തലസ്ഥാനം മുഖംമിനുക്കുന്നു


നിർമാണം പുരോഗമിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി (ഫയൽചിത്രം)

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോൾ രാജ്യതലസ്ഥാനം മുഖം മിനുക്കുന്ന തിരക്കിലാണ്. 2000 കോടി രൂപയുടെ സെൻട്രൽ വിസ്തപദ്ധതിയാണ് നൂറ്ു വർഷത്തോളം പഴക്കമുള്ള രാജകീയ ല്യൂട്ടൻസ് ഡൽഹി നഗരത്തിന്റെ മുഖം മാറ്റുന്നത്. ല്യൂട്ടൻസ് ഡൽഹിയെ പുതുക്കിപ്പണിയാനുള്ള തീരുമാനം 2020 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.

രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചു പണിയാനാണ് തീരുമാനം. ആദ്യം രൂപമാറ്റം വരുത്തുക പാർലമെന്റ് മന്ദിരത്തിനാണ്. ഇപ്പോൾ ഇന്ദിരാഗാന്ധി സെന്റർ നാഷണൽ സെന്റർ ഫോർ ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്പോൾ സെൻട്രൽ സെക്രട്ടേറിയറ്റിലെ മൂന്ന് കോംപ്ലക്സുകൾ വരും. ഇന്ദിരാഗാന്ധി സെന്ററിനെ നിലവിലെ ജൻപഥ് ഹോട്ടലിലേക്കു മാറ്റും. ന്യൂഡൽഹി നഗരത്തിന്റെ ശില്പിയെന്ന് പറഞ്ഞാൽ പൊതുവേ മിക്കവരും എഡ്വിൻ ല്യൂട്ടൻസിനെയാണ് ഓർക്കുക. എന്നാൽ ല്യൂട്ടൻസ് യഥാർഥത്തിൽ രാഷ്ട്രപതി ഭവനും (അന്ന് വൈസ്രോയിമന്ദിരം) നാല് ബംഗ്ലാവുകളും നഗരത്തിന്റെ രൂപരേഖയുമേ നിർമിച്ചുള്ളൂ. രാഷ്ട്രപതി ഭവന് തൊട്ടടുത്തുള്ള നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും നിർമിച്ചത് ഹെർബെർട് ബേക്കറായിരുന്നു.

പുതിയ നഗരം നിർമിക്കാൻ തീരുമാനമെടുത്തതു വൈസ്രോയ് ഹാർഡിംജിന്റെ കാലത്താണ്. തികച്ചും ക്ഷേത്രഗണിതാപരമായ സമതുലനാവസ്ഥ അനുസരിച്ചായിരുന്നു നിർമാണം. രാഷ്ട്രപതിഭവനെ കേന്ദ്ര ബിന്ദുവാക്കി. അതനുസരിച്ച് അതിന്റെ വടക്ക് വശത്തുള്ള ഓരോ റോഡിനും കെട്ടിടത്തിനും സമതുല്യമായി തെക്കുവശത്തും ഓരോ റോഡും കെട്ടിടവും രൂപകല്പന ചെയ്തു. 1921 ഫെബ്രുവരി 12- നു തറക്കല്ലിട്ട കെട്ടിടം ആറ്ു വർഷം കൊണ്ടാണു പൂർത്തിയായത്. സർ എഡ്വേഡ് ല്യൂട്ടൻസും സർ ഹർബട്ട് ബേക്കറുമായിരുന്നു മേൽനോട്ടം. 1927 ജനുവരി 18- ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ലോഡ് ഇർവിൻ മന്ദിരം തുറന്നു കൊടുത്തു. അന്ന് 83 ലക്ഷം രൂപയായിരുന്നു ചെലവ്. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായി 1931ലാണ് ന്യൂഡൽഹി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു നിലവിലുള്ള പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണു നിർമിതി. വരാന്തയ്ക്കു ചുറ്റുമുള്ള 144 തൂണുകൾ മന്ദിരത്തിന്റെ മോടി കൂട്ടുന്നു. 12 കവാടങ്ങളുണ്ട്. കെട്ടിടത്തിന്റെ നടുക്കാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള 3 ചേംബറുകളുണ്ട്. ഒന്ന് ലോക്‌സഭയും മറ്റൊന്നു രാജ്യസഭയുമാണ്. മൂന്നാമത്തേത് ലൈബ്രറി. 888 സീറ്റുള്ള ലോക്‌സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എം.പി.മാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങൾ. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് 861.90 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ചത്.

മുഖം മിനുക്കൽ തകൃതിയാകുമ്പോൾ ല്യൂട്ടൻസ് ഡൽഹിയിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ഭീഷണി നേരിടുകയാണെന്നത് നീറുന്ന പ്രശ്നമാണ്. നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, നാഷണൽ ആർകൈവ്സ് അനെക്സ് - എന്നീ ചരിത്രനിർമിതികളാണ് ഓർമയാകാൻ പോകുന്നത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..