യന്തിരൻ സിനിമയിലെ ഗാനരംഗത്തിൽ തിളങ്ങിയ കിളിമഞ്ചാരോയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. പർവതാരോഹകരെയും സഞ്ചാരികളെയും ഒരുപോലെ കൊതിപ്പിക്കുന്ന, ആഫ്രിക്കൻ സമതലങ്ങൾക്ക് മുകളിൽ ഗാംഭീര്യത്തോടെ ഉയർന്നുനിൽക്കുന്ന ഈ പർവതത്തിലേക്ക് ഒരു യാത്ര സ്വപ്നംകാണാത്ത സഞ്ചാരികൾ കുറവാണ്. 1889-ൽ ആദ്യമായൊരാൾ ഈ പർവതത്തിന് മുകളിൽ കാലുകുത്തിയ അന്നുമുതൽ ഇന്നുവരെ കിളിമഞ്ചാരോ മലകയറ്റക്കാരെ സ്വാഗതംചെയ്യുകയാണ്.
വിണ്ണിന്റെ ഉയരങ്ങളിലേക്ക്...
പൂർണചന്ദ്രൻ കനിഞ്ഞരുളിയ നിലാവെളിച്ചം നിറഞ്ഞുനിൽക്കുന്ന മലഞ്ചെരിവുകളിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരുന്ന ചെറു പാറക്കൂട്ടങ്ങൾ മന്ദസ്മിതത്തോടെ ഞങ്ങളെ നോക്കി നിശബ്ദമായി നിൽക്കുന്നുണ്ടായിരുന്നു. തണുപ്പിൽ പുതഞ്ഞ് വളഞ്ഞുപുളഞ്ഞു മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന മൺപാതകളിൽ ഞങ്ങൾക്ക് കൂട്ടായി അനുനിമിഷം ആയാസപ്പെട്ടുകൊണ്ട് ശ്വാസോച്ഛ്വാസത്തിന്റെ അകമ്പടിതാളം കൂട്ടുവന്നു. പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങൾ വീണു തുടങ്ങിയപ്പോഴേക്കും ഞങ്ങൾ മേഘങ്ങൾക്ക് മുകളിൽ എത്തിയിരുന്നു. തൂവെള്ളനിറത്തിൽ ചെറുതും വലുതുമായി പലരൂപത്തിലും ഭാവത്തിലും ഞങ്ങളെ നോക്കിച്ചിരിച്ച മേഘക്കൂടുകളെ ശ്രദ്ധാപൂർവം വകഞ്ഞുമാറ്റി ഞങ്ങൾ മുന്നോട്ടുതന്നെ നടന്നു.
അസ്ഥികളിൽ തുളച്ചുകയറിക്കൊണ്ടിരുന്ന തണുപ്പിന്റെ അസ്വസ്ഥതയ്ക്ക് ആശ്വാസം നൽകിക്കൊണ്ട് മലഞ്ചെരിവുകളുടെ നീലാകാശത്തിൽ സൂര്യരശ്മികൾ തെളിഞ്ഞുയർന്നുവന്നു. ശ്വാസനാളത്തിലേക്കു കടന്നുവന്നുകൊണ്ടിരുന്ന തണുത്ത കാറ്റിന്റെ മരവിപ്പ് ശരീരമാസകലം ക്രമേണ ബാധിക്കുന്നതായി തോന്നി. സർവ പേശീസമൂഹത്തെയും തണുപ്പിലുറയിച്ചുകൊണ്ട് പാറക്കെട്ടുകളൊന്നിൽ ഞാൻ ബന്ധനസ്ഥയായതുപോലെ തോന്നി. പാറക്കൂട്ടങ്ങൾക്കിടയിൽനിന്ന് പെരുമ്പാമ്പിനെപ്പോലെ വളർന്നുവന്ന തണുപ്പ് അടപടലം വിഴുങ്ങാനായി വാ പിളർന്നപ്പോൾ ആയാസപ്പെട്ട് എഴുന്നേറ്റുനിൽക്കാൻ ശ്രമിച്ചു.
