യു.എ.ഇ. മതസൗഹാർദത്തിന്റെ ഈറ്റില്ലം


റ്റോജോമോൻ ജോസഫ്

മറ്റൊരു പെരുന്നാൾ ആഘോഷമെത്തി. ഇത് തിരിച്ചുവരവിന്റെ നാളുകളാണ്. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ സധൈര്യം ചെറുത്ത് വളർച്ചയുടെയും പുതുമകളുടെയും പാതയിൽ അതിവേഗം രാജ്യം കുതിച്ചുയരുകയാണ്. തോൽക്കാൻ തയ്യാറാവാത്ത, ആലസ്യങ്ങൾ അലട്ടാതെ മുന്നേറുന്ന, ഭരണാധികാരികളും ഒപ്പംനിൽക്കുന്ന ജനങ്ങളും. ഒപ്പം ഈ രാജ്യത്തിന്റെ ഉയർച്ചയെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകമുണ്ട്, മതസൗഹാർദമെന്ന മന്ത്രമാണത്. മനസ്സുമടുപ്പിച്ച കറുത്തദിനങ്ങൾകടന്ന് പ്രശാന്തസുന്ദരദിനങ്ങളിലേക്കു പാദങ്ങൾ ചവിട്ടുമ്പോൾ രാജ്യവും ജനങ്ങളും വലിയ ആവേശത്തിലാണ്. മനസ്സിനെ പിറകോട്ടടിക്കുന്ന ദുഷ്ചിന്തകളെ അതിജീവിച്ച് മുന്നോട്ടുകുതിക്കാനുള്ള ഊർജം സന്നിവേശിപ്പിക്കുന്ന നല്ലദിനങ്ങൾ. ഈ പെരുന്നാളിന്റെ ആഘോഷങ്ങൾക്കുള്ള പ്രസക്തിയും അതുതന്നെയാണ്.

ജാതിയും മതവും വർഗവും വർണവും രാജ്യവുമൊന്നും നോക്കാതെ എല്ലാവരും ഒരുമിച്ചാഘോഷിക്കുന്ന നന്മയുടെ രാവുകൾ. മധുരം നൽകുന്നതിലും ഭക്ഷണം വിളമ്പുന്നതിലുമെല്ലാം എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നുവെന്നത് മറ്റുരാജ്യങ്ങളിൽനിന്ന്‌ യു.എ.ഇ.യെ വ്യത്യസ്തമാക്കുന്നു. മാറ്റിനിർത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ രാജ്യം കാട്ടിയ മികവ് ഭരണാധികാരികളുടെ ഹൃദയവിശാലതയുടെ വലുപ്പം വ്യക്തമാക്കുന്നതാണ്. സ്നേഹത്തിന്റെ, സഹവർത്തിത്വത്തിന്റെ, ഒരുമയുടെ അഴകുള്ള ചിത്രമാണ് രാജ്യം വരച്ചുവെക്കുന്നത്.
മതസൗഹാർദത്തിനും മാനവികതയ്ക്കും രാജ്യം നൽകുന്ന പ്രാധാന്യമാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി ഈ രാജ്യത്തെ വളർത്തിയത്.വിനോദസഞ്ചാരികളുടെ ഇഷ്ടരാജ്യമായും ആത്മസംതൃപ്തിയോടെ തൊഴിൽ ചെയ്യാവുന്ന ഇടമായും മാറ്റിയത് മതസൗഹാർദത്തിനു രാജ്യം നൽകുന്ന മുൻഗണനയാണ്.

മലയാളികൾ എന്നും സ്വന്തം നാടിനൊപ്പം ഈ നാടിനെയും നെഞ്ചോടടുപ്പിച്ചു. മലയാളനാടിന്റെ മഹിമ ഉയർത്തുന്നതിൽ ഈ രാജ്യത്തിനുള്ള പങ്ക് വിസ്മരിക്കാനാവുന്നതല്ല. സുരക്ഷയുടെ കാര്യത്തിലും രാജ്യം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സ്വാതന്ത്ര്യത്തോടെ ആർക്കും ഏതുസമയത്തും വിഹരിക്കാമെന്നത്‌ ലോകരാഷ്ട്രങ്ങളെ ഇവിടേക്കാകർഷിച്ച പ്രധാനഘടകമാണ്.
ഓരോ ആഘോഷങ്ങളും മാനവികതയുടെ മധുരനാദം മീട്ടുന്നവയാണ്. രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെ മനസ്സിലാക്കി ചേർത്തുവെച്ച ദേശം. സഹജീവികളെ ചൂഷണംചെയ്യാതെ, താങ്ങായിമാറുന്ന നാട്. കഠിനാധ്വാനത്തോടൊപ്പം ഇതെല്ലാമാണ് ഈ രാജ്യത്തിന്റെ കുതിപ്പിന് ആക്കംകൂട്ടുന്ന ഘടകങ്ങളെന്നു നമുക്കു മനസ്സിലാക്കാം.
മനുഷ്യനെ തരംതിരിക്കാതെ, നന്മയുടെയും ആശയങ്ങളുടെയും കഴിവിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ അളക്കുന്ന നാട്. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും മറ്റുമതസ്ഥരും ഒപ്പം മതമില്ലാത്തവരും ഒരുമിച്ചിരുന്ന്‌ കഴിക്കുന്നതും ആഘോഷങ്ങളിൽ പങ്കുചേരുന്നതും ഉറങ്ങുന്നതും ഹൃദയംകുളിർപ്പിക്കുന്ന കാഴ്ചകളാണ്.
മതത്തെക്കാൾ മനുഷ്യനും അവന്റെ നന്മകൾക്കും പ്രാധാന്യം കൽപ്പിക്കുന്ന രാജ്യം. മനുഷ്യനെ മാറ്റിനിർത്താതെ, ചേർത്തുപിടിച്ച നാട്. പെറ്റമ്മയോളം സ്നേഹംതന്ന പോറ്റമ്മയായ നാട്. മതിലുകൾ മേയാതെ കഠിനാധ്വാനം ചെയ്യുന്നവർക്കും അർപ്പണബോധത്തോടെ പെരുമാറുന്നവർക്കും അവസരം മെനഞ്ഞ ദേശം. സുന്ദരസ്വപ്നങ്ങളുമായി ലോകത്തിന്റെ നെറുകയിലേക്കു രാജ്യം പറന്നുയരുമ്പോൾ ഇത് മതസൗഹാർദത്തിന്‌ പ്രാധാന്യം നൽകിയ ഭരണാധികാരികളുടെയും അവരോടൊപ്പംനിന്ന ജനതയുടെയും വിജയമാണ്.

Content Highlights: gulf feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..