ഓർമകൾക്ക് ചിറകേകി ക്ലബ്ബ് എഫ്.എം. 99.6


രമിഷ എം.കെ

:ഓർമകൾക്ക് എന്നും പുത്തൻ പുസ്തകത്താളിന്റെ സുഗന്ധമാണ്. വാക്കുകൾകൊണ്ട് പൂർത്തിയാക്കാൻ കഴിയാത്ത പലതും പ്രിയപ്പെട്ട ഓർമകളായി മനസ്സിന്റെ കോണിൽ സൂക്ഷിക്കുന്നവരാണ് നാമോരോരുത്തരും. ചുട്ടുപൊള്ളിക്കുന്ന ചൂടിലും പ്രാരാബ്ധങ്ങൾക്കിടയിലും പലപ്പോഴും ആഗ്രഹങ്ങളും ഇഷ്ടങ്ങളും പ്രവാസികൾ മനഃപൂർവം മറക്കുകയുംചെയ്യും. എങ്കിലും മനസ്സ് എപ്പോഴും വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവരിലുമായി കെട്ടുപിണഞ്ഞിരിക്കും. നാട്ടിലേക്കുള്ള യാത്ര സ്വപ്നംകണ്ട് ദിവസങ്ങൾ തള്ളിനീക്കുന്നവരാണ് പ്രവാസികളിലേറെയും. പ്രവാസത്തിലെ പ്രയാസങ്ങൾക്കിടയിൽ പ്രിയപ്പെട്ട പല ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്നവരുടെ ഗൃഹാതുരത്വംനിറഞ്ഞ ഓർമകൾക്ക് പുതുജീവൻ നൽകുകയായിരുന്നു മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 സംഘടിപ്പിച്ച കിയോക്സിയ ഈദ് മെമ്മറീസ് വേദിയിലൂടെ.
ഏറെ പ്രിയപ്പെട്ട ഫോട്ടോകൾ പഴ്‌സിലും മൊബൈൽ ഫോണിന്റെ വാൾപേപ്പറിലുമൊക്കെ ഇപ്പോഴും കൊണ്ടുനടക്കുന്നവരുണ്ട്. സാഹചര്യങ്ങൾ വില്ലനാകുമ്പോൾ അതുപോലൊരു ഫോട്ടോ ഒന്നിച്ചെടുക്കാൻ വർഷങ്ങൾ വീണ്ടും കാത്തിരിക്കുന്നവർ. ആ കാത്തിരിപ്പിന് ചിറകുമുളപ്പിക്കുകയായിരുന്നു ക്ലബ്ബ് എഫ്.എം 99.6. ഓർമകളിൽ തങ്ങിനിൽക്കുന്ന ഏറെ പ്രിയപ്പെട്ടവരെ യു.എ.ഇ.ലെത്തിക്കാൻ മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 കിയോക്സിയയുമായി സഹകരിച്ച് നടത്തിയ ഈദ് മെമ്മറീസ് അത്തരത്തിൽ വേറിട്ടതായി.
പ്രിയപ്പെട്ട ഫോട്ടോയും അതിനുപിന്നിലെ ഓർമകളും പങ്കുവെച്ച് ഒട്ടേറെ ശ്രോതാക്കളാണ് മത്സരത്തിന്റെ ഭാഗമായി മുന്നോട്ടുവന്നത്. യു.എ.ഇ.യിലെമ്പാടും ആഘോഷവും ആഹ്ലാദവും തിരതല്ലിക്കൊണ്ടായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ഇതിനുമുൻപ് ഇത്രയും മനോഹരവും വ്യത്യസ്തവുമായൊരു ഈദ് മെമ്മറീസ് യു.എ.ഇ.യിൽ മറ്റൊരു റേഡിയോ സ്റ്റേഷനും സംഘടിപ്പിച്ചിട്ടില്ലെന്നത് പരിപാടിയെ വേറിട്ടതാക്കി.

