സലാം സലാല...


ഇ.ടി. പ്രകാശ്

കേരളം-ഒമാൻ ബന്ധത്തിനും ചരിത്രപരമായ പ്രാധാന്യമുണ്ട്. പൗരാണിക ഉദ്ഖനനത്തിൽനിന്ന് കേരളത്തിന്റെ തുടർച്ചയാണോ ഒമാൻ അതോ ഒമാന്റെ തുടർച്ചയാണോ കേരളം എന്ന സംശയവും സ്വാഭാവികം. ഒമാനിലെ രണ്ടാമത്തെ വലിയ നഗരമാണ് പരമ്പരാഗതസംസ്കാരമുള്ള സലാല എന്ന പച്ചപ്പാർന്ന പ്രദേശം. സൗദി അറേബ്യ, യു.എ.ഇ., യെമെൻ എന്നീ രാജ്യങ്ങളെ തൊട്ടുനിൽക്കുന്ന അറബിക്കടലിന്റെ സ്പർശമേറ്റ പ്രദേശം. സിന്ധ്, സാൻസിബാർ, ബലൂചിസ്താൻ, ഇറാൻ, യെമെൻ എന്നിവയുമായി തൊട്ടുനിൽക്കുന്ന ഇന്ത്യൻമഹാസമുദ്രം സംഗമിക്കുന്ന ഒമാന്റെ പ്രധാനയിടം. ഭൂതകാലത്തിന്റെ മഹാപൈതൃകം രേഖപ്പെടുത്തിയ നാട്. സസ്സാനിയൻ പേർഷ്യൻ ഭരണവും പിന്നീട് അബാസികളും അറേബ്യൻ ഭരണത്തിനുമുമ്പ് ഒമാൻ ഭരിച്ചിരുന്നു.

ചരിത്രമുറങ്ങുന്ന മണ്ണ്

ഒമാൻ ഭരണാധികാരികൾ തലസ്ഥാനമായ മസ്കറ്റിൽ താമസിക്കുന്നപോലെ പ്രിയത്തോടെ താമസിക്കാൻ തിരഞ്ഞെടുക്കുന്ന ഇടംകൂടിയാണിത്. ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുൽത്താനായിരുന്ന അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ജനിച്ച നാടാണ് സലാല. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽക്കാലം ഭരണാധികാരിയായിരുന്ന ആൾ. 1940 നവംബർ 18-ന്‌ ജനിച്ച അദ്ദേഹം പ്രാഥമികവിദ്യാഭ്യാസം നേടിയതും ഇന്ത്യയിലും സലാലയിലുമാണ്. മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജശേഖരവർമൻ എന്നറിയപ്പെടുന്ന രണ്ടാം ചേരസാമ്രാജ്യത്തിലെ രണ്ടാം രാജാവായിരുന്ന ചേരമാൻ പെരുമാൾ നായനാർ അന്ത്യവിശ്രമം കൊള്ളുന്നതും സലാലയിലാണെന്ന് ചരിത്രം പറയുന്നു. അദ്ദേഹം മക്കയിൽവെച്ച് ഇസ്‌ലാംമതം സ്വീകരിച്ച് താജുദ്ദീൻ എന്ന പേര് പുനർനാമകരണം ചെയ്യുകയുമായിരുന്നു. മക്കയിൽനിന്ന് മടങ്ങുംവഴി സലാലയിൽ മരിച്ചുവെന്നാണ് ‘കേരളോല്‌പത്തി’യിൽ പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ, ആധുനിക ചരിത്രകാരന്മാർ അതിനോട് വിയോജിക്കുന്നുമുണ്ട്. സലാലയിൽ ചേരമാൻ ഖബറിടവും കാണാം. ഖബറിനരികിൽ വിശുദ്ധഗ്രന്ഥങ്ങളും മസ്‌ലിൻ വർണപ്പട്ടുകളും കുന്തിരിക്കവും ചന്ദനത്തിരിയുമുണ്ട്.

