ദുബായ്പേരിനുപിന്നിലെ കഥ


വനിത വിനോദ്‌

പേരിലെ വ്യത്യസ്തതകൊണ്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങൾ ലോകത്തൊട്ടാകെയുണ്ട്. 58 അക്ഷരങ്ങളുള്ള വെയിൽസിലെ ഒരു കൊച്ചുഗ്രാമം അത്തരത്തിൽ കൗതുകമായിരുന്നു. കാലാവസ്ഥാറിപ്പോർട്ട് പറയാൻ ശ്രമിച്ച ഒരു ബ്രിട്ടീഷ് വാർത്താ ചാനലിലെ അവതാരകന് സ്ഥലപ്പേര് പറയാനാവാതെ വന്നതോടെയാണ് ഈ ഗ്രാമം ശ്രദ്ധാകേന്ദ്രമാകുന്നത്. ദുബായ് എന്ന പേര് ആരുനൽകി എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങളുണ്ട്. യു.എ.ഇ.യിലെ ചരിത്രാന്വേഷികളുടെ പ്രധാന വെല്ലുവിളികൂടിയാണിത്. ഇക്കാര്യത്തിൽ സായിദ് സർവകലാശാലകളിലും മറ്റിടങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. ദുബായിലെ ഹിസ്റ്റോറിക്കൽ ഡോക്യുമെന്റ്‌സ് കോൺഫറൻസുകളിലും ഇതുസംബന്ധിച്ചുള്ള തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

ഈ കഥകളറിയൂ...
ബ്രിട്ടീഷ് ചരിത്രകാരന്മാർ 1820-കളിൽ അൽ വസൽ എന്നാണ് ദുബായിയെപ്പറ്റി വിവരിച്ചിട്ടുള്ളത്. ദുബായ് എന്ന സ്ഥലപ്പേര് പേർഷ്യനിൽനിന്ന് ഉദ്‌ഭവിച്ചതാണെന്നും പേരിന്റെ വേരുകൾ അറബിഭാഷയാണെന്നും വിശ്വസിക്കുന്നവരുണ്ട്. ചെറിയ ദേശാടനപ്പക്ഷികളിൽ (വെട്ടുകിളി) നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞതെന്നും കേൾക്കുന്നു. പതിനൊന്നാംനൂറ്റാണ്ടിൽ അൻഡലുഷ്യൻ-അറബ് ഭൗമശാസ്ത്രകാരനായിരുന്ന അബു അബ്ദുല്ല അൽ ബക്രി എഴുതിയ ബുക്ക് ഓഫ് ജിയോഗ്രഫി എന്ന പുസ്തകത്തിലാണ് ദുബായ് അല്ലെങ്കിൽ ദുബയ്യ് എന്നപേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നതെന്ന് ചില ലേഖനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ‘അറേബ്യൻ ഐക്യനാടുകളുടെ ചരിത്രവും പാരമ്പര്യവും’ എന്ന വിഷയത്തെപ്പറ്റി പഠനം നടത്തുന്ന ഫെദെൽ ഹന്ധൽ എന്ന ചരിത്രകാരൻ പറയുന്നത് സാവധാനത്തിലുള്ള ഒഴുക്ക് എന്നർഥംവരുന്ന ദബയിൽനിന്നാണ് ദുബായ് ഉദ്ഭവിച്ചതെന്നാണ്.

ദുബായിയെ കാണിക്കുന്ന ആദ്യ വാണിജ്യഭൂപടം പ്രത്യക്ഷപ്പെടുന്നത് 1822-ലാണ്. അന്നത്തെ ജനസംഖ്യ വെറും 1000 ആയിരുന്നു. ഗസൽ എന്നർഥം വരുന്ന അബുദാബിപോലെ, ഫജർ അഥവാ പ്രഭാതം എന്നറിയപ്പെടുന്ന ഫുജൈറപോലെ, കൂടാരത്തിന്റെ മകുടം എന്നറിയപ്പെടുന്ന റാസൽഖൈമപോലെ ചെറിയ പുല്ല് എന്നറിയപ്പെടുന്ന അൽ ബർഷപോലെ നീണ്ടുകിടക്കുകയാണ് സ്ഥലപ്പേരുകൾക്കുപിന്നിലുള്ള അർഥവും ചരിത്രവുമെല്ലാം.

രസകരമായ മറ്റൊരു വസ്തുത കഴിഞ്ഞദിവസം അമേരിക്ക ആസ്ഥാനമായ ഭാഷാപഠന ആപ്ലിക്കേഷൻ പ്രിപ്ലേ നടത്തിയ പഠനമാണ്. ദുബായ് എന്ന സ്ഥലപ്പേര് പലരും ശരിയായവിധത്തിൽ ഉച്ചരിക്കുന്നില്ല എന്നായിരുന്നു പഠനം. ഭൂമിയിലെ ഏറ്റവുംതെറ്റായി ഉച്ചരിക്കപ്പെടുന്ന 10 സ്ഥല നാമങ്ങളിലാണ് ദുബായുള്ളത്. ഗൂഗിൾ സെർച്ച് വിവരങ്ങൾ ഉപയോഗപ്പെടുത്തിയാണ് സർവേ നടന്നത്. ദുബായിലെ സ്വദേശികൾ ഉച്ചരിക്കുന്ന യഥാർഥ ഉച്ചാരണത്തിൽനിന്ന് വ്യത്യസ്തമായാണ് മിക്കവരും നഗരത്തിന്റെ പേരുപറയുന്നതെന്നാണ് സർവേയിലുള്ളത്. ഫ്രാൻസിലെയും അമേരിക്കയിലെയും വിവിധ പട്ടണങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് പ്രധാനമായും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ലോകത്തെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ ദുബായിൽ ഓരോ ദിവസവുമെത്തുന്നത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ്. രാജ്യത്ത് സ്ഥിരതാമസമാക്കിയ വിവിധ ദേശക്കാരും അവരവരുടെ രീതികളിലായിരിക്കും ദുബായ് എന്നത് ഉച്ചരിക്കുക. അതുകൊണ്ടുതന്നെ ദുബായ് മാറുമ്പോഴും ഏറെപ്പേർക്കും ശരിയായരീതിയിൽ നഗരത്തിന്റെ പേര് ഉച്ചരിക്കാനാവില്ലെന്നത് സ്വാഭാവികം.

Content Highlights: gulf feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..