അഗ്നി അണയാത്ത നാട്ടിൽ


By സഈദ നടേമ്മൽ

7 min read
Read later
Print
Share

യാനാഡാഗിലെ ‘ഫയർമൗണ്ടൻ’ സഞ്ചാരികളെ തീജ്വാലയുമായി സ്വാഗതംചെയ്യുന്നു. അടുത്തുചെന്ന് നിൽക്കുമ്പോൾ തീയുടെ ചൂടും ചില വാതകഗന്ധങ്ങളും നമുക്ക് അനുഭവപ്പെടും. വീശിയടിക്കുന്ന കാറ്റിൽ തണുത്ത് വിറയ്ക്കുന്ന ദേഹത്തിന് തീയുടെ സാമീപ്യം സുഖകരമായിരുന്നു

രാവും പകലും തീ ആളിക്കൊണ്ടിരിക്കുന്ന മല കണ്ടിട്ടുണ്ടോ?
‘‘വിഡ്ഢിത്തം പറയാതിരിക്കൂ...മലയിലെ പുല്ലും കാടുമൊക്കെ കത്തുമായിരിക്കും. അതൊക്കെ കുറച്ച് സമയം കഴിയുമ്പോൾ അണഞ്ഞ് പോവുകയും ചെയ്യും. അല്ലാതെ കല്ലും മണ്ണും എങ്ങനെ കത്താൻ...’’-ഇതല്ലേ നിങ്ങൾ ചിന്തിക്കുന്നത്?. പക്ഷേ, സത്യമാണ് പറഞ്ഞത്. കിഴക്കൻ യൂറോപ്യൻ രാജ്യമായ അസർബയ്ജാന്റെ തലസ്ഥാന നഗരമായ ബാകുവിലാണ് ഈ അത്ഭുതകരമായ ദൃശ്യമുള്ളത്.
ഒരു മലയുടെ അടിഭാഗം മഞ്ഞും മഴയും വകവെക്കാതെ തനിയെ കത്തിക്കൊണ്ടിരിക്കുന്ന കാഴ്ച നേരിൽകാണുംവരെ എനിക്കും അവിശ്വസനീയമായിരുന്നു. എത്രയോ വർഷങ്ങളായി അണയാതെ കത്തിക്കൊണ്ടിരിക്കുകയാണ് ഈ മല. ആരാണ് ഈ അഗ്നിക്ക് പിറകിൽ എന്നറിയണ്ടേ? മനുഷ്യനെ എന്നും വിസ്മയിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രകൃതിതന്നെ.
യാനാഡാഗിലെ ‘ഫയർമൗണ്ടൻ’ സഞ്ചാരികളെ തീജ്വാലയുമായി സ്വാഗതംചെയ്യുന്നു. അടുത്തുചെന്ന് നിൽക്കുമ്പോൾ തീയുടെ ചൂടും ചില വാതകഗന്ധങ്ങളും നമുക്ക് അനുഭവപ്പെടും. വീശിയടിക്കുന്ന കാറ്റിൽ തണുത്ത് വിറയ്ക്കുന്ന ദേഹത്തിന് തീയുടെ സാമീപ്യം സുഖകരമായിരുന്നു. കനം കുറഞ്ഞതും സുഷിരങ്ങളുള്ളതുമായ മണൽക്കല്ല് പാളിയിൽനിന്ന് വായുവിലേക്ക് മൂന്നുമീറ്റർ തീജ്വാലകൾ കുതിക്കുന്നു. മണ്ണിനടിയിലെ വാതകമാണ് ഈ അണയാത്ത അഗ്നിയുടെ രഹസ്യം. ആളുകൾ എറിഞ്ഞ നാണയത്തുട്ടുകൾ നിസ്സഹായതയോടെ തീയിൽക്കിടന്ന് എരിയുന്നു. അസർബയ്ജാന്റെ ഭൂമിക്കടിയിൽ പ്രകൃതിവാതക സ്രോതസ്സുകൾ ധാരാളമായുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ എണ്ണ-പ്രകൃതിവാതക ഖനനം വിപുലമായി നടക്കുന്നു. കൃഷിയും ടൂറിസവുമൊക്കെയാണ് മറ്റ് വരുമാന മാർഗങ്ങൾ. അഗ്നിപർവതങ്ങൾ ഏറെയുള്ള ഒരു നാട് കൂടിയാണ് അസർബയ്ജാൻ. വെറുതെയല്ല ഈ നാടിനെ ‘ദ ലാൻഡ് ഓഫ് ഫയർ’ എന്നുവിളിക്കുന്നത്.

