സീമാപുരിയിലെ സ്‌ഫോടകവസ്തുശേഖരം കൂടുതൽപേരെ ചോദ്യംചെയ്യുന്നു


ഡൽഹി പോലീസ് കമ്മിഷണർ രാകേഷ് അസ്താന സീമാപുരിയിൽ ​സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയതിനെക്കുറിച്ച്‌ സംസാരിക്കുന്നു

ന്യൂഡൽഹി : സീമാപുരിയിലും ഗാസിപുർ മാർക്കറ്റിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽപേരെ ചോദ്യംചെയ്യുന്നു. പ്രാദേശികപിന്തുണയില്ലാതെ ഇത്തരമൊരു സ്ഫോടകശേഖരം സാധ്യമല്ലെന്ന നിഗമനത്തിൽ പ്രദേശവാസികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് സമീപത്തെ വീട്ടുടമസ്ഥൻ ആഷിമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വീട്ടുടമസ്ഥനെയും വസ്തു ഇടപാടുകാരനെയുമൊക്കെ പോലീസ് ചോദ്യംചെയ്തു. പൊതുസ്ഥലങ്ങളിൽ വ്യാപകമായി സ്ഫോടനംനടത്താൻ ലക്ഷ്യമിട്ടുള്ള സ്ഫോടകവസ്തുക്കളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സ്ഫോടനം ആസൂത്രണംചെയ്തവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഗാസിപുർ പൂമാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെത്തിയതും സീമാപുരി സംഭവവുംതമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻ.എസ്.ജി. സംഘത്തിന്റെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി. ശേഖരിച്ച തെളിവുകളെല്ലാം പോലീസിനു കൈമാറിയതായി എൻ.എസ്.ജി. ഉദ്യോഗസ്ഥൻ അറിയിച്ചു.

വ്യാഴാഴ്ച ഓൾഡ് സീമാപുരിയിലെ വീട്ടിൽ സ്ഫോടകവസ്തുശേഖരം കണ്ടെത്തി നിർവീര്യമാക്കിയിരുന്നു. മൂന്നു കിലോയോളമുള്ള ഐ.ഇ.ഡി. ശേഖരമാണ് സീമാപുരിയിൽ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. സമാനമായി കഴിഞ്ഞമാസം ഗാസിപുർ മാർക്കറ്റിലും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഗാസിപുരിലും സീമാപുരിയിലും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഓൾഡ് സീമാപുരിയിൽ വ്യാഴാഴ്ചതന്നെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശം മുദ്രവെച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിനുമുമ്പായി ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ബാഗ് കണ്ടെത്തിയ ശേഷം, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളെല്ലാം പ്രത്യേകസംഘത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിച്ചുവരുന്നു.

പ്രദേശത്തുനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമാണെന്ന് എൻ.എസ്.ജി.യുടെ വിലയിരുത്തൽ. എന്നാൽ, ഫൊറൻസിക് പരിശോധനയുടെ ഫലം വന്നശേഷമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ.

ഗാസിപ്പുർ മാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെടുത്തതിലെ അന്വേഷണത്തിൽനിന്നാണ് സീമാപുരി സംഭവത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വിവരമറിഞ്ഞ് എൻ.എസ്.ജി. സംഘവും വിദഗ്ധരുമെത്തിയപ്പോൾ വീടുപൂട്ടിയ നിലയിലായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് വീടിനുമുന്നിലെ റോഡിൽ കിടന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..