ഡോ. ജോർജ് ചാണ്ടി മറ്റീത്ര സദസ്സിനോട് സംവദിക്കുന്നു
ദുബായ് : ചിട്ടയായ ജീവിതത്തിലൂടെ കരളിന്റെ സംരക്ഷണം പൂർണമായും ഉറപ്പാക്കാമെന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സി.ഇ.ഒ.യുമായ
പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
കരൾരോഗം പാരമ്പര്യമായി വരാവുന്ന ഒരു അസുഖം കൂടിയാണ്. വിവിധ വൈറസുകൾ, മദ്യപാനം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളും കരളിനെ തകരാറിലാക്കുന്ന ഘടകങ്ങളാണ്. ഇവ ഗുരുതര കരൾപ്രശ്നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം. ഈ ഘടകങ്ങളെല്ലാം ഏറെക്കാലം ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ കരളിനെ തകരാറിലാക്കുന്ന ലിവർസിറോസിസ് പോലുള്ള അസുഖങ്ങളും വന്നേക്കാം. ഇത് ലിവർ ഫെയിലർ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.
ജീവന് വളരെയധികം ഭീഷണിയായ ഒരു അവസ്ഥയാണ് അത്. എന്നാൽ, നേരത്തേതന്നെ ഈ അസുഖങ്ങൾ കണ്ടെത്തി വേണ്ട ചികിത്സനൽകിയാൽ കരളിനെ സംരക്ഷിച്ചുനിർത്താനും സാധിക്കും. എല്ലാസമയത്തും കരൾരോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങൾ പുറത്തേക്കുവരണമെന്നില്ല. എന്നാൽ, സാധാരണ കാണാത്ത, നമ്മെ ആശങ്കപ്പെടുത്തുന്ന എന്തെങ്കിലും ലക്ഷണങ്ങൾ സ്ഥിരമായി ഉണ്ടെന്നുതോന്നിയാൽ ഡോക്ടറെ നിർബന്ധമായും കണ്ടിരിക്കണം.
കരളിന്റെ തടികൂടുന്നത് ഗൗരവമുള്ള ആരോഗ്യപ്രശ്നത്തിലേക്കുള്ള ആദ്യപടിയാണ്. കേരളത്തിൽ മദ്യപിക്കാത്തവരിലും ഫാറ്റിലിവർ വലിയതോതിൽ കൂടിവരികയാണ്. ഇത് ചെറിയപ്രായത്തിൽത്തന്നെ വന്നെത്തുന്നതും ഗൗരവം വർധിപ്പിക്കുന്നു. താത്കാലികമായ സുഖം ദീർഘകാലത്തിൽ അസുഖമായേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
സി.എം.സി. വെല്ലൂരിലെ മുൻ ഡയറക്ടറും ഗാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി വിഭാഗം മേധാവിയും ആയിരുന്നു പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര. ഇന്ത്യയിലെ ഹെപ്പറ്റോളജി, കരൾമാറ്റിവെക്കൽ രംഗത്തിന് വഴിയൊരുക്കിയ വ്യക്തിത്വമാണ്. ആരോഗ്യരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി, വൈദ്യശാസ്ത്രമേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡായ ഡോ. ബി.സി. റോയ് നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..