ഇനിയുമുണ്ട് അഗ്‌നിവിശേഷങ്ങൾ
ഫയർമൗണ്ടൻപോലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ഫയർ ടെന്പിൾ. ബാകു നഗരഹൃദയത്തിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് അതിപുരാതനമായ ഈ ക്ഷേത്രം. പുറമെനിന്ന് നോക്കുമ്പോൾ ഒരു പഴയ കോട്ടപോലെ തോന്നും. 11 മന്നത് കൊടുത്ത് ഫയർ ടെന്പിളും ഫയർ മൗണ്ടനും കാണാനുള്ള ടിക്കറ്റ് ഇവിടെനിന്ന് എടുക്കാം. സ്റ്റുഡന്റ് ഐഡൻറിറ്റി കാർഡ് കാണിച്ചപ്പോൾ എന്റെമകന് ടിക്കറ്റ് നിരക്കിൽ നല്ല ഇളവ് കിട്ടി. ഹിന്ദു, സിഖ്, സൊരാഷ്ട്രീയൻ മതങ്ങളുടെ ആരാധനാകേന്ദ്രമായിരുന്ന ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമിക്കപ്പെട്ടത്.
കാസ്പിയൻപ്രദേശവുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഇന്ത്യയിൽനിന്നുള്ള സൊരാഷ്ട്രീയരുടെ ഒരു തീർഥാടനകേന്ദ്രമായിരുന്നു ബാകുവിലെ ഈ അറ്റെഷ്ഗ. പേർഷ്യൻഭാഷയിൽ അറ്റെഷ്ഗ എന്നാൽ അഗ്നി എന്നാണ്. വിശാലമായ നടുമുറ്റത്തോടുകൂടി ചുറ്റും സന്യാസിമാർക്കുള്ള സെല്ലുകളാൽ ചുറ്റപ്പെട്ട രീതിയിലാണ് ഇതിന്റെ നിർമിതി. മധ്യത്തിൽ കൽത്തൂണുകളിലുള്ള ഒരു അൾത്താരയിൽ അഗ്നി ആളിക്കൊണ്ടിരിക്കുന്നതാണ് ഇവിടത്തെ സവിശേഷമായ കാഴ്ച. ഫയർ മൗണ്ടൻപോലെ ഇത് പ്രകൃതിയുടെ വികൃതിയല്ല. യാഗകുണ്ഠം പോലെയുള്ള ഇത് ഒരിക്കലും അണയാതെ കത്തിക്കൊണ്ടിരിക്കാൻ പൈപ്പിലൂടെ ഗ്യാസ് കടത്തിവിടുകയാണ് ചെയ്യുന്നത്. ആ കൽമണ്ഡപവും അഗ്നികുണ്ഠവുമൊക്കെച്ചേർന്ന് ഏതോ പുരാതന യുഗത്തിൽ എത്തിച്ചേർന്ന ഒരു പ്രതീതിയുണ്ടാക്കി. മണ്ഡപത്തിന് ചുറ്റുമായി കല്ല് കൊണ്ട് നിർമിച്ച ഉയരംകുറഞ്ഞ സെല്ലുകളിൽ വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിഷ്ഠകളും ആരാധനാസമ്പ്രദായങ്ങളും ചിത്രീകരിച്ചിരിക്കുന്നു. സംസ്കൃതം, അറബി തുടങ്ങി വിവിധ ഭാഷകൾ ലിഖിതംചെയ്ത കല്ലുകൾ സെല്ലുകളുടെ കവാടങ്ങളിൽ കണ്ടു. ഇന്ത്യയിലെ ഗണേശ-ശിവ വിഗ്രഹങ്ങൾ അസർബയ്ജാൻ എന്ന മുസ്‌ലിം രാജ്യത്തിൽ ഇപ്പോഴും സൂക്ഷിച്ച് പരിപാലിക്കുന്നത് കൗതുകകരമായി തോന്നി. 1975-ലാണ് ഇവിടം ഒരു ചരിത്ര, പുരാവസ്തു മ്യൂസിയമായി മാറ്റപ്പെട്ടത്.