എ.ഡി. 1500 മുതൽ പോർച്ചുഗീസ് അധിനിവേശത്തിലായിരുന്നു സലാല ഉൾപ്പെടെ ഒമാൻ പ്രദേശങ്ങൾ. എ.ഡി. 1650 വരെ ആ ഭരണം നിലനിന്നു. പിന്നീട് ഒമാനികൾ രാജ്യം തിരിച്ചുപിടിക്കുകയും ചെയ്തത്‌ ചരിത്രം. കിഴക്ക് ഇന്ത്യയുമായി നൂറ്റാണ്ടുകൾക്കുമുമ്പ് വാണിജ്യബന്ധം നിലനിർത്തിയത് ജലപാതയിലൂടെയായിരുന്നു. 1900 മുതൽ തീവണ്ടി, ട്രക്കുകൾ എന്നിവ വഴി ചരക്കുകൾ കൈമാറി.

പ്രകൃതിയുടെ വരദാനം

മസ്‌കറ്റിൽനിന്ന് 1000 കിലോമീറ്റർ ദൂരെയാണ് സലാല എന്ന കൊച്ചുകേരളം. യു.എ.ഇ.യിൽനിന്നാണെങ്കിൽ 1500 കിലോമീറ്റർ ദൂരം. വിമാനത്തിൽ ഒന്നരമണിക്കൂർ സമയമാണെങ്കിൽ റോഡ് മാർഗം 12 മുതൽ 18 മണിക്കൂർവരെ വേണ്ടിവരും. പ്രകൃതിസൗന്ദര്യം കനിഞ്ഞ സലാല ഒരു കൊച്ചു സ്വിറ്റ്‌സർലൻഡ് എന്നും പറയാറുണ്ട്. മഞ്ഞും മഴയും ഇളവെയിലും കുന്നും പുഴയും കാടും മരങ്ങളുമെല്ലാം ഇവിടെയുണ്ട്. മാവും പ്ലാവും തെങ്ങും കവുങ്ങും പച്ചക്കറികളുമെല്ലാം സുലഭം. ഈന്തപ്പനപോലെ തെങ്ങുകളുമുണ്ട്.

കേരളത്തിൽ കാലവർഷം തുടങ്ങുമ്പോൾത്തന്നെ സലാലയിൽ തുള്ളിമുറിയാതെ മഴപെയ്യും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥയോട് ഇണങ്ങിനിൽക്കുന്ന സലാലയിൽ മൺസൂൺ ആസ്വദിക്കാനായി വിദേശ വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നത് ജൂൺ അവസാനംമുതൽ സെപ്റ്റംബർവരെയാണ്. ‘ഖരീഫ് സീസൺ’ എന്നാണ് സുന്ദരമായ ഈ കാലത്തെ വിശേഷിപ്പിക്കുന്നത്. ‘മഴമേളകൾ’ അടക്കം തനിമയാർന്ന ആഘോഷങ്ങൾക്കും ഈ സീസൺ സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ഹരിതാഭമായ അന്തരീക്ഷമുള്ള സലാലയിൽ നാട്ടിൽ കാണുന്ന വൻമരങ്ങളും സമൃദ്ധമായുണ്ട്. മലയാളിയുടെ ശരാശരി ഗൃഹാതുരതയും പൊടിതട്ടി പുറത്തെടുക്കാവുന്ന ഭൂമികയാണിവിടം. സഞ്ചാരികൾമാത്രമല്ല ഉപജീവനം നടത്തുന്ന മലയാളികളുമേറെയാണ് സലാലയിൽ. കൃഷിയാണ് സലാലയിലെ പ്രധാന ഉപജീവനമാർഗം. മലമുകളിൽനിന്നുള്ള ഉറവജാലമാണ് കൃഷിക്ക്‌ പ്രധാനമായും ഉപയോഗിക്കുന്നത്. തദ്ദേശീയരായ ഒമാനികളും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് ജോലിക്കാരും ഇവിടെയുണ്ട്. അറബികളാണെങ്കിലും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നവരും ഒട്ടേറെ.

