യു.എ.ഇ.യുടെ അഭിമാനമായി മലയാളിപോലീസ്


മിനി പത്മ

.

: മനുഷ്യാവകാശത്തിന് വലിയവില കൽപ്പിക്കുന്ന നാടാണ് യു.എ.ഇ. കോടതിയിൽ കുറ്റംതെളിയുന്നതുവരെ എല്ലാ മാനുഷികപരിഗണനയും ആരോപിതന് ലഭിക്കും. കുറ്റം തെളിഞ്ഞാലും മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടുള്ള ശിക്ഷാരീതി. ദുഷിച്ച സ്വഭാവം മാറ്റി നല്ലൊരു മനുഷ്യനാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെത്തന്നെ ഏറ്റവുംമികച്ച ജയിൽ.
ലോകത്തിനുതന്നെ മാതൃകയാണ് യു.എ.ഇ.യുടെ കൃത്യനിർവഹണശേഷിയും നിയമങ്ങളും. ഇതിലെല്ലാം പങ്കാളിയായി പ്രവർത്തിക്കാൻ കൊതിക്കുന്ന ഒട്ടേറെപ്പേരുണ്ട്. 45 വർഷങ്ങൾക്കുമുമ്പ് ദുബായ് പോലീസിന്റെ പച്ച യൂണിഫോമണിഞ്ഞ മലയാളിക്ക് പറയാനുണ്ട് അത്തരം അനുഭവകഥകൾ.

പോലീസ് കുപ്പായമണിയിച്ചത് സ്വദേശിദുബായ് പോലീസിന്റെ പച്ചകുപ്പായമണിഞ്ഞ ആദ്യമലയാളിയാണ് കണ്ണൂർ അഴീക്കോട് സ്വദേശി അശോകൻ നമ്പ്യാർ. 1973-ൽ 19-ാം വയസ്സിലാണ് നാരായണൻ നമ്പ്യാരുടെയും കാർത്യായനിയമ്മയുടെയും മകനായ അശോകൻ ദുബായിലെത്തുന്നത്. കണ്ണൂർ എസ്.എൻ. കോളേജിൽനിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയശേഷം ജോലി തേടിയായിരുന്നു കടൽകടന്നത്. ആദ്യം ഒരുകമ്പനിയിൽ മെക്കാനിക്കായി ജോലിക്കുകയറി. തുടർന്നങ്ങോട്ട് വലിയൊരു സൗഹൃദവലയം രൂപപ്പെട്ടു. ഉറ്റചങ്ങാതിയായ ഒരു സ്വദേശി പോലീസ് സുഹൃത്തിനോടാണ് ആദ്യമായി പോലീസിൽ ചേരാനുള്ള ആഗ്രഹം അറിയിക്കുന്നത്. നൈഫിലെ പോലീസുകാരനായിരുന്നു അദ്ദേഹം. അച്ഛന്റെ കൈയിൽ തോക്കുണ്ട്, ഷൂട്ടിങ്ങിൽ പരിചയമുണ്ട് എന്നെല്ലാം പറഞ്ഞുനോക്കിയെങ്കിലും ദുബായ് പോലീസ് വകുപ്പിൽ മലയാളിയെ എടുക്കില്ലെന്നായിരുന്നു മറുപടി. പോലീസിലെ മറ്റുവകുപ്പുകളിൽ മലയാളികളുണ്ടെങ്കിലും പച്ചയൂണിഫോമിലെ ജോലി നൽകിയിരുന്നില്ല. പക്ഷേ, സുഹൃത്ത് നിരാശനാക്കിയില്ല. ഒരു സൂപ്പർമാർക്കറ്റിലെ ക്ലറിക്കൽ തസ്തികയിൽ അശോകന് ജോലി ശരിയാക്കികൊടുത്തു. എന്നാൽ, അവിടെയും ഭാഗ്യം അശോകനൊപ്പമായിരുന്നു.

സൂപ്പർമാർക്കറ്റ് നിന്നിരുന്നത് ദുബായ് പോലീസിന്റെ തോക്ക് റിപ്പയർ ചെയ്യുന്ന വർക്ക്‌ ഷോപ്പിനടുത്താണ്. ഇടയ്ക്കിടെ അവിടെപോയിരുന്ന് എല്ലാം നോക്കിപ്പഠിക്കുന്നതും പതിവാക്കി. അന്നത്തെ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് അബ്ദുള്ള ബെൽ ഹോളായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ബ്രിട്ടീഷുകാരിയായിരുന്നതും ഇടയ്ക്കിടെ അവിടേക്ക് വരുമായിരുന്ന അവരുമായി ഇംഗ്ലീഷിൽ സംസാരിക്കാനായതും ആ സൗഹൃദത്തിന് ആഴംകൂട്ടി. തന്റെ പോലീസ് സ്വപ്നവും ക്രമേണ അവരെ അറിയിച്ചു. അങ്ങനെയാണ് ആരോടും ഭംഗിയായി ഇടപെടുന്ന അശോകൻ ആരുംകൊതിക്കുന്ന ദുബായ് പോലീസ് വേഷം സ്വന്തമാക്കിയ കഥ ആരംഭിക്കുന്നത്. ആറുമാസത്തെ പരിശീലനം. ശൈഖ് റാഷിദായിരുന്നു പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചത്. പോലീസുകാർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനായി ആരംഭിച്ച സായാഹ്നക്ലാസുകളാണ് അറബിക് എഴുതാനും വായിക്കാനും പഠിപ്പിച്ചത്. പ്രീഡിഗ്രിക്കാലത്ത് താൻ പഠിച്ച കണക്കും സയൻസും അവർക്കും അവരിൽനിന്ന് അറബിക്‌ താനും പഠിച്ചെടുത്ത ആ നല്ലനാളുകൾ ഇപ്പോഴും ഓർമയിലുണ്ടെന്ന് അശോകൻ പറയുന്നു.