കൊതിപ്പിച്ച ഭക്ഷണവൈവിധ്യം
വിശപ്പ് തുടങ്ങിയിരുന്നതിനാൽ ഭക്ഷണം കഴിച്ചിട്ടാവാം ബാകുവിലെ ബാക്കി കാഴ്ചകൾ എന്ന് തീരുമാനിച്ചു. മിതമായ നിരക്കിലുള്ള നല്ല കബാബുകൾ കിട്ടുന്ന ബീബി റെസ്റ്റോറന്റിലേക്കാണ് ഡ്രൈവർ ഷഹീൻ കൊണ്ടുപോയത്. അരിയോടൊപ്പം മാംസവും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് വൈൻ ഇലകളിൽ ചുരുട്ടി തയ്യാറാക്കുന്ന ഡോൽമ എന്ന വിഭവവും വിവിധതരം പുലാവുകൾ, സൂപ്പുകൾ, റൊട്ടി, കബാബുകൾ തുടങ്ങിയവയുമാണ് അസർബയ്ജാന്റെ പരമ്പരാഗത ഭക്ഷണം. ചോറ്് കഴിക്കാൻ താത്പര്യമില്ലാത്തതിനാൽ ഞങ്ങൾ റൊട്ടിയും കബാബുകളും ഓർഡർചെയ്തു. ഗൾഫ് നാട്ടിലെപ്പോലെ വെള്ളക്കടല വേവിച്ച് തഹിന എന്ന എള്ള് മിശ്രിതവും ഒലീവ് ഓയിലുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഹമ്മൂസ്, ഗാർലിക് സോസ്, ചില്ലി ചട്‌നി തുടങ്ങിയവയോടൊപ്പം വഴുതനങ്ങയുടെ ഒരു സൈഡ് ഡിഷും തിരഞ്ഞെടുത്തു. വഴുതനങ്ങ വിഭവത്തിന്റെ രുചി പറഞ്ഞറിയിക്കാനാവില്ല. ഇവിടെ സുലഭമായി കിട്ടുന്ന പാനീയമാണ് കോംപോട്. ആപ്പിൾ, ചെറി, ബെറീസ് എന്നിങ്ങനെ വിവിധതരം പഴങ്ങൾ വേവിച്ച് ചേർത്ത് ഉണ്ടാക്കുന്ന നേർത്ത ഒരു മധുരദ്രാവകമാണത്. ആകർഷകമായ നിറത്തോടൊപ്പം നല്ലരുചിയും ഈ പാനീയത്തിനുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളത്തിന് പകരം ഇതാണ് കൂടുതൽപേരും കുടിക്കുന്നത്. തിരിച്ചുവരുമ്പോൾ സൂപ്പർമാർക്കറ്റിൽനിന്ന് കോംപോട് വാങ്ങി ലഗ്ഗേജിൽ കരുതാൻ മറന്നില്ല.അറബ് നാടുകളിലെ ‘കഹ്വ’ പോലെ ബ്ലാക് ടീ അഥവാ കട്ടൻ ചായ ആണ് അസർബയ്ജാൻ ദേശീയപാനിയം. നാരങ്ങാനീര് ചേർത്ത സമാവർ ബ്ലാക് ടീ ധാരാളമായി കുടിക്കുന്ന അസർബയ്ജാനികൾ അതിഥികളെ ഒരു കപ്പ് ചായയെങ്കിലും കൊടുക്കാതെ പറഞ്ഞയക്കില്ല. പുരുഷൻമാർ സമയം ചെലവഴിക്കുന്ന ചായമഖാനികൾ ഏറെയുണ്ട് ഇവിടെ. തുർക്കിയിൽ ജന്മം കൊണ്ടതെങ്കിലും ഇപ്പോൾ അറബ് നാടുകളിലും ലഭ്യമായ ബക്ക്‌ലാവ, ഖൈമാക്, കിയാത, ഷെകർ ചോരക് എന്നിങ്ങനെ ഏറെയുണ്ട് ഇവിടത്തെ മധുരപലഹാരങ്ങൾ.

