ലാമിയ ലത്തീഫ് കവിതാസമാഹാരവുമായി
ഷാർജ : എഴുത്തിലെ പുതുവഴികൾ തേടുകയാണ് നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശിനി ലാമിയ ലത്തീഫ്. പ്രണയവും പ്രതീക്ഷയും പ്രകൃതിവർണനയുമായി 50 ഇംഗ്ലീഷ് കവിതകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെക്കുറിച്ചും 26- കാരിയായ ലാമിയ കവിത എഴുതുന്നത്. നാട്ടിൽനിന്നും ഷാർജയിൽ സന്ദർശകവിസയിലെത്തിയ ലാമിയ ‘ഇൻ സെർച്ച് ഓഫ് വേഡ്സ്’ എന്ന ആദ്യ ഇംഗ്ലീഷ് കൃതി പുറത്തിറക്കിയ സന്തോഷത്തിലാണ്. ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് കവിതാസമാഹാരം പ്രകാശനംചെയ്തത്. ഈ കൃതി ആമസോൺവഴി വിപണിയിലെത്തിക്കഴിഞ്ഞു.
മകൻ ആയിദിന്റെ പിറന്നാൾ സന്തോഷത്തിലാണ് ലാമിയയുടെ ആദ്യകവിത പിറന്നത്. പിന്നീട് ഇൻസ്റ്റഗ്രാംവഴി കവിതകൾ ആമസോണിൽ എത്തുകയും വിപണി ഏറ്റെടുക്കുകയുമായിരുന്നു. ലാമിയയുടെ അനുജത്തി എട്ടാംക്ലാസ് വിദ്യാർഥിനി മൻഹയാണ് ആദ്യകൃതിയിൽ ചിത്രങ്ങൾ വരച്ചത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളുടെ പ്രാധാന്യവും ഭരണാധികാരികളുടെ മഹത്വവും പ്രതിപാദിക്കുന്ന പുതിയ കവിതകളുടെ പണിപ്പുരയിലാണ് ലാമിയ. എമിറേറ്റുകളുടെ ചരിത്രവും സംസ്കാരവും ഭരണനേട്ടവുമെല്ലാം കവിതകളിൽ ഉൾക്കൊള്ളിക്കുന്നു.
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനെക്കുറിച്ചും ലാമിയ കവിത എഴുതിയിട്ടുണ്ട്. കവിത അദ്ദേഹത്തിന് നേരിട്ട് നൽകണമെന്നാണ് ലാമിയയുടെ ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും ലാമിയ കവിത എഴുതിയിട്ടുണ്ട്.
പി.ജി. ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിനിയായ ലാമിയയുടെ ഭർത്താവ് അബ്ദുള്ള ദുബായിൽ സംരംഭം നടത്തുന്നു. ലത്തീഫിന്റെയും ലൈലയുടേയും മകളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..