മാസ്‌കില്ലെങ്കിൽ പിഴയില്ല


•  500 രൂപ പിഴ അവസാനിപ്പിച്ചു

ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമിച്ചതോടെ പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം.എ.) യോഗത്തിലാണ് തീരുമാനം.

ബുധനാഴ്ച തലസ്ഥാനത്ത് 96 കേസുകൾമാത്രമാണ് റിപ്പോർട്ട് ചെയ്തത്. രോഗസ്ഥിരീകരണനിരക്ക് 1.42 ശതമാനമാണ്. മുമ്പും ഇത്തരത്തിൽ പിഴ അവസാനിപ്പിച്ചെങ്കിലും കേസുകൾ കൂടിയതോടെ ഏപ്രിലിൽ വീണ്ടും പിഴ ചുമത്തിത്തുടങ്ങുകയായിരുന്നു. മാസ്ക് നിർബന്ധമാക്കിയശേഷം 12 ദിവസത്തിനകം 4,500 പേരിൽനിന്ന് 22 ലക്ഷം രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്.പിഴയവസാനിപ്പിച്ചെങ്കിലും ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാലമായതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു. ഉത്സവകാലങ്ങളിൽ വലിയ ജനക്കൂട്ടമുണ്ടാകുന്നതിനാൽ രോഗം വേഗത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയുൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് ഓഗസ്റ്റിൽ കേന്ദ്രം കത്തയച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതിനാൽ രാജ്യത്തെമ്പാടും വ്യാപകമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.

കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ഒഴിവാക്കും

കേസുകൾ കുറയുന്നതിനാൽ സംസ്ഥാനത്ത് ശേഷിക്കുന്ന മൂന്നു കോവിഡ് ചികിത്സാകേന്ദ്രങ്ങളും ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് സംസ്ഥാനത്ത് ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിച്ചത്. മൊത്തം 11 എണ്ണമാണ് സ്ഥാപിച്ചത്. ഇതിൽ ഒരെണ്ണം കേന്ദ്രസർക്കാരും ബാക്കിയുള്ളവ സംസ്ഥാന സർക്കാരുമാണ് നടത്തിയിരുന്നത്.

കേസുകൾ കുറഞ്ഞപ്പോൾ മൂന്നെണ്ണമൊഴികെ മറ്റെല്ലാം ഒഴിവാക്കിയിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് കുത്തിവെപ്പിൽ സംസ്ഥാനം മെച്ചപ്പെടേണ്ടതുണ്ടെന്ന് അതോറിറ്റിയുടെ അധ്യക്ഷനായ ലെഫ്. ഗവർണർ വിനയ് കുമാർ സക്സേന പറഞ്ഞു. മുൻകരുതൽ കുത്തിവെപ്പെടുക്കാൻ യോഗ്യരായ 1.33 കോടി ആളുകൾ ഉണ്ടെങ്കിലും 31.49 ലക്ഷം (24 ശതമാനം) മാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..