ഹൈദരലി സെന്ററിലെ വിന്റേജ് കാറുകൾ
പച്ച, മഞ്ഞ, നീല, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ പല പല നിറങ്ങളിലും മോഡലിലും ഉള്ള ടോയ് കാറുകൾ കണ്ടിട്ടില്ലേ? അങ്ങിനെയുള്ള കളിക്കാറുകൾ വലിയ രൂപത്തിലേക്ക് മാറിയാൽ എങ്ങനെയുണ്ടാവും? അതുപോലൊരു കാഴ്ചയാണ് ഹൈദരലി സെന്ററിലെ വിന്റേജ് കാർമ്യൂസിയത്തിൽ കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പഴയകാലത്തെ വ്യത്യസ്ത മോഡൽ ക്ലാസിക് കാറുകളുടെ വിസ്മയലോകമാണ് അവിടം. കണ്ണെടുക്കാൻ തോന്നാത്ത ഭംഗിയും ആഢ്യത്വവും തുളുമ്പുന്ന വിവിധ വർണങ്ങളിലുള്ള കാറുകൾ അതിശയത്തോടെയും കൗതുകത്തോടെയും നോക്കിക്കണ്ടു. ഓരോ കാറ്് കാണുമ്പോഴും ഇതാണ്
ഏറ്റവുംമികച്ചത് എന്ന് തോന്നും. കാറിനോട് ഭ്രമമുള്ളവർക്ക് അവിടന്ന് പോരാൻ തോന്നുകയേ ഇല്ല.നഗരഹൃദയത്തിൽ തന്നെയുള്ള ഹൈദരലി സെൻറർ ബാകുവിലെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്. വ്യത്യസ്തവും എടുത്ത് കാണിക്കുന്നതുമായ ആകൃതിയിലുള്ള ഈ കെട്ടിട സമുച്ചയം ലോകത്തിലെ സവിശേഷ ആർക്കിടെക്ചർ ഡിസൈനുകളിൽ ഉൾപ്പെടുന്നു. അസർബയ്ജാൻ റിപ്പബ്ലിക്കിന്റെ പ്രസിഡൻറ്് (1993-2003) ആയിരുന്ന ഹൈദർ അലിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. മ്യൂസിയം, ഓഡിറ്റോറിയം, എക്സിബിഷൻ സ്പേസസ് എന്നിവയൊക്കെ ഈ കെട്ടിടത്തിനകത്ത് സംവിധാനം ചെയ്തിരിക്കുന്നു. പത്ത് മന്നത് ആണ് കാർമ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ചകളിൽ ഹൈദരലി സെന്റർ അവധിയാണ്.