മീൻപിടിക്കാൻ സമർഥരാണ് ഒമാനികൾ. ഒമാനിലെ മത്സ്യത്തൊഴിലാളികളുടെ പൂർവികർ സാൻസിബാറുകാർ ആണ്. അവരുടെ കൂട്ടത്തിൽ തൊഴിലാളികളായി മലയാളികളും ഗുജറാത്തികളുമെല്ലാം സലാലയിൽ മീൻപിടിത്തം ഉൾപ്പെടെ പലവിധ ജോലികൾ ചെയ്യുന്നു. ഈജിപ്തുകാരും ഫിലിപ്പീൻസുകാരും ജോർദാൻകാരുമുണ്ട്. സലാലയിൽ കേരളത്തിലേതുപോലെ ഒട്ടേറെ ഊടുവഴികളുമുണ്ട്. അവയ്ക്ക് ഇരുപുറവും സമൃദ്ധമായ വാഴക്കൂട്ടം. ‘കദളിയും പൂവനും നേന്ത്രനും’ കുലച്ചുനിൽക്കുന്നു. കരിമ്പിൻകൂട്ടങ്ങളും ചേമ്പും വെറ്റിലയുമെല്ലാം സലാലയിലുണ്ട്. ഇസ്‌ലാം മതത്തിന്റെയും സംസ്കാരത്തിന്റെയും ചെപ്പേടുകൾ സൂക്ഷിക്കുന്ന അൽ ബലിദ് ആർക്കിയോളജിക്കൽ മ്യൂസിയം സലാലയിലെ സഞ്ചാരികളുടെ പ്രധാന സന്ദർശനകേന്ദ്രമാണ്. ഒരു നാടിന്റെ ജൈവസൗന്ദര്യം ഒട്ടും കൃത്രിമത്വമില്ലാതെ സലാലയിൽ കാണാം. തലയെടുപ്പുള്ള കുന്നുകൾ, ജലാശയങ്ങൾ, മണൽത്തിട്ടകൾ, മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ, കാടും ആകാശവിസ്താരവും എല്ലാം ചേർന്ന മഹാശ്ചര്യമാണ് സലാല. 45 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബൈത്ത് സബിഖ് പർവതപ്രദേശം. അവിടെയാണ് അയൂബ് നബിയുടെ ഖബറിടം. അവിടത്തെ സ്ഥായിയായ കുളിർമ, ഇളംകാറ്റ്. സഞ്ചാരികളുടെ പ്രിയപ്പെട്ട തീർഥാടനകേന്ദ്രം. ബൈത്ത് സബിഖ് പർവതങ്ങളുടെ താഴ്‌വരയിലെ ജലാശയം നബി തിരുമേനി ഉപയോഗിച്ച കുളമാണെന്നും വിശ്വാസികൾ കരുതുന്നു.

