ത്രിവർണമണിഞ്ഞ് തലസ്ഥാനം


Caption

ന്യൂഡൽഹി : എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിലെ ഹർ ഘർ തിരംഹ പ്രഖ്യാപനത്തിൽ ത്രിവർണമണിഞ്ഞ് രാജ്യതലസ്ഥാനം. ഓഫീസ് കെട്ടിടങ്ങൾ, വീടുകൾ, വാഹനങ്ങൾ തുടങ്ങി ഡൽഹിയിലെ തെരുവുകളിൽ ത്രിവർണപതാക പാറിക്കളിക്കുകയാണ്. ചരിത്രസ്മാരകളിലാകട്ടെ വർണവിളക്കുകളുടെ സഹായത്തോടെയാണ് അധികൃതർ ത്രിവർണപതാക തീർത്തത്.

ത്രിവർണപതാക രാജ്യത്തിന്റെ അഭിമാനവും മഹത്ത്വവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞു. എല്ലാവരും വീടുകൾക്ക് മുകളിൽ ദേശീയപതാക ഉയർത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ 23 സ്റ്റേഷനുകളിൽ ദേശീയപതാക ഉയർത്തി. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെയും (സി.ഐ.എസ്.എഫ്.) സാന്നിധ്യത്തിൽ ഡി.എം.ആർ.സ.ി മേധാവി വികാസ് കുമാറാണ് ഐ.എൻ.എ. മെട്രോ സ്റ്റേഷന്റെ സ്ഥലത്ത് പതാക ഉയർത്തിയത്.

നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകൾക്കും മുകളിലും ത്രിവർണ പതാകകൾ ഉയർത്തിയിട്ടുണ്ട്. 'ഞങ്ങൾ എല്ലാ വർഷവും ഇത് ചെയ്യാറുണ്ട്. എന്നാൽ രാജ്യം ഇത്തവണ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഓട്ടോ ഡ്രൈവർമാർക്കിടയിൽ ഒരു പ്രത്യേക ആവേശമുണ്ട്.

അതിനാൽ, ഒരു സാമൂഹിക സംഘടനയുടെ സഹായത്തോടെ ഇതുവരെ 5,000 പതാകകൾ വിതരണം ചെയ്തുവെന്ന് 'ഡൽഹി ഓട്ടോറിക്ഷാ സംഘം ജനറൽ സെക്രട്ടറി രാജേന്ദർ സോണി പറഞ്ഞു. സ്വാന്ത്രന്ത്യദിനത്തിൽ കുട്ടികൾക്കിടയിലും ആളുകൾക്കും ഇടയിൽ 25 ലക്ഷം ത്രിവർണ പതാകകൾ വിതരണം ചെയ്യാനും ദേശസ്നേഹ പരിപാടികൾ സംഘടിപ്പിക്കാനും കെജ ്രിവാൾ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.

ആഘോഷങ്ങൾക്ക് മുന്നോടിയായി, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ വ്യത്യസ്ത വലുപ്പത്തിലുള്ള ദേശീയ പതാക വിൽക്കുകയാണ്. ഡൽഹി ബി.ജെ.പി.നേതാക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 'തിരംഗ മാർച്ച്' നടത്തി. ത്രിവർണ പതാകകൾ വീടുകൾക്കും കടകൾക്കും മുകളിൽ ഉയർത്തണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. ദക്ഷിണ ഡൽഹി എം.പി. രമേഷ് ബിധുരി തന്റെ മണ്ഡലത്തിലെ സംഗം വിഹാർ ഏരിയയിൽ ദേശീയപതാക ഉയർത്തി. പാർട്ടി പ്രവർത്തകരുമായി നാല് കിലോമീറ്റർ മാർച്ച് നടത്തി. മണ്ഡലത്തിലുമായി 1.75 ലക്ഷം ത്രിവർണ പതാകകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ ശക്തി നഗർ ഏരിയയിൽ ത്രിവർണ പതാകകൾ വിതരണം ചെയ്തു. പാർട്ടി എം.പി .മനോജ് തിവാരിയും ത്രിവർണ പതാകകൾ വിതരണം ചെയ്തു. ഒപ്പം സിഗ്‌നേച്ചർ പാലത്തിലൂടെ കടന്നുപോയ 'തിരംഗ ബൈക്ക് റാലിയ്ക്ക് നേതൃത്വം നൽകി.

ഡൽഹി ബി.ജെ.പി. അധ്യക്ഷൻ ആദേശ് ഗുപ്തയും ദക്ഷിണ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽനിന്ന് പാർട്ടി പ്രവർത്തകർക്കൊപ്പം ത്രിവർണ പതാകകളുമായി ബൈക്ക് റാലി നടത്തി.

മയൂർവിഹാറിൽ

ന്യൂഡൽഹി : മയൂർവിഹാർ ഫേസ് മൂന്നിലെ മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം തിങ്കളാഴ്ച നടക്കും. അസോസിയേഷൻ കാര്യാലയത്തിൽ രാവിലെ 9.30-ന് പ്രസിഡന്റ് കെ. വേണുഗോപാൽ ദേശീയപതാക ഉയർത്തും. തുടർന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ദേശഭക്തി ഗാനാലാപനം, കുട്ടികൾക്കായി പ്രശ്നോത്തരി തുടങ്ങിയവ ഉണ്ടായിരിക്കും.

ഡി.എം.എ. സ്വാതന്ത്ര്യദിനാഘോഷം

ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം തിങ്കളാഴ്ച നടക്കും. ആർ.കെ. പുരത്തെ ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിൽ രാവിലെ പത്തിന് പ്രസിഡന്റ് കെ. രഘുനാഥ് ദേശീയ പതാക ഉയർത്തും. തുടർന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡി.എം.എ.യുടെ 25 ശാഖകളിൽനിന്നുമുള്ള പ്രതിനിധികൾ പതാക ഉയർത്തും. കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങൾ അരങ്ങേറും. ഫോൺ : 9810791770, 7838891770

സ്വാതന്ത്ര്യദിനാഘോഷം നാളെ

ന്യൂഡൽഹി : മുനിർകയിലെ വിസ്ഡം പബ്ലിക് സ്കൂളിൽ തിങ്കളാഴ്ച സ്വാതന്ത്ര്യദിനാഘോഷം നടത്തും. രക്ഷാകർത്തൃസമിതിയും ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡെവലപ്‌മെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..