ബാകു സ്ട്രീറ്റിലെ ചാമ്പിക്കോ ഷൂട്ട്
ഓൾഡ് സിറ്റി സ്ട്രീറ്റിലൂടെ കാഴ്ചകൾകണ്ട് നടക്കുന്നതിനിടയിലാണ് മലയാളത്തിൽ ചറപറാ സംസാരം കേട്ടത്. കേരളത്തിൽനിന്നുവന്ന ഒരുസംഘം വിനോദസഞ്ചാരികളായിരുന്നു ബാകുവിനെ മലയാളം പറഞ്ഞ് ഉണർത്തിയത്. അവരെ പരിചയപ്പെട്ട് വിശേഷങ്ങൾ കൈമാറി. ഒരു െട്രൻഡിങ് ‘ചാമ്പിക്കോ’ ഫോട്ടോഷൂട്ടും നടത്തിയാണ് പിരിഞ്ഞത്.

റൊട്ടിക്കടയിലെ അമ്മൂമ്മ
ഓൾഡ് സിറ്റിയിലൂടെ നടന്നുകൊണ്ടിരിക്കെ മൂക്കിലേക്ക് വന്ന നല്ല മൊരിഞ്ഞ റൊട്ടിയുടെ മണം എത്തിച്ചത് ഒരു സുന്ദരി അമ്മൂമ്മയുടെ കടയ്ക്ക് മുന്നിലായിരുന്നു. നിറമുള്ള വസ്ത്രവും കഴുത്തിൽ മുത്തുമാലയും തലയിൽ സ്കാർഫും അണിഞ്ഞ അമ്മൂമ്മ കടയ്ക്ക് മുന്നിൽ നിൽക്കുന്നു. എന്നെക്കണ്ട് പുഞ്ചിരിച്ചപ്പോൾ നിറചിരിയോടെ ഞാൻ അടുത്ത് ചെന്ന് റൊട്ടി ചുടുന്നത് കണ്ടോട്ടെ എന്ന് ചോദിച്ചു. സന്തോഷത്തോടെ അവർ അകത്തേക്ക് ക്ഷണിച്ചു. തന്തൂർ മാതൃകയിൽ വട്ടത്തിലുള്ള ഒരു അടുപ്പിൽ എരിയുന്ന കനൽക്കട്ടകൾ. റൊട്ടി പരത്തി ഈ അടുപ്പിന്റെ വശങ്ങളിൽ അമർത്തി ഒട്ടിച്ചുവെച്ച് വേവിച്ചെടുക്കുന്നത് കൗതുകത്തോടെ കണ്ടു നിന്നു. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചപ്പോൾ അവരെന്നെ ചേർത്തുപിടിച്ചു പോസ് ചെയ്തു. നന്ദി പറഞ്ഞപ്പോൾ എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നാണ് ആ സ്നേഹവതി യാത്രയാക്കിയത്.

ബാകുവിലെ വെനീസും മെയ്ഡൻ ടവറും
വർഷങ്ങൾക്കുമുൻപ് ഇറ്റലിയിലെ വെനീസിൽ പോയിട്ടുണ്ട്. വെള്ളത്തിൽ പടുത്തുയർത്തിയ ആ നഗരം കൗതുകകരമായി തോന്നിയിരുന്നു. ബാകുവിലെ വെനീസ് എങ്ങനെയിരിക്കുമെന്ന ആകാംക്ഷയോടെയാണ് പോയത്. ഒരു പാർക്കിനുള്ളിൽ കൃത്രിമമായി നിർമിച്ച ചെറിയൊരു ജലപാത ഉണ്ടെന്നല്ലാതെ യഥാർഥ വെനീസുമായി മറ്റൊരു സാമ്യവുമില്ല ഈ ലിറ്റിൽ വെനീസിന്. മൂന്ന് മന്നത് കൊടുത്ത് ടിക്കറ്റെടുത്താൽ ഒരു കുഞ്ഞുബോട്ടിൽ കയറി ഏകദേശം പത്തുമിനിറ്റ് ഒരു ജലയാത്ര ആസ്വദിക്കാം. എന്തായാലും ഒരു ബോട്ടിങ് നടത്തിക്കളയാമെന്ന് തീരുമാനിച്ചു. ബോട്ടിങ് കഴിഞ്ഞ് പാർക്കിലൂടെ കുറച്ചുനടന്ന് തിരിച്ചുപോന്നു. ഇവിടെനിന്ന് നോക്കിയാൽ ബാകുവിലെ ഒരു പ്രധാന