കേരളചരിത്രത്തിൽ സലാല

മധ്യ ഒമാന്റെ പ്രധാന പ്രദേശങ്ങൾ മരുഭൂമിയാണെങ്കിൽ വടക്കും കിഴക്കൻ പ്രദേശങ്ങളും പർവതങ്ങളാണ്. തെക്കുഭാഗത്തുള്ള സലാലയിൽ ഈർപ്പമുള്ള കാലാവസ്ഥയാണെന്നതാണ് കൃഷിക്ക്‌ അനുകൂലമാകുന്നത്. സലാലയുടെ ഏറ്റവും അടുത്ത പ്രദേശങ്ങളിലും കേരളത്തിനു സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. കേരളത്തിലെ പ്രാചീനമായ തുറമുഖനഗരമായ മുസിരിസ് പട്ടണവും ഒമാനിലെ ദോപാർ പ്രവിശ്യയും തമ്മിൽ ബി.സി. മൂന്നാംനൂറ്റാണ്ടുമുതൽ വാണിജ്യബന്ധം നിലനിന്നതായും കേരളചരിത്രത്തിലുണ്ട്. മൺപാത്രങ്ങൾ, പൊതുവായി ഉപയോഗിക്കുന്ന ബ്രഹ്മിലിപി, ഒരേ വർഗത്തിൽപ്പെട്ട കുന്തിരിക്കം തുടങ്ങിയ പലതും സമാനമായ ഉപയോഗവും നടന്നതായി തെളിവുണ്ട്. പ്രളയവും ഭൂകമ്പവുമെല്ലാം സലാലയെ തകർത്തിട്ടുണ്ട്. എങ്കിലും ശക്തമായ ഭരണസംവിധാനത്തിലൂടെ സാമ്പത്തികസമത്വം ഉറപ്പാക്കിക്കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇബ്‌നുബത്തൂത്ത, മാർക്കോപ്പോളോ തുടങ്ങിയ വിശ്വസഞ്ചാരികൾ കണ്ടറിഞ്ഞ സ്ഥലമാണ് സലാല. ഇവിടത്തെ വാണിജ്യപുരോഗതിയും പ്രകൃതിസൗന്ദര്യവും കാർഷികസംസ്കാരവും അവരുടെ യാത്രാരേഖകളിലുണ്ട്. സലാലയുടെ കിഴക്കുള്ള താഖാ കടലോരം, പടിഞ്ഞാറുള്ള ഖോർതാഖാ എന്നിവയെല്ലാം സൗന്ദര്യത്തോടെ സഞ്ചാരികളെ മാടിവിളിക്കുന്നു. താഖാ കോട്ടയ്ക്ക് സമീപത്തുള്ള ശൈഖ് ആഫിഫ് പള്ളി പത്തൊമ്പതാംനൂറ്റാണ്ടിൽ ശൈഖ് അലി ബിൻ തിമാൻ പണികഴിപ്പിച്ചതാണ്. 1913-ലാണ് സുൽത്താൻ തൈമൂർ ബിൻ ഫൈസൽ പള്ളി സർക്കാർ ഉടമസ്ഥതയിലാക്കിയത്. ശത്രുക്കളിൽനിന്നുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുംവിധത്തിലാണ് സലാലയ്ക്ക് ചുറ്റുമുള്ള പള്ളികളും കോട്ടകളും നിർമിച്ചിട്ടുള്ളത്. ഭീകര കുറ്റവാളികളെ പാർപ്പിച്ച ജയിലറകളും ഇവിടെയുണ്ട്.

തേനും മീനും

സുഗന്ധദ്രവ്യങ്ങളും

കുന്തിരിക്കത്തിന്റെ കേന്ദ്രമാണ് സലാല. അറേബ്യയുടെ സുഗന്ധകേന്ദ്രവും. അന്തരീക്ഷപരിമളത്തിനായുള്ള സലാലയിലെ ഊദും പ്രസിദ്ധമാണ്. ലോകരാജ്യങ്ങളിലേക്ക് വൻതോതിൽ സലാലയിൽനിന്ന് മീൻ കയറ്റിയയക്കുകയും ചെയ്യുന്നു. കൂടാതെ, ഗോതമ്പ്, ഹാരീസ്, ബാർലി എന്നിവയെല്ലാം കയറ്റിയയക്കുന്നുണ്ട്. തേനീച്ചക്കൃഷിയുടെ പ്രധാനകേന്ദ്രവുമാണിവിടം. വലിയ ചുവപ്പ് തേനീച്ചകൾ കൂടുതൽ തേൻ ശേഖരിക്കുകയും ചെയ്യുന്നു. സ്വിമ്മിങ് പൂളുകളും കായിക, വിനോദ കേന്ദ്രങ്ങളും ധാരാളമുണ്ടിവിടെ. ഫുട്‌ബോൾ സലാലക്കാരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാഭ്യാസകേന്ദ്രങ്ങളും ഉന്നതസർവകലാശാലകളും സലാലയെ വേറിട്ടുനിർത്തുന്നു. ഇന്ത്യക്കാരായ വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്. വൻകിട ഹോട്ടലുകളും ആഡംബര വില്ലകളും റെസ്റ്റോറന്റുകളും സലാലയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കേരളഭക്ഷണങ്ങൾ കിട്ടുന്ന നാടൻകടകളും സുലഭമാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത സലാലയിൽ ഒരിക്കലെങ്കിലും പോകണം. ആ യാത്ര ജീവിതത്തിലെ വിലപ്പെട്ടതായിരിക്കും, തീർച്ച.

അറബ് മണ്ണിലെ കേരളമെന്ന വിളിപ്പേരാണ് മനോഹരമായ സലാലയ്ക്കുള്ളത്

Content Highlights: gulf feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..