ഇന്ത്യൻ സംരംഭകർക്ക് ഐ.എസ്.സി. സ്വീകരണം നൽകി


ഇന്ത്യൻ സംരംഭകർക്ക് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നൽകിയ സ്വീകരണം

അബുദാബി : എക്സ്പോ സന്ദർശനത്തിനെത്തിയ ഇന്ത്യൻ സംരംഭകർക്ക് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ (ഐ.എസ്.സി) സ്വീകരണം നൽകി. ഇന്ത്യയിലെ വ്യവസായ- വാണിജ്യ മേഖലകളിൽ വിജയം വരിച്ച 45 ഓളം വ്യവസായികൾ ഐ.എസ്.സി.യിൽ നടന്ന വ്യവസായ സെമിനാറിൽ സംസാരിച്ചു. ഫർണിച്ചർ, പുനരുപയോഗ ഊർജം, ഭക്ഷ്യ ഉത്പാദനം, ഐ.ടി, നിർമിത ബുദ്ധി, വേസ്റ്റ് മാനേജ്‌മെന്റ്, കൃഷി, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ട്രാവൽ ആൻഡ്‌ ടൂറിസം, ഫോട്ടോഗ്രാഫി, കൗൺസിലിങ് തുടങ്ങിയ മേഖലകളിലെ സാധ്യതകളും അവസരങ്ങളും സംരംഭകർ വിശദീകരിച്ചു.

കൈറ്റ് ഗ്ലോബൽ ചെയർമാൻ കെ.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലും കേരളത്തിലും വ്യവസായ വാണിജ്യ മേഖലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്‌സിഡികളെക്കുറിച്ചും രവീന്ദ്രൻ സംസാരിച്ചു. ലക്ഷക്കണക്കിന് ബിസിനസുകൾ നല്ലരീതിയിൽ നടന്നുപോകുമ്പോൾ ഒന്നോ രണ്ടോ സ്ഥലത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കേരളത്തെക്കുറിച്ച് നിഷേധാത്മക ചിത്രങ്ങൾ ഉണ്ടാവുന്നത് ഖേദകരമാണ്.

വളരെ ചെറിയ നിക്ഷേപമായാലും കോടികളുടെ നിക്ഷേപമായാലും ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ന് ഇന്ത്യയെന്നും രവീന്ദ്രൻ പറഞ്ഞു.

ഫോസിൽ ഇന്ധനത്തിന് പകരം പുനരുത്പാദക ഊർജത്തിന്റെ കാലമാണ് വരാൻ പോകുന്നതെന്ന് അനുബന്ധ പ്രഭാഷണം നടത്തിയ സസ്‌റ്റൈനബിൾ മാനേജ്‌മെന്റിൽ വിജയം വരിച്ച ബാസ്റ്റ ചെയർമാൻ കെ.വി. ഹരിദാസ് പറഞ്ഞു. ഈ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ അനന്ത സാധ്യതകളുണ്ട്. സർക്കാരുകൾ വലിയ പ്രോത്സാഹനവും ഈ മേഖലയ്ക്ക് നൽകുന്നു. തുടർന്ന് 'കൈറ്റ് ഗ്ലോബൽ ആന്റ് പോസിറ്റീവ് കമ്യൂൺ ഒാൺട്രപ്രണേഴ്‌സ്' അംഗങ്ങൾ അവരവരുടെ ബിസിനസ് മേഖലകളെക്കുറിച്ചും ഇന്ത്യയിലെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു.

ഐ.എസ്.സി. പ്രസിഡന്റ് യോഗേഷ് പ്രഭു അധ്യക്ഷനായി. ബാങ്ക് ഓഫ് ബറോഡ മാനേജർ ആർ.കെ. ഗുപ്‌ത, ഐ.പി.ഇ.എഫ്. ചെയർമാൻ ഷാജി, വി.കെ. ജോർജ് ജോസഫ് എന്നിവരും സംസാരിച്ചു. ഐ.എസ്.സി സെക്രട്ടറി ജോജോ അമ്പൂക്കൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..