ആകർഷണകേന്ദ്രമായ ഫ്ളെയിം ടവേഴ്സ് കാണാം. ഓൾഡ് സിറ്റിയിലേക്ക് പോകുംവഴി മെയ്ഡൻ ടവർ കണ്ടിരുന്നെങ്കിലും അടുത്ത് പോയിട്ടുണ്ടായിരുന്നില്ല. ഇരുട്ട് വീഴുംമുൻപ് ഫോട്ടോ എടുക്കാൻവേണ്ടി പെട്ടെന്നുതന്നെ അവിടെയെത്തി. പന്ത്രണ്ടാംനൂറ്റാണ്ടിലെ ഒരു ചരിത്ര-സാംസ്കാരിക സ്മാരകമാണ് മെയ്ഡൻ ടവർ. യുനസ്‌കൊ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ടവർ ബാകുവിലെ ഓൾഡ് സിറ്റിയിൽ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. ഏകദേശം മുപ്പതുമീറ്റർ ഉയരമുള്ള ഈ ടവറിനുള്ളിൽ ബാകുവിന്റെ ചരിത്രപരിണാമം പരിചയപ്പെടുത്തുന്ന മ്യൂസിയവും ഗിഫ്റ്റ് ഷോപ്പുമാണുള്ളത്. ഒരു ദേശീയ ചിഹ്നംകൂടിയായ മെയ്ഡൻ ടവറിന്റെ ചിത്രം ഇവിടത്തെ കറൻസിനോട്ടിലും ഔദ്യോഗിക ലെറ്റർഹെഡുകളിലും മുദ്രണംചെയ്തിട്ടുണ്ട്.ഹോട്ടലിലേക്ക് വരുന്നവഴിയിൽ പലയിടത്തും പോലീസ് നിൽക്കുന്നത് കണ്ടു. പിന്നീട് മനസ്സിലായി അത് പതിവ് കാഴ്ചയാണെന്ന്. കുറ്റകൃത്യങ്ങൾ താരതമ്യേന കുറവുള്ള അസർബയ്ജാൻ ഒരു സുരക്ഷിതനഗരമായാണ് അറിയപ്പെടുന്നത്.

ജുന്തൂസിനോടൊപ്പം കാർപ്പെറ്റ് മ്യൂസിയത്തിലേക്ക്
നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള കാർപ്പെറ്റ് മ്യൂസിയം കാണാൻ പോയപ്പോൾ ജുന്തൂസ് എന്ന പുതിയ ഡ്രൈവർ ആയിരുന്നു വന്നത്. ജുന്തൂസിന് ഇംഗ്ലീഷ് അത്ര വശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്യാവശ്യകാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞുള്ളൂ. (അസർബയ്ജാനിൽ ഇംഗ്ലീഷ് നന്നായി കൈകാര്യംചെയ്യുന്നവർ കുറവാണ്. കൂടുതൽ ആളുകളും അസർബയ്ജാനി ഭാഷയും റഷ്യനും ആണ് സംസാരിക്കുന്നത്).മ്യൂസിയത്തിലേക്ക് നടക്കുന്നവഴിയിൽ ഒരു പഴക്കച്ചവടക്കാരനെ കണ്ടു. അയാളുടെ കൈയിലെ പഴക്കൂടകളിൽ വിളഞ്ഞുതുടുത്ത സ്‌ട്രോബറിയും ചെറിപ്പഴവും നിറഞ്ഞ് ചിരിതൂകിനിൽക്കുന്ന കാഴ്ചയിൽനിന്ന് കണ്ണുകളെ പിൻവലിക്കാൻ കഴിയുമായിരുന്നില്ല. ഇത്ര പുതുമയോടെ ഈ പഴങ്ങളൊന്നും സൂപ്പർമാർക്കറ്റുകളിൽ കാണാറില്ല. വില ചോദിച്ചപ്പോൾ ഒരു ചെറിയ കൂടിന് 15 മന്നത് പറഞ്ഞു. ‘‘ഓ.. അത്രയും വിലകൊടുത്ത് വേണ്ട’’-നല്ല കൊതിയുണ്ടെങ്കിലും ഞാൻ പറഞ്ഞു.
