'എനിക്കും മകള്‍ക്കും മറ്റുമാര്‍ഗമില്ലായിരുന്നു..'; 36 വര്‍ഷമായി പേച്ചിയമ്മാള്‍ ആണായി ജീവിക്കുന്നു


1 min read
Read later
Print
Share

പേച്ചിയമ്മാൾ, പേച്ചിയമ്മാളിൻറെ പഴയ ചിത്രം

ചെന്നൈ: തൂത്തുക്കൂടി കാട്ടുനായ്ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ പുരുഷന്മാരുടെ വേഷവിധാനത്തിലേക്ക് മാറാൻതീരുമാനിച്ചത് സുരക്ഷയെ കരുതിയായിരുന്നു. 20-ാം വയസ്സിൽ വിധവയായ തനിക്കും ഏകമകൾക്കും സുരക്ഷിതമായ ജീവിതമുണ്ടാകാൻ പുരുഷന്മാരുടെ രീതിയിൽ മുടിവെട്ടിയൊതുക്കിയും കൈലിയും ഷർട്ടും ധരിച്ചും പേച്ചിയമ്മാൾ മുത്തുവായി മാറി. തിരിച്ചറിയൽ രേഖകളിൽപോലും പുരുഷൻ എന്ന് രേഖപ്പെടുത്തി. ഈ കൂടുമാറ്റം ഇപ്പോൾ 36 വർഷം പിന്നിട്ടിരിക്കുകയാണ്.

വിവാഹംകഴിഞ്ഞ് 15 ദിവസത്തിനുള്ളിലാണ് പേച്ചിയമ്മാളിന്റെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മകൾ പിറന്നതോടെ ജീവിതം അവൾക്കുവേണ്ടിയായി. ചെറുപ്രായത്തിലുള്ള വിധവയുടെ ജീവിതം സുരക്ഷിതമല്ലെന്ന് മനസ്സിലായതോടെയാണ് കുറച്ചു പൗരുഷം വേണമെന്ന് തോന്നിയത്. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം അവിടെനിന്ന് മുടിവെട്ടി. പിന്നീട് മുത്തുവെന്ന് പേരും സ്വീകരിച്ചു.

കായികബലമുള്ള പുരുഷന്മാർ ചെയ്യുന്ന എല്ലാജോലികളും ഏറ്റെടുത്തുചെയ്തു. കെട്ടിടനിർമാണത്തൊഴിലാളി, ചായക്കടത്തൊഴിലാളി, പൊറോട്ടയുണ്ടാക്കൽ എന്നിങ്ങനെ പല പണികളും ചെയ്തു. ഏറെനാൾ ചായക്കടകളിൽ ജോലിചെയ്തതിനാൽ മുത്തു മാസ്റ്റർ എന്ന വിളിപ്പേരും ലഭിച്ചു.

എല്ലാ പ്രതിസന്ധികളെയും നേരിട്ട് ജീവിതം മുന്നോട്ടുപോയി. പ്രതീക്ഷിച്ചതുപോലെതന്നെ കാര്യങ്ങൾ നടന്നു. മകളുടെ വിവാഹം മംഗളമായി കഴിഞ്ഞു. ഇപ്പോൾ വീട്ടിൽ തനിച്ചാണ്. 57 വയസ്സുള്ള തന്നെ ആരും ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുണ്ടെങ്കിലും പഴയ പേച്ചിയമ്മാളായി മാറാൻ താത്പര്യമില്ലെന്നും ജീവിതാവസാനംവരെ മുത്തുവായി തുടരുമെന്നും അവർ പറയുന്നു.

Content Highlights: Meet Tamil Nadu woman who became a 'man'

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..