സ്വാതന്ത്ര്യസമരവും സർവകലാശാലകളും


ഡൽഹി സർവകലാശാല

ന്യൂഡൽഹി: പുത്തൻ ആശയങ്ങളും വിപ്ലവങ്ങളുമെല്ലാം വേരുപിടിക്കാൻ വളക്കൂറുള്ള മണ്ണാണ് കലാലയങ്ങൾ. സ്വാതന്ത്ര്യസമരകാലത്തെ കഥയും മറിച്ചല്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേതെന്നപോലെ സ്വാതന്ത്ര്യസമരത്തിൽ ഡൽഹിയിലെ സർവകലാശാലകളുടെയും അവിടുത്തെ വിദ്യാർഥികളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും പരിഷ്കരണവാദികളുടെയും സംഭാവനകൾ വിസ്മരിക്കാനാകാത്തതാണ്.

ജാമിയ മിലിയ സർവകലാശാലയും ഡൽഹി സർവകലാശാലയുമായിരുന്നു 1920 മുതൽ സ്വാതന്ത്രലബ്ധിവരെയുള്ള കാലഘട്ടത്തിൽ രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യസമരത്തിന് യുവജീവവായു നൽകിയ പ്രധാനപ്പെട്ട രണ്ട് സർവകലാശാലകൾ.

ചരിത്രപ്രസിദ്ധമായ കിനാരി ബസാറിന് (ചാന്ദ്നി ചൗക്ക്) സമീപം കൃഷ്ണ ദാസ്ജി ഗുർവാലെ സ്ഥാപിച്ച ഹിന്ദുകോളേജ് ഡൽഹി സർവകലാശാലയിൽ പ്രധാനപ്പെട്ടതാണ്. സ്വാതന്ത്ര്യ സമരവുമായും നേതാക്കളുമായും കോളേജ് ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. കോളേജിലെ ട്രസ്റ്റിമാരും ഭരണസമിതി അംഗങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ സജീവ പങ്കാളികളായിരുന്നു. കോളേജ് ബോർഡംഗവും ലാലാ ഹർദ്യാൽ, റാസ് ബിഹാരി ബോസ് എന്നീ സ്വാതന്ത്ര്യസമര നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളുമായ മാസ്റ്റർ അമീർ ചന്ദിനെ സർക്കാരിനെതിരേ പ്രവർത്തിച്ചതിന് ബ്രിട്ടീഷ് 1915-ൽ തൂക്കിലേറ്റിയിരുന്നു. കോളേജ് 1922-ൽ ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടു.

ആനി ബസന്റ്, എം.എ. ജിന്ന, ബാബുരാജേന്ദ്ര പ്രസാദ്, ഷൗക്കത്ത് അലി, മുഹമ്മദ് അലി എന്നിവരായിരുന്നു കോളേജ് പാർലമെന്റിലെ ഓണററി അംഗങ്ങളിൽ ചിലർ. രാംജസ് കോളേജ് ഹോസ്റ്റലിൽ ഒളിച്ചാണ് ചന്ദ്രശേഖർ ആസാദ് അടക്കമുള്ള വിപ്ലവകാരികൾ ബ്രിട്ടീഷുകാർക്കെതിരേ സമരങ്ങൾ നയിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിലും സൈമൺ കമ്മിഷനെതിരേയുള്ള ‘സൈമൺ ഗോ ബാക്ക്’ ജാഥയിലും വിദ്യാർഥികൾ അണിനിരന്നു. വിദ്യാർഥികളും ജീവനക്കാരും 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനത്തിലും ചേർന്നു.

രാംജസ് കോളേജിലെ വിദ്യാർഥികൾ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. കോളേജിലെ ബ്രിട്ടീഷുകാർക്കെതിരേ പ്രവർത്തിച്ചതിന് രാം ബിഹാരി മാത്തൂർ, സക്സേന എന്ന രണ്ട് വിദ്യാർഥികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് അന്തമാനിലേക്ക് അയച്ചു.

ക്രിസ്ത്യൻ മിഷനറിമാർ നടത്തിയിരുന്ന സെയ്ന്റ് സ്റ്റീഫൻസ് കോളേജ് ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളെ സൃഷ്ടിച്ചു. ലാലാ ഹർദയാലും യൂണിയനിസ്റ്റ് പാർട്ടി ഓഫ് പഞ്ചാബിന്റെ നേതാവായി മാറിയ സർ ഛോട്ടുറാമും സെയ്ന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നുള്ളവരാണ്. അമീർ ചന്ദ്, ആസഫ് അലി, അവദ് ബിഹാരി, ബ്രിജ് കൃഷ്ണ ചന്ദിവാല, സമീനുദ്ദീൻ ഖാൻ എന്നിവരായിരുന്നു കോളേജുമായി ബന്ധപ്പെട്ട മറ്റ് സ്വാതന്ത്ര്യസമര നേതാക്കൾ.

സ്വാതന്ത്രസമരത്തിന്റെ അലയൊലികൾ കൊടുമ്പിരികൊണ്ടുനിന്ന 1920-കളിലാണ് മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി എന്നിവരടങ്ങുന്ന സ്വാതന്ത്ര്യസമര നേതാക്കൾ ജാമിയ മിലിയ സർവകലാശാല സ്ഥാപിച്ചത്. ജാമിയ മുന്നോട്ടുവെച്ച ആശങ്ങളുംമറ്റും സ്വാതന്ത്രലബ്ധിക്ക് മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും മുതൽ കൂട്ടായി.

1947-ലെ വിഭജനകാലത്തെ അഭയാർഥികളെ സഹായിക്കുന്നതിനായി ഡൽഹിയിലെ കോളേജുകൾ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തിച്ചത്. അഭയാർഥികൾക്ക് താമസിക്കാനും കോളേജുകളിൽ സ്ഥലമൊരുക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..