കേരളപോലീസിലും അഭിമാനം
കേരളപോലീസിനെക്കുറിച്ചും ഏറെ അഭിമാനമുണ്ട് ഈ ദുബായ് പോലീസിന്. കേരളപോലീസിലെ ഉന്നതോദ്യോഗസ്ഥരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന അശോകൻ നമ്പ്യാർ അന്വേഷണത്തിലടക്കം സഹകരിക്കാറുമുണ്ട്. കേരളത്തിൽ കുറ്റകൃത്യങ്ങൾചെയ്ത് ദുബായിലേക്ക് മുങ്ങുന്നവരെ തേടി നാട്ടിൽനിന്നെത്തുന്ന അന്വേഷണസംഘം സഹായം തേടി ആദ്യം സമീപിക്കുന്നതും ദുബായ് പോലീസിലെ ഈ മലയാളിയെയായിരുന്നു. പലകേസുകളിലും അങ്ങനെ നിർണായക തുമ്പുണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് കേസന്വേഷണത്തിൽ ദുബായ് പോലീസിനെ വേറിട്ടതാക്കുന്നത്. കേസന്വേഷണരീതിയിലെ ദുബായ് പോലീസിന്റെ മര്യാദകൾ മാതൃകയാക്കേണ്ടതാണ്. ദേഹത്ത് കൈവെക്കാതെ, ലോക്കപ്പിലിട്ട് ഉരുട്ടാതെ, കുറ്റംതെളിയിക്കാൻ കഴിയുമെന്ന് ദുബായ് പോലീസിലെ 45 വർഷം നീണ്ട അനുഭവത്തിലൂടെ അശോകൻ നമ്പ്യാർ വ്യക്തമാക്കുന്നു.

അഭിമാനം വാനോളം
യു.എ.ഇ.യുടെ ദേശീയദിനത്തിൽ രാജ്യത്തിന്റെ പതാക ഉയർത്താൻ ഭാഗ്യം ലഭിച്ചതിൽ പോറ്റമ്മരാജ്യത്തിന് ഹൃദയത്തിൽനിന്നൊരു അഭിവാദ്യം നൽകുകയാണ് ഈ മലയാളി. റാങ്ക് വ്യത്യാസമില്ലാതെ ഏതുസാഹചര്യത്തിലും കടമകൾ നിർവഹിക്കുമെന്നതാണ് ദുബായ് പോലീസിന്റെ പ്രത്യേകത. അസിസ്റ്റന്റ് കമാൻഡർവരെ ഒരു അപകടം കണ്ടാൽ വാഹനം നിർത്തി ഗതാഗതം നിയന്ത്രിക്കും. ദുബായിൽ ഒരു പോലീസുകാരൻ എഫ്.ഐ.ആർ. എഴുതിയാൽ അതിൽ മാറ്റംവരില്ല. അവിടെ തിരുത്തിയെഴുത്തില്ല. എങ്ങനെ ജീവിക്കണം, ആളുകളോട് എങ്ങനെ പെരുമാറണം, എങ്ങനെ സഹായിക്കണം ഇതെല്ലാം പഠിപ്പിച്ചത് ദുബായ് പോലീസാണ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയങ്ങൾ നടപ്പാക്കാൻ ഒറ്റക്കെട്ടായാണ് പോലീസ് സേന പ്രവർത്തിക്കുന്നതെന്നും അശോകൻ പറഞ്ഞുനിർത്തുന്നു. 68-ാമത്തെ വയസ്സിൽ പോലീസ് സർജന്റ് പദവിയിൽനിന്ന് കഴിഞ്ഞ മാസമാണ് അശോകൻ വിരമിച്ചത്. 90 വയസ്സ് കഴിഞ്ഞ അമ്മയ്ക്ക് സ്നേഹത്തണലായി, കാവലായാണ് ഇനിയുള്ള ജീവിതം. ഭാര്യ ഗിരിജ കൂട്ടായി ഒപ്പമുണ്ട്. രണ്ട് മക്കളുണ്ട്. മൂത്തമകൾ അനുഷ ചാർട്ടേഡ് അക്കൗണ്ടന്റാണ്. മറ്റൊരു മകൾ അമൃത ശൈഖ് ഹംദാൻ യൂണിവേഴ്‌സിറ്റിയിൽ ജോലിചെയ്യുന്നു.

Content Highlights: gulffeature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..