കർശനസുരക്ഷ കടുത്തജാഗ്രത


ന്യൂഡൽഹി : രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനം ബഹുതലസുരക്ഷാവലയത്തിൽ. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻ.എസ്.ജി. കമാൻഡോകളും ഷാർപ്പ് ഷൂട്ടർമാരും നിലയുറപ്പിച്ചുകഴിഞ്ഞു. സ്വാറ്റ് കമാൻഡോകൾ, കൈറ്റ് ക്യാച്ചേഴ്സ്, കനൈൻ യൂണിറ്റ് തുടങ്ങിയവയൊക്കെ സജ്ജമാക്കി പഴുതടച്ച സുരക്ഷാവലയത്തിലാണ് ചെങ്കോട്ടയും പരിസരവും. സ്വാതന്ത്ര്യദിനത്തിൽ ഏഴായിരത്തോളം ക്ഷണിതാക്കൾ ചെങ്കോട്ടയിലെത്തുമെന്നാണ് വിലയിരുത്തൽ. ഏതൊരു ഭീഷണിയും ഒപ്പിയെടുക്കാൻപാകത്തിൽ അത്യാധുനിക നിരീക്ഷണക്യാമറകളുടെ നടുവിലാണ് പുരാതന ഡൽഹി. കഴിഞ്ഞവർഷം റിപ്പബ്ലിക്ദിനത്തിൽ കർഷകസമരപ്രതിഷേധക്കാർ ചെങ്കോട്ടയിൽ ഇരച്ചുകയറിയതുൾപ്പെടെയുള്ള സംഭവങ്ങൾ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പഴുതുകളൊന്നും സംഭവിക്കാത്ത സുരക്ഷാക്രമീകരണം ഒരുക്കാനാണു തീരുമാനം. ചെങ്കോട്ടയിലേക്കുള്ള പ്രവേശനം ഇതിനോടകം വിലക്കിയിട്ടുണ്ട്. എയർ ബലൂൺ, ഡ്രോണുകൾ, പാരാമോട്ടർ, മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ് എന്നിവയുടെ പറക്കലുകളും നിരോധിച്ചിട്ടുണ്ട്. പരിസരത്തു ക്യാമറ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ ഇന്നുനടക്കും. ഇതേത്തുടർന്നു ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ചെങ്കോട്ടയിൽ പ്രത്യേക കൺട്രോൾറൂമുകൾ തുറന്നിട്ടുണ്ട്. പരിസരങ്ങളിലെ 1000 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ഓരോനിമിഷവും നിരീക്ഷിച്ചുവരുന്നു. ചെങ്കോട്ടയിൽമാത്രം 5000 സുരക്ഷാഭടന്മാരുടെ കാവലുണ്ട്. പോലീസിന്റെ കാവൽ വേറെയും. ഒരാഴ്ചമുമ്പുതന്നെ കണ്ടെയ്നറുകൾ നിരത്തി ചെങ്കോട്ടയ്ക്കുമുന്നിൽ പോലീസ് സുരക്ഷാമതിൽ നിർമിച്ചിരുന്നു. പി.സി.ആർ. വാനുകൾക്കു പുറമേ, പ്രഖാർ വാൻ, ദ്രുതകർമസേന എന്നിവയുടേതടക്കം 70 സായുധവാഹനങ്ങൾ ചെങ്കോട്ടയിലുണ്ടാവും. യമുനയിൽ പട്രോളിങ് ബോട്ടുകളും റോന്തുചുറ്റുന്നുണ്ട്. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സർവസജ്ജമാണ് സുരക്ഷാസേന. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് ഊർജിതപരിശോധന നടത്തിക്കഴിഞ്ഞു.

ഡ്രസ് റിഹേഴ്സൽ കഴിഞ്ഞു

ശനിയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സലായിരുന്നു. മൂന്നുസേനകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭടന്മാർ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തി. ഉച്ചവരെ സെൻട്രൽ ഡൽഹിയോടു ചേർന്നുള്ള റോഡുകളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഐ.ടി.ഒ.യിലെ ഓഫീസുകൾ ഉച്ചവരെ തുറന്നില്ല. പ്രധാന റോഡുകൾ അടച്ചു

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള റോഡുകളിൽ ഗതാഗതനിരോധനം. ചെങ്കോട്ട, ജുമാ മസ്ജിദ്, ഡൽഹി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെയുള്ള ബസ് സർവീസ് വഴിതിരിച്ചുവിടുന്നുണ്ട്. ഔദ്യോഗികവാഹനങ്ങൾക്കു മാത്രമേ പ്രവേശനമുണ്ടാവൂവെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുവരെ മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളും അടച്ചു. ഐ.ടി.ഒ., ലാൽകില, ജമാ മസ്ജിദ്, ഡൽഹി ഗേറ്റ് മെട്രോ സ്‌റ്റേഷനുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും.

നിയന്ത്രണങ്ങളുള്ള റോഡുകൾ

ഡൽഹി ഗേറ്റിൽനിന്ന്‌ ഛട്ടാ റാലിലേക്കു നേതാജി സുഭാഷ് മാർഗിലൂടെയുള്ള യാത്രയ്ക്കു വിലക്ക്. എച്ച്.സി. സെൻ മാർഗിൽനിന്ന്‌ യമുനാബസാർ ചൗക്ക് വരെയും ചാന്ദ്‌നി ചൗക്ക് റോഡിലും സഞ്ചാരത്തിനു നിയന്ത്രണം.

രാജ്ഘട്ടിൽനിന്ന്‌ ഐ.എസ്.ബി.ടി.വരെയുള്ള റിങ് റോഡ് ഭാഗത്തും ഗതാഗതനിയന്ത്രണം, ഐ.എസ്‌.ബി.ടി. മുതൽ ഐ.പി. മേൽപ്പാലംവരെയുള്ള ഔട്ടർ റിങ് റോഡിലും ഗതാഗതവിലക്ക്.

ഇന്ത്യാഗേറ്റ് സി-ഹെക്സഗൺ, കോപ്പർനിക്കസ് മാർഗ്, മണ്ഡി ഹൗസ്, തിലക് മാർഗ്, മഥുര റോഡ്, ജവാഹർലാൽ നെഹ്രു മാർഗ്, റിങ് റോഡ് പ്രദേശങ്ങളിലെല്ലാം ഗതാഗതം നിയന്ത്രിക്കും.

നിസാമുദ്ദീൻ ഖട്ട മുതൽ വസീറാബാദ് ബ്രിഡ്ജ് വരെയുള്ള ഭാഗത്തു 14-ന്‌ രാത്രി 12 മുതൽ 15-ന്‌ രാവിലെ 11 വരെ കൊമേഴ്‌സ്യൽ വാഹനങ്ങൾക്കു പ്രവേശനമില്ല.

സംസ്ഥാനാന്തര ബസ് സർവീസിനു മഹാറാണ പ്രതാപ് ഐ.എസ്.ബി.ടി. മുതൽ സരായ് കാലെ ഖാൻ ഐ.എസ്.ബി.ടി. വരെയുള്ള ഭാഗത്തേക്കും പ്രവേശനം ഈ സമയത്തുണ്ടാകില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..