നിരത്തുകളിൽ ഇന്നുമുതൽ സൈക്കിളുകൾ നിറയും


യു.എ.ഇ. ടൂർ (ഫയൽ ചിത്രം)

അബുദാബി : മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് മത്സരമായ യു.എ.ഇ. ടൂറിന് ഞായറാഴ്ച തുടക്കമാകുന്നു. മദിനത് സായിദിലെ 185 കിലോമീറ്റർ ദൂരമാണ് സംഘം ആദ്യദിനം സൈക്ലിങ് നടത്തേണ്ടത്. പൂർണമായും മരുഭൂമിക്ക് കുറുകെയുള്ള റോഡുകളിലൂടെയാണ് ഒന്നാംഘട്ട ടൂർ. തുടക്കവും ഒടുക്കവും 45 കിലോമീറ്റർ വീതം നേരായ ട്രാക്കിലും ബാക്കിയുള്ള ദൂരം ലിവയിലെ വളവുകളും തിരിവുകളും നിറഞ്ഞ ട്രാക്കിലൂടെയുമായിരിക്കും യാത്ര.

ഏഴു ഘട്ടങ്ങളിലായി അബുദാബിയിൽനിന്നും ആരംഭിച്ച് വിവിധ എമിറേറ്റുകളിലൂടെ അബുദാബിയിൽ അവസാനിക്കുന്ന മത്സരങ്ങളിൽ 1081 കിലോമീറ്ററാണ് സംഘം സഞ്ചരിക്കുക. ഫെബ്രുവരി 26 വരെയാണ് ടൂറിന്റെ ഏഴുഘട്ടങ്ങൾ നടക്കുക. വ്യത്യസ്തങ്ങളായ ഭൂപ്രദേശങ്ങളിലൂടെ നടക്കുന്ന സൈക്ലിങ് മത്സരം മിഡിലീസ്റ്റിലെതന്നെ ഏറ്റവുമധികം അന്തരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ ഒന്നാണ്.

തിങ്കളാഴ്ച നടക്കുന്ന രണ്ടാംഘട്ടത്തിൽ ഹുദൈറിയത് ഐലൻഡ്‌ മുതൽ അബുദാബി ബ്രേക്ക് വാട്ടർ വരെയുള്ള 173 കിലോമീറ്ററാണ് സംഘം സൈക്ലിങ് നടത്തേണ്ടത്. അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഹുദൈറിയത് ഐലന്റിൽ നിന്നും ആരംഭിച്ച് അബുദാബി നഗരത്തിലൂടെ ശൈഖ് സായിദ് പാലം കടന്ന് ഖലീഫ സിറ്റിയിൽ എത്തും.

അവിടെനിന്ന്‌ അൽ വത്ബ ക്യാമൽ ട്രാക്ക് വഴി അൽ ഫലയിലേക്കും യാസ് മറീനയിലേക്കും സാദിയത് ഐലൻഡിലേക്കും കടക്കുന്ന സംഘം കോർണിഷ് വഴി അബുദാബി ബ്രേക്ക് വാട്ടറിൽ എത്തിച്ചേരും.

കഴിഞ്ഞവർഷത്തെ യു.എ.ഇ. ടൂർ ചാമ്പ്യനും രണ്ടുതവണ ടൂർ ദി ഫ്രാൻസ് കിരീടവും നേടിയ യു.എ.ഇ. ടീമിന്റെ സ്റ്റാർ റൈഡർ തദേ പൊഗാസെറാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രതിഭ. കഴിഞ്ഞവർഷത്തെ കിരീടം വലിയ ആത്മവിശ്വാസം പകരുന്നതായിരുന്നു.

ഇത്തവണയും കിരീടലക്ഷ്യത്തോടെയാണ് ട്രാക്കിൽ ഇറങ്ങുന്നത്. സീസണിൽ കോവിഡ് ബാധിച്ചുവെങ്കിലും പ്രകടനത്തെ അത് യാതൊരുവിധത്തിലും ബാധിച്ചിട്ടില്ല. ഓരോതവണയും യു.എ.ഇ. ടൂറിന്റെ പങ്കാളിത്തം ഉയരുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം മത്സരങ്ങൾക്ക് മുന്നോടിയായി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..