മണിക്കൂറുകളുടെ നടത്തം ക്ഷീണിപ്പിച്ച കാൽമുട്ടുകൾ, ശരീരഭാരം താങ്ങാനാവാതെ വിറകൊണ്ടപ്പോൾ ചുറ്റിലും ഭൂമി കറങ്ങുന്നതായി തോന്നി. മലനിരകളും മേഘക്കൂട്ടങ്ങളും പാറക്കൂട്ടങ്ങളും മൺപാതകളുമൊക്കെ കൂടിക്കുഴഞ്ഞു ത്രിമാനഭാവത്തിൽ ചുറ്റിലും വ്യാപിച്ചു. കണ്ണിന്റെ ചെറുകോണുകളിൽ ഇരുട്ടിന്റെ തണുത്ത കാറ്റു വീശുന്നതുപോലെ. ഒരുനിമിഷം പേടിയോടെനിന്ന എന്റെ ചെവിയിൽ, യാത്ര മതിയാക്കി തിരികെ പോകാൻ ആരോ മന്ത്രിച്ചു.
ബാല്യകൗമാരങ്ങളിൽ മറ്റുകുട്ടികൾക്കൊപ്പം ആവേശത്തോടെ ഓടിക്കളിക്കുവാൻ കഴിയാതെ, ആസ്തമയുടെ അസ്വസ്ഥതകളുണ്ടാക്കിയ നിരാശനിറഞ്ഞ ആ കുട്ടിക്കാലത്തിന്റെ ഓർമകളോടെ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഒരുൾവിളിയുണ്ടായി. ഭൂമി കുലുങ്ങുന്നതു പോലെ തോന്നി. ഏതാനും നിമിഷങ്ങളുടെ വിഭ്രാന്തിക്കപ്പുറത്ത് സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും, വഴികാട്ടിയും സഹായിയുമായ ജോക്വിം എന്നെ പിടിച്ചുകുലുക്കിയതാണെന്നു മനസ്സിലായി. ഒരായിരം സൂചികൾ ഒരുമിച്ച് കുത്തിക്കയറ്റുന്നപോലെ അസ്വസ്ഥതയുണ്ടാക്കുന്ന തലവേദനയ്ക്കിടയിലൂടെ ഒരു ബുദ്ധസന്യാസിയുടെ ശാന്തതയുള്ള ജോക്വിമിന്റെ മുഖം ഞാൻ കണ്ടു.സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5756 മീറ്റർ ഉയരത്തിൽ, ആഫ്രിക്കയുടെ മേൽക്കൂരയെന്നറിയപ്പെടുന്ന കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയ്ക്കടുത്തുള്ള സ്റ്റെല്ല പോയന്റിൽ ആയിരുന്നു ഞാനപ്പോൾ നിന്നിരുന്നത്. കഴിഞ്ഞ ആറുദിവസത്തെ ട്രെക്കിങ്ങിനുശേഷം ഏകദേശം 15 പേരടങ്ങുന്ന ഞങ്ങളുടെ സംഘം കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയിലേക്കുള്ള നിർണായകമായ യാത്രയിലേക്കായിരുന്നു.ശ്വാസമെടുക്കാൻ പറ്റുന്നുണ്ടോയെന്ന ജോക്വിമിന്റെ ചോദ്യത്തിന് തലയാട്ടി സമ്മതം മൂളി. ജാക്കറ്റ് അയവുള്ളതാക്കാൻ അദ്ദേഹം സഹായിച്ചു. കൂടെയുള്ളവരെല്ലാംതന്നെ പർവതത്തിന്റെ മുകളിലേക്ക് യാത്ര തുടങ്ങിയിരുന്നു. അധികം വിശ്രമിക്കാൻ സമയമില്ലെന്ന തിരിച്ചറിവോടെ ഞാനും മുന്നോട്ടു നീങ്ങിത്തുടങ്ങി. ഒരുപക്ഷേ പരാജയപ്പെട്ടു പോയേക്കാമെന്ന പേടിയെ മറികടന്നു ക്ഷീണിച്ചുപോയ ശരീരത്തെയും മനസ്സിനെയും ഉത്തേജിപ്പിക്കാനായി മുന്നോട്ടുപോകാൻ സ്വയം ഉറക്കെ അലറിക്കൊണ്ടിരുന്നു. ആശ്ചര്യത്തോടെ നോക്കിക്കൊണ്ടിരുന്ന സഹയാത്രികരുടെ കണ്ണുകളെ വകവെക്കാതെ ഞാൻ കിളിമഞ്ചാരോ പർവതത്തിന്റെ നെറുക് ലക്ഷ്യമാക്കി നടന്നു. ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു അനുഭവമായിരുന്നത്.