‘‘10 മന്നതിന് തരുമോ ?’’
‘‘ഇല്ല’’
‘‘വാ, നമുക്ക് പോകാം...’’
പലപ്പോഴും പ്രയോഗിക്കുന്ന ഈ തന്ത്രം ഞാൻ പുറത്തെടുത്തു. 10 മന്നതിന് തരാം എന്നുപറഞ്ഞ് അയാൾ പിറകിൽനിന്ന് വിളിക്കുന്നത് പ്രതീക്ഷിച്ച് പതുക്കെ നടന്നു. ഇല്ല, വിളിയൊന്നും കേൾക്കുന്നില്ല. ‘‘ശ്ശൊ..വാങ്ങാമായിരുന്നു. ഇത്ര ഫ്രഷായ പഴങ്ങൾ ഇനി എവിടെ കിട്ടാനാ...’’ -വല്ലാത്ത നിരാശ തോന്നി. മ്യൂസിയത്തിന്റെ മുറ്റത്ത് എത്തിയപ്പോൾ അതാവരുന്നു നമ്മുടെ പഴക്കച്ചവടക്കാരൻ ! 10 മന്നതിന് എടുത്തോളു എന്ന് പറഞ്ഞ് സ്‌ട്രോബറി എടുത്തുനീട്ടി. സന്തോഷംകൊണ്ട് ഞാൻ ഒരുകൂട് ചെറിപ്പഴവുംകൂടി വാങ്ങി. ഇതുവരെ കഴിച്ചിട്ടില്ലാത്തത്രയും സ്വാദും മധുരവും ഉണ്ടായിരുന്നു ആ പഴങ്ങൾക്ക്.അസർബയ്ജാനി കാർപ്പെറ്റുകളും റഗ്ഗുകളും പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയത്തിൽ പുരാതനവും നൂതനവുമായ നെയ്ത്ത് സാമഗ്രികളും നെയ്ത്ത് രീതികളുമൊക്കെ വിശദമാക്കുന്നുണ്ട്. ഏതോ സ്കൂളിലെ കുട്ടികളും അധ്യാപകരും മ്യൂസിയം സന്ദർശനത്തിന് വന്നതിന്റെ ചെറിയ തിക്കും തിരക്കും കാരണം അധികസമയം അവിടെ ചെലവഴിക്കാനായില്ല. കടലിനോട് ചേർന്നുള്ള ഒരു പാർക്കിന്റെ അടുത്തായാണ് കാർപ്പെറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മ്യൂസിയം കണ്ടതിനുശേഷം പാർക്കിലൂടെയും കടൽതീരത്തുകൂടെയും നടന്ന് അവിടെയുള്ള ഡെനിസ് മാളിൽ കയറി.