ഭാഗ്യശാലികളായത് അഞ്ച് കുടുംബങ്ങൾ
ആയിരക്കണക്കിന് മലയാളി ശ്രോതാക്കൾ അവരുടെ പ്രിയപ്പെട്ട ഒരു ഫോട്ടോയും അതിനുപിന്നിലെ ഓർമകളും ക്ലബ്ബ്.എഫ്.എമ്മുമായി പങ്കുവെച്ചിരുന്നു. കിയോക്സിയ മിഡിലീസ്റ്റുമായിച്ചേർന്ന് ഒരുമാസംവരെ നീണ്ടുനിന്ന പരിപാടിയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ അഞ്ച് കുടുംബങ്ങളിൽ ചിരി പകരാൻ കിയോക്സിയ ഈദ് മെമ്മറീസിലൂടെ കഴിഞ്ഞു. നിറഞ്ഞ ആവേശത്തോടെയും അത്യന്തം അഭിമാനത്തോടെയുമായിരുന്നു ക്ലബ്ബ് എഫ്.എം. അഞ്ച് കുടുംബങ്ങൾക്ക് ഈദ് സമ്മാനമൊരുക്കിയത്. അങ്ങിനെ ലീദാസ്, മുജീബ് റഹ്മാൻ, വൈഷ്ണവ്, ഉമൈറ, ബാബു എന്നിവരുടെ സ്വപ്നസാക്ഷാത്കാരത്തിന് മാതൃഭൂമി ക്ലബ്ബ് എഫ്.എം നിമിത്തമായി. വിജയികൾക്ക് ഈദ് സമ്മാനമായി അവരുടെ കുടുംബാംഗങ്ങളെ യു.എ.ഇ.യിലെത്തിച്ചു. പ്രിയപ്പെട്ട ഫോട്ടോയ്ക്ക് പിന്നിലുള്ള രസകരമായതും കണ്ണീരുപ്പുകലർന്നതുമായ ഓർമകളുടെ കഥ നേരിട്ട് പറയാൻ അവർ കൊച്ചിയിൽനിന്ന് ഷാർജയിലെത്തി.

ആഹ്ലാദം തിരതല്ലിയ നാളുകൾ
ഒരു ഫോട്ടോയിലൂടെ ജീവിതം മാറിമറിഞ്ഞവരാണിവർ. വർഷങ്ങളോളം ഗൾഫിൽ പണിയെടുത്താലും ഒരിക്കലെങ്കിലും കുടുംബത്തെ ഇവിടെ കൊണ്ടുവരാൻ സാധിക്കാത്തവർ. ആദ്യമായി വിമാനത്തിൽ യാത്രചെയ്യാൻ പറ്റിയ സന്തോഷമായിരുന്നു എത്തിയവർക്ക്. ഒരിക്കലും നേരിട്ട് കാണാൻ പറ്റില്ലെന്ന് കരുതിയ നഗരത്തിൽ വന്നെത്തിയതിലുള്ള സന്തോഷം അവർ മാതൃഭൂമി ക്ലഭ്ബ്.എഫ്.എമ്മുമായി പങ്കുവെച്ചു.
കണ്ണൂർ സ്വദേശിയായ വൈഷ്ണവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മാതാപിതാക്കളായ രാഘവനെയും ഇന്ദിരയെയും വിമാനത്തിൽ യാത്രചെയ്യിക്കുക എന്നത്. വിദേശയാത്ര സ്വപ്നംകണ്ട് അച്ഛൻ 19-ാമത് വയസ്സിൽ പാസ്പോർട്ട് എടുത്തിരുന്നെങ്കിലും ആ സ്വപ്നം യാഥാർഥ്യമായത് 69-ാമത് വയസ്സിലാണെന്ന് വിജയിയായ വൈഷ്ണവ് പറയുന്നു.
25 വർഷമായി യു.എ.ഇ.യിൽ ജോലിചെയ്യുന്ന മുജീബ് റഹ്മാന് ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന തന്റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരുക എന്നത് അത്ര എളുപ്പമായിരുന്നില്ല. താൻ കാണുന്ന യു.എ.ഇ. കാഴ്ചകൾ പ്രിയപ്പെട്ടവർക്കും കാണിച്ചുകൊടുക്കാൻ സാധിച്ചതിൽ അദ്ദേഹം മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിനോടും കിയോക്സിയയോടും സന്തോഷം പങ്കുവെച്ചു. ആദ്യ യു.എ.ഇ. യാത്ര നടത്താനായതിനുള്ള സന്തോഷം ലീദാസിന്റെ അമ്മ ലാലി ശിവദാസിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.
25 വർഷങ്ങൾ നീണ്ട പ്രവാസത്തിനിടയിൽ മക്കളെ ഒരിക്കലെങ്കിലും ദുബായിൽ കൊണ്ടുവരണമെന്നുള്ള ആഗ്രഹം സാധിച്ചതിൽ അതിരില്ലാത്ത സന്തോഷമാണെന്ന് ബാബു പറഞ്ഞു. ആദ്യമായി യു.എ.ഇ.യിലെത്തിയ സന്തോഷം മകൾ നന്ദിതയും ക്ലബ് എഫ്.എം. അവതാരകരുമായി പങ്കുവെച്ചു. യു.എ.ഇ.യിൽ വീട്ടുജോലിക്കാരിയായി ഉപജീവനം നടത്തുന്ന ഉമൈറ നാട്ടിലേക്ക് പോയിട്ട് വർഷങ്ങളായിരുന്നു. മാതൃഭൂമി ക്ലബ്ബ് എഫ്.എം. കിയോക്സിയ ഈദ് മെമ്മറീസ് വിജയിയായതിലൂടെ തന്റെ മകനായ സുറൂർ മുഹമ്മദിനെ യു.എ.ഇ.യിലേക്ക് കൊണ്ടുവരാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം വാക്കുകൾക്കപ്പുറമാണെന്നും ഉമൈറ പറഞ്ഞു.

