മൂവരുമൊന്നായ് വിദ്യാരംഭവും


ഒറ്റപ്രസവത്തിലെ മൂന്നുകുട്ടികളായ ആർദ്രവ് റാം, ആരുഷ് റാം, ആരവ് രാം എന്നിവർ മയൂർവിഹാർ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനെത്തിയപ്പോൾ  ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി : അനുസരണയുള്ള കുട്ടികളായി അച്ഛന്റെ മടിയിലിരിക്കണം, കുറുമ്പുകാണിക്കരുത്, പാത്രത്തിൽ നിരത്തിയ അരിയിൽ ഓരോരുത്തരായി ഹരിശ്രീ കുറിക്കണം... എന്നെല്ലാം നിബന്ധനവെച്ചാണ് മൂന്നുപേരെയും ക്ഷേത്രത്തിലെത്തിച്ചത്. കുറുമ്പുകാട്ടിയും കരഞ്ഞുമില്ല, എന്നാൽ അച്ഛന്റെ കൈപിടിച്ച് ഒന്നിച്ചെഴുതണമെന്ന് മൂവരും വാശിപിടിച്ചു. ഒരുപ്രസവത്തിലുണ്ടായ മൂന്ന് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിക്കുന്ന കൗതുക കാഴ്ചയാണ് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കണ്ടത്. ഇവരുടെ പേരുകളുടെ ആദ്യക്ഷരവും ഒന്നുതന്നെ; ആർദ്രവ്, ആരവ്, ആരുഷ്.

നോയ്ഡ എക്‌സ്റ്റൻഷനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ അരുണിന്റെയും മീനുവിന്റെയും രണ്ടരവയസ്സുകാരായ മക്കളുടെ വിദ്യാരംഭമാണ് ക്ഷേത്രത്തിൽ നടന്നത്. തിളങ്ങുന്ന ഷർട്ടും കുഞ്ഞുമുണ്ടുമുടുത്താണ് മൂവരുമെത്തിയത്.അരിനിറച്ച പാത്രത്തിന്റെ ഒരുകോണിൽ അച്ഛന്റെ കൈപിടിച്ച് ആർദ്രവ് ഹരിശ്രീ കുറിച്ചപ്പോൾ അതേ പ്ലേറ്റിന്റെ മറ്റൊരുഭാഗത്ത് ആരുഷ് സ്വയം എഴുതി. അതേസമയം, മൂന്നാമനായ ആരവ് തന്റെ ഊഴം കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചു. എത്രയെഴിതിയിട്ടും മൂന്നുപേർക്കും മതിവന്നില്ല. ഒടുവിൽ വിജയദശമി ആഘോഷത്തിരക്കുകൾക്കിടയിൽ മൂവരുടേയും തുലാഭാരവും നേർച്ചകളുമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക്. ക്ഷേത്രത്തിൽനിന്നു സമ്മാനമായി കിട്ടിയ സ്ലേറ്റിൽ വീട്ടിലെത്തിയ മുതൽ എഴുതിനിറയ്ക്കുകയാണ് ഈ കുഞ്ഞുസംഘം. കാണുന്നവർക്ക് കൗതുകമാണെങ്കിലും കുട്ടിപ്പട്ടാളത്തെ നയിക്കാൻ കുറച്ച് മെയ്‍വഴക്കവും തഞ്ചവുമൊക്കെ വേണമെന്ന് അരുൺ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..