ഇത് സ്വപ്‌നസഫലീകരണം
കോവിഡ് മഹാമാരി നാലു ചുമരുകൾക്കുള്ളിലേക്കു തളച്ചിട്ടപ്പോഴാണ് യു.എ.ഇ.യിലെ മലനിരകളിൽ ചെറിയരീതിയിലുള്ള ട്രെക്കിങ്ങ് നടത്തിത്തുടങ്ങിയത്. മലനിരകളുടെ നിഗൂഢസൗന്ദര്യം കീഴ്‌പ്പെടുത്തിയപ്പോഴാണ് കിളിമഞ്ചാരോ അതിന്റെ എല്ലാ വശ്യസുന്ദര ഭാവത്തോടുംകൂടി മാടിവിളിക്കാൻ തുടങ്ങിയത്. പലവിധ കാരണങ്ങളാൽ രണ്ടുവർഷത്തോളം സ്വപ്‌നം നീണ്ടുപോയി. ഒടുവിൽ ഞാനും ഭർത്താവുമുൾപ്പെടുന്ന സംഘം ദുബായിൽനിന്ന് എത്യോപ്യവഴി കിളിമഞ്ചാരോ പർവതം സ്ഥിതിചെയ്യുന്ന ടാൻസാനിയയിലെ മോഷി പട്ടണത്തിലെത്തി. കിളിമഞ്ചാരോ പർവതനെറുകയിലേക്കുള്ള വിവിധ പാതകളിൽ ഏറ്റവും മനോഹരമായ മച്ചാമി പാതയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.
മറ്റുള്ള പാതകളിൽനിന്ന് വ്യത്യസ്തമായി മച്ചാമി പാതയിൽ സമയദൈർഘ്യം കൂടുമെങ്കിലും സമുദ്രനിരപ്പിൽനിന്ന് ഉയരത്തിൽ നിൽക്കുന്ന ഭൂപ്രകൃതിയുമായി സമരസപ്പെടാൻ ശരീരത്തിന് ആവശ്യത്തിന് സമയം ലഭിക്കും എന്നതുകൊണ്ടായിരുന്നു ഈ പാതതന്നെ തിരഞ്ഞെടുത്തത്. യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങളും സാധനസാമഗ്രികളും കുറെയൊക്കെ വാങ്ങുകയും ബാക്കിയൊക്കെ മോഷി പട്ടണത്തിൽനിന്ന് വാടകയ്ക്കെടുക്കുകയുമായിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തിയ സഹയാത്രികർക്കൊപ്പം, ട്രെക്കിങ്ങ് കമ്പനി നൽകിയ നിർദേശമനുസരിച്ച് ജൂലായ് ഒമ്പതിന് രാവിലെ കിളിമഞ്ചാരോ നാഷണൽ പാർക്കിന്റെ തെക്കുപടിഞ്ഞാറൻഭാഗത്തുള്ള മച്ചാമി പ്രവേശന കവാടത്തിൽ ഞങ്ങളെത്തി. പർവതാരോഹണത്തിന് പറ്റിയ കാലാവസ്ഥയായതിനാൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരുടെ നല്ല തിരക്കുണ്ടായിരുന്നു.
ഏകദേശം 20 പേരടങ്ങുന്ന ഞങ്ങൾക്കൊപ്പം തദ്ദേശീയരായ വഴികാട്ടികളുടെയും സഹായികളുടെയും ഒരു വലിയസംഘം അനുഗമിക്കുന്നുണ്ട്. ഞങ്ങളുടെ ബാഗുൾപ്പെടെയുള്ള സാധന സാമഗ്രികൾ ചുമക്കാനും ഭക്ഷണവും ടെന്റുമുൾപ്പെടെയുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിത്തരാനുമുള്ള ചുമതല ഇവർക്കാണ്. താരതമ്യേന ലഘുവായ നടപടിക്രമങ്ങൾ പൂർത്തിയാക്കി, പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങൾ ആവേശത്തോടെ ആദ്യദിവസത്തെ യാത്ര തുടങ്ങി.
നനഞ്ഞ മൺപാതകളിലൂടെ...
