.
യു.എ.ഇ.യുടെ ആകെ ജനസംഖ്യയിൽ പകുതിയിലേറെയും വിദേശികളാണെന്ന കണക്കുമാത്രം മതിയാകും രാജ്യത്തിന്റെ ആതിഥ്യ മര്യാദയുടെ വലുപ്പംമനസ്സിലാക്കാൻ. ഭരണാധികാരികളുടെ ദീർഘ വീക്ഷണവും ധിഷണാശക്തിയുമാണ് ഈ രാജ്യത്തെ മധ്യപൂർവ ദേശത്തുനിന്നുള്ള ഏറ്റവുംമികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
1960-കളിൽ അറബിക്കടലിന്റെ ആഴങ്ങളിൽ കണ്ടെത്തിയ എണ്ണയുടെ സാന്നിധ്യം ഈ നാടിന്റെ വളർച്ചയ്ക്ക് ത്വരവേഗം നൽകിയെങ്കിലും ഏതാനും തലമുറകൾക്കപ്പുറത്തേക്ക് ഈ ജീവന്റെ നീരുറവ നിലനിൽക്കില്ലെന്ന ബോധം ഈ രാഷ്ട്രത്തിന്റെ പിതാക്കന്മാർക്കുണ്ടായിരുന്നു. എണ്ണയിതര സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നായി അവർ തിരഞ്ഞെടുത്തതാകട്ടെ വിനോദ സഞ്ചാരമേഖലയും.
ലോകത്തിലെ ഏതു വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗതസൗകര്യങ്ങൾ, മികച്ച ഷോപ്പിങ് അവസരങ്ങൾ, ഏതു സാമ്പത്തിക നിലവാരത്തിലുള്ളവർക്കും അനുയോജ്യമായ താമസ സൗകര്യങ്ങൾ, ലോകത്തിന്റെ ഏതു കോണിൽനിന്നുമുള്ള തനതായ രുചിഭേദങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകൾ സർവോപരി ഏതുസമയത്തും സ്വതന്ത്രമായി നടക്കാനുള്ള സുരക്ഷിതത്വം എന്നിങ്ങനെ സവിശേഷതകളേറെയാണ് യു.എ.ഇ. എന്ന കുഞ്ഞുരാഷ്ട്രത്തെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നത്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫപോലെ ആശ്ചര്യജനകമായ അനവധി മനുഷ്യ നിർമിതികൾ, രാജ്യത്തിന്റെ കിഴക്കൻ തീരത്ത് തലയുയർത്തിനിൽക്കുന്ന അൽ ഹജാർ മലനിരകളിൽ സാഹസിക വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ട് നിൽക്കുന്ന ജബൽ ജെയ്‌സ്‌പോലെയുള്ള അനവധി പർവതശിഖരങ്ങൾ, ഡെസേർട് സഫാരിയുടെ വെള്ളിവെളിച്ചത്തിൽനിന്ന് മാറി ആയിരത്തൊന്ന് അറേബ്യൻ കഥകളുടെ നക്ഷത്രശോഭയെ ഗർഭംധരിച്ചുകിടക്കുന്ന മരുഭൂമികൾ, നീലാകാശത്തിന്റെ പരിലാളനമേറ്റു കിടക്കുന്ന അനന്തമായ അറബിക്കടലിന്റെ തീരങ്ങൾ, വികസനത്തിന്റെ ആകാശപ്പൊക്കങ്ങളിലേക്ക് വളർന്നുയരുമ്പോഴും മുൻ തലമുറകളുടെ വേരുകൾ മറക്കാതിരിക്കാൻ സംരക്ഷിച്ചുകൊണ്ട് പോകുന്ന പൈതൃകഗ്രാമങ്ങൾ, ലോക പ്രശസ്തമായ ആർട്ട് മ്യൂസിയങ്ങൾ, സാഹിത്യ-പുസ്തകമേളകൾ, ലോക ശ്രദ്ധയാകർഷിക്കുന്ന വാണിജ്യ പ്രദർശനങ്ങൾ, ലോകത്തിന്റെ സാംസ്കാരികവൈവിധ്യം ഒരു കുടക്കീഴിലെത്തിച്ച ഗ്ലോബൽ വില്ലേജ്, ഷോപ്പിങ് ഫെസ്റ്റിവലുകൾ എന്നിങ്ങനെ വിസ്മയക്കാഴ്ചകളും വൈവിധ്യമാർന്ന അനുഭവങ്ങളും അനവധിയാണ് ഈ നാട്ടിൽ.
പ്രകൃതിദത്തമായ വിഭവവൈവിധ്യം പരിമിതമായ ഒരു കുഞ്ഞുരാഷ്ട്രം അനതിസാധാരണമായ ധിഷണാ ബോധത്തോടെയും ആത്മസമർപ്പണത്തോടെയും ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുമെത്തുന്ന സന്ദർശകർക്കായി അസദൃശമായ സഞ്ചാരാനുഭവങ്ങൾ പടുത്തുയർത്തിയ കഥ വ്യക്തിപരമായ തലത്തിൽ ഓരോ മനുഷ്യനും സ്വപ്നംകാണാൻ പ്രചോദനം നൽകുന്നതുതന്നെയാണ്.
ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും എല്ലായ്പോഴും പ്രാധാന്യംനല്കുന്ന നാടുകൂടിയാണിത്. ഭരണതലത്തിൽത്തന്നെ, ജനങ്ങൾക്ക് പരമാവധി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നവിധം അവധികൾ ക്രമീകരിച്ചുനല്കുന്ന മറ്റൊരു രാജ്യം അപൂർവമായിരിക്കും. ജനങ്ങളുടെ ആരോഗ്യത്തിനൊപ്പം മാനസികോല്ലാസത്തിനും തുല്യപ്രാധാന്യം നല്കുന്ന ഒരു നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് അഭിമാനത്തോടെ പറയാം. സന്തോഷത്തിനുവേണ്ടി ഒരു മന്ത്രാലയംതന്നെയുള്ള ഈ നാട് അതുകൊണ്ടുതന്നെയാണല്ലോ ഭൂമിയിലെ ഏറ്റവും സമാധാനപരവും സമൃദ്ധവുമായ രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്നതും.മതേതരവും മതപാരമ്പര്യവുമായി ബന്ധപ്പെട്ടതുമായ രാജ്യങ്ങളുടെ തനതായ ഉത്സവാഘോഷങ്ങൾ എല്ലാവരും ഇവിടെ ഒന്നുപോലെയാണ് കൊണ്ടാടുന്നത്. ഒരു മുസ്‌ലിം രാഷ്ട്രമായിരിക്കേ, യു.എ.ഇ. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നത് ലോകത്തിനുതന്നെ മാതൃകയാണ്. അതിനാൽതന്നെ മത, രാഷ്ട്രീയ അതിർത്തികൾക്കതീതമായി ഓരോ വിഭാഗങ്ങളുടെയും ആഘോഷങ്ങൾക്ക് പൂർണപിന്തുണയാണ് ഇവിടെ ലഭിക്കുന്നത്.
പുതുവർഷാരംഭമായ ജനുവരി ഒന്നിന്റെ അവധിയോടുകൂടി ഒരു വർഷത്തെ ആഘോഷങ്ങൾ ആരംഭിക്കുകയാണ്. പ്രധാനമായും ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ, ദേശീയദിനം തുടങ്ങിയവയ്ക്കാണ് നീണ്ട അവധികളും ആഘോഷങ്ങളും ഉണ്ടാകുക. എല്ലാ ജനവിഭാഗങ്ങളും നല്ലരീതിയിൽതന്നെ ഈ ദിനങ്ങൾ ആഘോഷിക്കാറുണ്ട്. ആഘോഷങ്ങളിൽ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ പങ്കെടുക്കുന്നുവെന്ന് പറയുമ്പോൾ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. കാരണം ആഘോഷങ്ങൾ സ്റ്റാർ ഹോട്ടലുകളിലും മാളുകളിലും തുടങ്ങി പാർക്കുകൾ, ബീച്ചുകൾ, ലേബർക്യാമ്പുകൾ എന്നിവിടങ്ങളിൽപ്പോലും നടക്കുന്നു. പലപ്പോഴും ലേബർക്യാമ്പുകളിൽ കമ്പനി മാനേജ്‌മെന്റുകൾ നേരിട്ട് ആഘോഷങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. പലവിധത്തിലുള്ള സമ്മാനങ്ങളും മറ്റു സൗജന്യങ്ങളും ഭരണകർത്താക്കൾ പ്രഖ്യാപിക്കാറുമുണ്ട്, ഒപ്പം ആഘോഷങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് വളരെ ഗംഭീരമായ വെടിക്കെട്ടും മറ്റു പ്രദർശനങ്ങളുമായി രാജ്യംതന്നെ ജനങ്ങൾക്കൊപ്പംചേരുന്ന കാഴ്ച അപൂർവംതന്നെയാണ്.
മനുഷ്യനിർമിതമെന്ന വിശേഷണം ഒരു തരിപോലും മാറ്റുകുറയാതെ ഒരു അലങ്കാരമായി ധരിക്കാവുന്ന ഈ കുഞ്ഞുരാജ്യത്ത് വിസ്മയക്കാഴ്ചകളുടെ ഒട്ടനവധി ശുഭദിനങ്ങൾ വരാനിരിക്കുന്നുവെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം, തരിശായിക്കിടന്ന മരുഭൂമിയിൽ കാണുന്ന കാഴ്ചകളൊക്കെ വിഭാവന ചെയ്തുണ്ടാക്കിയ ഭരണാധികാരികളുടെ ആത്മവിശ്വാസം സാധ്യതകളുടെ അനന്തമായ ആകാശം നമുക്കുമുന്നിൽ തുറന്നുവെക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..