പൈതൃകമുറങ്ങുന്ന അൽ ജാഹിലി കോട്ട


ഈ ചരിത്രസ്മാരകം സന്ദർശിക്കുന്നതിനും പൈതൃകകാഴ്ചകൾ ആസ്വദിക്കുന്നതിനും ധാരാളംപേരാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് തൊട്ടടുത്താണ് ശൈഖ് സായിദ് പാലസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

ടി.എസ്. സുരേഷ്‌കുമാർ

അൽ ഐനിലെ ചിരപുരാതന ചരിത്രസ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്. 1898-ൽ ശൈഖ് സായിദ് ബിൻ ഖലീഫ അൽ നഹ്യാന്റെ ഭരണകാലത്താണ് അൽ ജാഹിലി കോട്ട പണികഴിപ്പിക്കുന്നത്. ഈ ചരിത്രസ്മാരകം സന്ദർശിക്കുന്നതിനും പൈതൃകകാഴ്ചകൾ ആസ്വദിക്കുന്നതിനും ധാരാളംപേരാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് തൊട്ടടുത്താണ് ശൈഖ് സായിദ് പാലസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം അബുദാബിയുടെ ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ബിൻ ഖലീഫയുടെ ഉത്തരവ് പ്രകാരം 1891-ലാണ് ഈ കോട്ടയുടെ നിർമാണം ആരംഭിച്ചത്. വേനൽക്കാലങ്ങളിൽ അബുദാബി ഭരണാധികാരികൾ അൽ ഐനിൽ താമസിക്കുക പതിവായിരുന്നു. മികച്ച കാലാവസ്ഥ, അന്തരീക്ഷത്തിലെ കുറഞ്ഞ ആർദ്രത, ഫലഭൂയിഷ്ഠമായ മണ്ണ്, ശുദ്ധജലലഭ്യത തുടങ്ങിയ ഘടകങ്ങൾ അൽ ഐനിലേക്ക് ഏവരെയും ആകർഷിച്ചിരുന്നു. അൽഐനിൽ ധാരാളം കൃഷിയിടങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ കൃഷിക്കാരുടെ സംരക്ഷണത്തിനായാണ് കോട്ട പണിയുന്നത്. ഈ കോട്ട ഭരണാധികാരി തന്റെ വേനൽക്കാല വസതിയായും ഉപയോഗിച്ചിരുന്നു.

ഇടുങ്ങിയ പടവുകളോടെ വട്ടത്തിലുള്ള ഒരു നിരീക്ഷണ ഗോപുരം, ചതുരാകൃതിയിൽ ഉയർന്ന മതിലുകളോടുകൂടിയ കോട്ട എന്നിവയാണ് തുടക്കത്തിൽ പണികഴിപ്പിച്ചിരുന്നത്. ഇതിലെ നിരീക്ഷണ ഗോപുരം അൽഐൻ മരുപ്പച്ചയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന പ്രധാന പ്രതിരോധ സ്ഥാനങ്ങളിലൊന്നായിരുന്നു.

സായിദ് ഒന്നാമന്റെ കാലശേഷം ഈ കോട്ടയിൽ ഏതാനും പതിറ്റാണ്ടുകൾ അദ്ദേഹത്തിന്റെ പിൻഗാമികൾ താമസിച്ചിരുന്നു. തുടർന്ന് 1950-കളിൽ ബ്രിട്ടീഷുകാർ വരുന്നതുവരെ ഈ കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രാദേശിക ആസ്ഥാനം എന്ന നിലയിൽ ഈ കോട്ട ഉപയോഗിച്ചിരുന്നു. 2007-2008 വർഷങ്ങളിൽ അൽ ജാഹിലി കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും കോട്ടയെ ഒരു ചരിത്ര സ്മാരകമാക്കി മാറ്റുകയും ചെയ്തു. ഒരു ഇൻഫർമേഷൻ സെന്റർ, ബ്രിട്ടീഷ് സഞ്ചാരിയായിരുന്ന സർ വിൽഫ്രഡ് തെസിഗറുടെ ഓർമകൾ നിലനിർത്തുന്ന ഒരു സ്ഥിരം പ്രദർശനം എന്നിവ ഇന്ന് കോട്ടയിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

Content Highlights: gulf feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..