കിളിമഞ്ചാരോ നാഷണൽ പാർക്കിലെ മഴക്കാടുകളിലെ, ചാറ്റൽമഴ വീണു നനഞ്ഞ മൺപാതകളിലൂടെ, പച്ചപ്പിന്റെ നിശബ്ദമായ തണുപ്പ് നിറഞ്ഞുനിൽക്കുന്ന വഴികളിലൂടെ ഏകദേശം ഏഴുമണിക്കൂർ നീണ്ടുനിന്ന യാത്രയായിരുന്നു അത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3000 മീറ്റർ ഉയരത്തിലേക്ക് കയറുന്നത്തോടെ ആയാസപ്പെട്ടുതുടങ്ങുന്ന കാൽമുട്ടുകൾക്കൊപ്പം കടുത്ത തലവേദനയും കൂട്ടിനെത്തും. സൂര്യാസ്തമയത്തിനുമുൻപ് ക്യാമ്പിലെത്തി വിശ്രമം. കുറച്ചുസമയത്തിന് ശേഷം അത്താഴവും പിറ്റേദിവസത്തെ യാത്രയെക്കുറിച്ചുള്ള നിർദേശങ്ങളും ലഭിക്കും. തുടർന്ന് ഉറക്കം.
അതിരാവിലെത്തന്നെ, ഉറങ്ങിക്കിടക്കുന്ന നമ്മളെ വിളിച്ചുണർത്തി കുടിക്കാൻ ചായതരും. അല്പസമയത്തിനുശേഷം പല്ലുതേക്കാനും വൃത്തിയാക്കാനുമായി ചെറിയ പാത്രത്തിൽ കുറച്ചുവെള്ളംതരും. ടെന്റുകൾക്കുസമീപത്തായി ക്രമീകരിച്ചിരിക്കുന്ന താത്കാലിക ടോയ്‌ലെറ്റിൽ പ്രഭാതകർമങ്ങൾ. കുറച്ചുസമയത്തിനുശേഷം പ്രഭാത ഭക്ഷണം. വിശപ്പില്ലെങ്കിൽകൂടി വയറുനിറയെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ട്രെക്കിങ്ങ് കമ്പനിയുടെ വഴികാട്ടികൾ കൂടെനിൽക്കും. അല്പസമയത്തിനുശേഷം പ്രാഥമിക വൈദ്യപരിശോധനയ്ക്കുശേഷം അന്നേ ദിവസം യാത്രയ്ക്കിടയിൽ കുടിക്കാനുള്ള 2-3 ലിറ്റർ വെള്ളവും ബാഗിൽ കരുതിക്കൊണ്ടു യാത്രതുടങ്ങുന്നു.
പിന്നീടങ്ങോട്ടുള്ള എല്ലാദിവസത്തെയും ദിനചര്യ ഇതുതന്നെയായിരുന്നു. ഓരോരുത്തരുടെയും ശാരീരികക്ഷമതയനുസരിച്ച് അന്നത്തെ യാത്ര പൂർത്തിയാക്കി നേരത്തെതന്നെ ക്യാന്പിലെത്തി വിശ്രമിച്ചുകൊണ്ടിരുന്നു. കേരളത്തിലെ മൂന്നാറിന് സമാനമായി മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന, തെന്നലും വഴുക്കലും നിറഞ്ഞു കുത്തനെ മുകളിലേക്ക് കയറിപ്പോകുന്ന ദുർഘടമായ പാറക്കൂട്ടങ്ങൾക്കു മുകളിലേക്കായിരുന്നു രണ്ടാംദിവസത്തെ യാത്ര. വഴുതിവീഴുമോയെന്ന ആശങ്കയിൽ നിൽക്കുന്ന ഞങ്ങൾക്ക് മുൻപിലൂടെ തലയിൽ വലിയൊരു ചുമടുമായി കൈകൾ വീശിക്കൊണ്ട് തദ്ദേശീയരായ തൊഴിലാളികൾ അനായാസം കയറിപ്പോകുന്നുണ്ടായിരുന്നു. മൂടൽമഞ്ഞു ഒളിച്ചുകളിക്കുന്ന അന്നത്തെ യാത്രയിൽ ടാൻസാനിയയിലെ തന്നെ മറ്റൊരു പർവതമായ മൗണ്ട് മേരു കാണാൻ സാധിക്കും
യാത്രയിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാംദിവസം ലാവാ ടവർ എന്ന വലിയൊരു പർവതശിഖരം കടന്നു, പാറക്കെട്ടുകൾക്കിടയിലൂടെ ഏകദേശം 8-10 മണിക്കൂർവരെ നീളുന്ന നടത്തം കഴിഞ്ഞു ക്യാന്പിലെത്തുമ്പോഴേക്കും നമ്മളുടെ ശാരീരികക്ഷമത പൂർണമായും പരീക്ഷിക്കപ്പെട്ടിരിക്കും. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 4600 മീറ്ററോളം ഉയരത്തിലുള്ള ലാവാ ടവർ ക്യാമ്പിൽനിന്ന് അടുത്തദിവസം ബാരൻകോ വാൾ ക്യാന്പിലേക്കും അവിടെനിന്ന് അടുത്തദിവസം ബറഫു ക്യാന്പിലേക്കും എത്തുമ്പോഴേക്കും ട്രെക്കിങ്ങിന്റെ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ടായിരുന്നു.