നിസാമി സ്ട്രീറ്റിലെ വികൃതി കുരങ്ങൻ
ബാകുവിലെ മറ്റൊരു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് നിസാമി സ്ട്രീറ്റ്. പതിനാലാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ അസർബയ്ജാൻ കവിയുടെ പേരാണ് ഈ സ്ട്രീറ്റിന് കൊടുത്തിരിക്കുന്നത്. ‘ദി ഹംസ’ അഥവാ ‘പാൻച് ഗൻച്’ എന്ന കവിതാസമാഹാരമാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർപീസ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത നിസാമി സ്ട്രീറ്റിൽ രാപകൽഭേദമന്യേ ആളുകളുടെ തിരക്കാണ്. ഒരു ലോകോത്തര ഷോപ്പിങ് കേന്ദ്രം കൂടിയായ നിസാമി സ്ട്രീറ്റിലൂടെ കാഴ്ചകൾകണ്ട് എത്രനടന്നാലും മതിയാവില്ല.രാത്രി വിളക്കുകൾ തെളിയുന്നതോടെ ഈ സ്ട്രീറ്റ് ഒന്നുകൂടി ആകർഷകമാകും. തിരക്കിനിടയിലൂടെ അങ്ങനെ നടക്കുമ്പോഴാണ് ഒരാളുടെ മുതുകിൽ കയറിമറിഞ്ഞ് കളിക്കുന്ന ട്രൗസറും കുപ്പായവുമൊക്കെ ഇട്ട ഒരു കുരങ്ങച്ചാരെ കണ്ടത്. കുരങ്ങിനെ ശ്രദ്ധിച്ചുകൊണ്ടുനിന്ന എന്റെ അടുത്തേക്കുവന്ന് ആ മനുഷ്യൻ അതിനെ എന്റെനേർക്കു നീട്ടി. വാങ്ങാൻ മടിച്ചുനിന്ന എന്റെ െെകയിലേക്ക് അയാൾ സ്നേഹത്തോടെ അതിനെ വെച്ചുതന്നപ്പോൾ അല്പം പേടിയോടെയാണെങ്കിലും വാങ്ങി. ആദ്യമായി ഒരു കുരങ്ങിനെ കൈയിലെടുത്ത സന്തോഷത്തിൽ നിൽക്കുന്ന എന്റെ ഫോട്ടോ മകൻ എടുത്തു. അയാൾ എന്റെ കൈയിൽനിന്ന് കുരങ്ങിനെ എടുത്ത് മകന്റെ കൈയിൽ കൊടുത്തു. അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ കുരങ്ങൻ അപ്രതീക്ഷിതമായി അവന്റെ മൂക്കിന് ഒരു കടികൊടുത്തു. ചിലപ്പോൾ സ്നേഹം പ്രകടിപ്പിച്ചതാവാം. ഭാഗ്യത്തിന് ഒരു ചെറിയ പോറലേ ഉണ്ടായുള്ളൂ. രണ്ട് ഫോട്ടോയ്ക്കുംകൂടി 10 മന്നത് കൊടുത്തു. ജീവിക്കാൻ എന്തെല്ലാം മാർഗങ്ങളാണ് മനുഷ്യൻ കണ്ടുപിടിക്കുന്നത്. അസർബയ്ജാൻ സ്പെഷ്യൽ ‘ഡോണർ കബാബ്’ കഴിച്ച് ഹോട്ടൽമുറിയിൽ എത്തിയപ്പോഴേക്കും രാത്രി ഏറെ കടന്നുപോയിരുന്നു. അടുത്തദിവസം ബാകു നഗരത്തോട് യാത്രപറയാൻ തയ്യാറെടുത്ത് ഉറക്കത്തിലേക്ക് വീഴുമ്പോൾ അസർബയ്ജാൻ എന്ന രാജ്യം അവരുടെ സംസ്കാരവും ചരിത്രവും നിലനിർത്താൻ കാണിക്കുന്ന ശുഷ്കാന്തിയെക്കുറിച്ച് ഓർക്കാതിരിക്കാനായില്ല.അടുത്തൊരു യാത്ര, അത് എന്നാവും എവിടെക്കാവും എന്നൊന്നും അറിയില്ല എങ്കിലും സ്വപ്നം കാണാമല്ലോ... കാണാത്തയിടങ്ങളെ... പോകാത്തയിടങ്ങളെ...

Content Highlights: gulffeature

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..