന്ത്രിമാരായ കെ.എൻ.നെഹ്‌റു, ഐ.പെരിയസാമി, കെ.പൊൻമുടി, മുതിർന്ന പാർട്ടി നേതാക്കളായ എ.രാജ, ആർ.എസ്.ഭാരതി തുടങ്ങിയവർ പ്രസംഗിച്ചു.
ബി.ജെ.പി.ക്കായി ഗവർണർ അപകീർത്തി പടർത്തുന്നു
ചെന്നൈ : ഗവർണർ ആർ.എൻ.രവി ബി.ജെ.പിക്കുവേണ്ടി സംസ്ഥാന സർക്കാരിന് എതിരെ അപകീർത്തി പടർത്തുകയാണെന്ന് കരുണാനിധിയുടെ ജന്മശതാബ്ദി ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സ്റ്റാലിൻ ആരോപിച്ചു.
വ്യാജ ആരോപണങ്ങളും വ്യക്തിഹത്യയും നടത്താൻ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആർക്കുമാകില്ല.
അവർക്ക് വേണ്ടി ഇത്തരം പ്രചാരണം നടത്താൻ ധാരാളം പേരുണ്ട്. തമിഴ്‌നാട്ടിൽ അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഗവർണറെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പമുണ്ട്. അതിനാൽ ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..