ലക്ഷ്യത്തിലേക്ക്...
യാത്രയുടെ അഞ്ചാംദിവസം വൈകുന്നേരത്തെ പതിവുവിശ്രമത്തിനു ശേഷം ഏകദേശം രാത്രി 12 മണിയോടെ കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയിലേക്കുള്ള നിർണായകമായ യാത്രയാരംഭിച്ചു. പിറ്റേന്ന് പ്രഭാതമാകുമ്പോഴേക്കും പർവതത്തിന്റെ നെറുകയിലെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആശങ്കകളെ ആസ്ഥാനത്താക്കിക്കൊണ്ട്, തെളിഞ്ഞ ആകാശവും കാലാവസ്ഥയും ഞങ്ങളെ സ്വാഗതംചെയ്തുകൊണ്ടിരുന്നു.മുൻപു പറഞ്ഞു നിർത്തിയതുപോലെ, വഴികാട്ടിയും സഹായിയുമായ ജോക്വിമിന്റെ കരുത്തുറ്റ കരങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട് എന്നോടുതന്നെ ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ടു ഞാൻ, സ്റ്റെല്ല പോയന്റിനിൽനിന്ന് കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയിലേക്ക് നടന്നുനീങ്ങി. മുന്നോട്ടുവെക്കുന്ന ഓരോ ചുവടും അതികഠിനമായി തോന്നി. സമുദ്രനിരപ്പിൽനിന്ന് 5900 മീറ്ററിലേറെ ഉയരത്തിൽ കടുത്ത തലവേദനയെയും ചുറ്റുമുള്ള എല്ലാറ്റിനെയും അവഗണിച്ചുകൊണ്ട്, ജോക്വിമിന്റെ കാൽപ്പാടുകൾ മാത്രം പിന്തുടർന്നുകൊണ്ടു ഞാൻ മുന്നോട്ടുനടന്നു. ആസ്ത്‌മയുടെ അസ്വസ്ഥതകൾ പരാധീനപ്പെടുത്തിക്കളഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ മങ്ങിയ ഓർമച്ചിത്രങ്ങൾക്കിടയിലൂടെ ഞാൻ കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയായ ഉഹുറു പീക്കിന്റെ വിദൂരദൃശ്യം കണ്ടു. സ്വപ്ന സഫലീകരണത്തിന്റെ എല്ലാ സന്തോഷത്തോടുംകൂടി അല്പസമയത്തിനുശേഷം പർവതത്തിന്റെ നെറുകയിലെത്തുമ്പോഴേക്കും കണ്ണുകൾ ഞാനറിയാതെതന്നെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരു ബുദ്ധസന്യാസിയുടെ നിസ്സംഗമായ ചിരിയോടെ എന്റെ ചിത്രങ്ങളെടുക്കാൻ ഫോണുയർത്തിയ ജോക്വിമിന് മുൻപിൽ, ഞാൻ എന്നോടും ഈ ലോകത്തോടും പറയാൻ കരുതിയ സന്ദേശമടങ്ങിയ പോസ്റ്റർ ഉയർത്തിപ്പിടിച്ചു. ആത്മാവിന്റെയൊരംശം പറിച്ചെടുത്ത് ഞാൻ അതിൽ ഇങ്ങനെ എഴുതിയിരുന്നു
I DREAMT, I BELIEVED I PURSUED I REACHED.
Content Highlights: gulf feature
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..