നിറമുള്ള ചിത്രം സമ്മാനിച്ച് നാല് രാത്രി, മൂന്നു പകൽ
നാല് രാത്രിയും മൂന്ന് പകലും നീണ്ടുനിന്ന യു.എ.ഇ. സന്ദർശനം പലരുടെയും ജീവിതത്തിന്റെ നിറമുള്ള ഏടായി മാറിയെന്നെതിൽ സംശയമില്ല. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫ, ദുബായ് ഫൗണ്ടെയ്ൻ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, അണ്ടർ വാട്ടർ സൂ, ദുബായ് അേക്വറിയം, ഡെസേർട്ട് സഫാരി, ഡൗ ക്രൂയിസ് തുടങ്ങിയവ കുടുംബസമേതം സന്ദർശിക്കാൻ അവർക്ക് അവസരം ലഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നിർമിതിക്ക് മുന്നിൽനിന്നുകൊണ്ട് അവർ ഗൃഹാതുരത്വം നിറഞ്ഞ പഴയ ഫോട്ടോ പുനരുജ്ജീവിപ്പിച്ചു. ദുബായ് നിരത്തുകൾ അവരെ കൗതുകകാഴ്ചകൾകൊണ്ട് വിസ്മയിപ്പിച്ചു. ജീവിതത്തിൽ കൈവന്ന അത്യപൂർവനിമിഷം അവർ ക്ലബ്ബ് എഫ്.എം. ആർ.ജെ.മാർക്കൊപ്പം ശ്രോതാക്കളുമായും പങ്കുവെച്ചു. ക്ലബ്ബ് എഫ്.എം. സ്റ്റുഡിയോ സന്ദർശിക്കാനെത്തിയ വിജയികളെ കിയോക്സിയ അംഗങ്ങൾ കൈനിറയെ സമ്മാനങ്ങളുമായി ചേർത്തുനിർത്തുകയും ചെയ്തു.
തോഷിബ വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ്, െപ്രാഡക്ട് മാനേജർ ബാസ്റ്റിൻ ജെയിംസ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുന്നതിൽപരം സൗഭാഗ്യം മറ്റൊന്നുമില്ല. ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രോതാക്കളെ വിസ്മയിപ്പിച്ചും മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 പ്രവാസികളുടെ ഉറ്റതോഴനായി ജൈത്രയാത്ര തുടരുകയാണ്.

ഓർമകളെ ചേർത്തുനിർത്താനായ സന്തോഷത്തിൽ കിയോക്‌സിയ
സ്വപ്നങ്ങൾ യാഥാർഥ്യമാക്കികൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് മെമ്മറി കാർഡ്, യു.എസ്.ബി. തുടങ്ങിയവ വിപണിയിലെത്തിക്കുന്ന മുൻനിരസ്ഥാപനമായ കിയോക്സിയ. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒട്ടേറെ പേരുടെ സ്വപ്നമാണ് കിയോക്സിയയിലൂടെ പൂവണിഞ്ഞത്. ക്ലബ്ബ് എഫ്.എമ്മുമായിച്ചേർന്ന് നേരത്തെയും ഒട്ടേറെ ജനപ്രിയ പരിപാടികൾ കിയോക്സിയ നടത്തിയിട്ടുണ്ട്. യുവത്വത്തിന്റെ അഭിരുചികൾക്ക് അനുസരിച്ചുള്ള ഗുണനിലവാരത്തിലും രൂപഭംഗിയിലുമാണ് കിയോക്സിയ ഉപകരണങ്ങൾ വിപണിയിൽ ഇറക്കുന്നത്. തോഷിബ മെമ്മറീസ് ഉപകരണങ്ങളാണ് ഇപ്പോൾ കിയോക്സിയ എന്നപേരിൽ വിപണിയിൽ ലഭിക്കുന്നത്.

Content Highlights: gulf feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..