മലീഹയിൽ ഗോതമ്പ് വിളഞ്ഞുകഴിഞ്ഞു. ആദ്യകൊയ്ത്ത് അടുത്തയാഴ്ച മുതലാണ്. കൃത്യമായി പറഞ്ഞാൽ ഈ മാസം 15-നുശേഷം. കന്നിക്കൊയ്ത്തിൽ വിളവെടുക്കുക പൊന്നിൻമണികളാണ്. ആവശ്യത്തിന് വെള്ളമോ വളക്കൂറുള്ള മണ്ണോ അനുകൂലമായ കാലാവസ്ഥയോ ഇല്ലാതെ, മലയും മണലും മാത്രമുള്ള ചുട്ടുപഴുത്ത മരുഭൂമിയിൽ സ്വർണനിറമുള്ള ഗോതന്പുമണികൾ വിളഞ്ഞുനിൽക്കുന്ന കാഴ്ച എന്ത് മനോഹരമാണെന്നോ. 400 ഹെക്ടറിലേറെസ്ഥലത്ത് വെള്ളമെത്തിച്ച്, നനച്ച്, വിത്തുപാകിയത് നാലുമാസം മുൻപാണ്. വിത്തിറക്കി അധികം കാത്തിരിക്കേണ്ടി വന്നില്ല, ഗോതമ്പുപാടം പച്ചപ്പണിഞ്ഞു. പാടം കാണാനെത്തിയ ഷാർജഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അത്ഭുതപ്പെട്ടുപോയി. കാരണം, അതിവേഗമായിരുന്നു ചെടികൾ വിളഞ്ഞുപാകമായത്. വിത്തിറക്കുമ്പോൾ ഇതിത്ര വലിയ വിപ്ലവമാകുമെന്ന് ആരും കരുതിയതുപോലുമില്ല.
ബുർജ് ഖലീഫയേക്കാൾ വലിപ്പമുള്ള കഠിനാധ്വാനം തന്നെയായിരുന്നു ഈ ഗോതമ്പുപാടത്തിന്റെ സമൃദ്ധിക്കുപിന്നിൽ. മലീഹയിലെ ഈ സ്ഥലത്ത് എങ്ങിനെ വെള്ളമെത്തിക്കാനാണെന്നു ചോദിച്ചവരുണ്ട്. അതും ഇത്രയും ഹെക്ടർ സ്ഥലത്തെ കൃഷിക്കായുള്ള വെള്ളം. 400 ഹെക്ടറിൽ എൻജിനിയർമാരായും മറ്റ് പണിക്കാരായും ആകെയുള്ളത് 12 പേരാണ്. എന്നാൽ, എല്ലാം മുന്നിൽകണ്ട് രാജ്യം ശീലിച്ചുവരുന്ന നിർമിതബുദ്ധിയിലാണ് ഇതെല്ലാം സാധ്യമായതും വിജയക്കൊയ്ത്തിലേക്ക് എത്തിച്ചതും. ഏകദേശം 500 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഗോതമ്പ് കൃഷിയിടം കൊയ്തെടുക്കാൻ ഇപ്പോഴിതാ പ്രത്യേകതരം കൊയ്ത്തുയന്ത്രങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു.
മൊബൈൽ ആപ്പുകൊണ്ട് നിയന്ത്രിക്കാവുന്ന വിധത്തിലാണ് ഇത്രയും കൂറ്റൻ പാടത്തെ സംവിധാനങ്ങൾ. എല്ലാം സെൻസറുകളാണ് നിയന്ത്രിക്കുന്നത്. മണ്ണിൽ എത്രത്തോളം വെള്ളം ആവശ്യമുണ്ട്, വളം കൂടുതൽ വേണ്ടിവരുമോ തുടങ്ങി എല്ലാ കാര്യങ്ങളും നിർമിതബുദ്ധി വഴിയാണ് മനസ്സിലാക്കുന്നത്. അതിനനുസരിച്ചാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കടൽവെള്ളം കൃഷിയാവശ്യത്തിന് നേരിട്ടുപയോഗിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് ഹംദയിൽ കടൽവെള്ളം ശുദ്ധീകരിക്കും. ശുദ്ധീകരിച്ച 16,000 ഘനയടി വെള്ളം കൃഷിയിടത്തിന് സമീപം ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആറോളം കൂറ്റൻ പമ്പുകൾ ഉപയോഗിച്ച് സ്‌പ്രിംഗ്ളറുകൾ വഴിയാണ് വെള്ളം കൃഷിക്കായി ഉപയോഗിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ കാർഷിക സാങ്കേതികവിദ്യയും വിപുലമായ ജലസേചന പദ്ധതിയും ഉപയോഗപ്പെടുത്തിയായിരുന്നു ഗോതമ്പുകൃഷി വിജയമാക്കിയത്.
ഓരോ വർഷവും 1700 ടൺ ഗോതമ്പ് ഉത്പ്പാദിപ്പിക്കാനുള്ള പരീക്ഷണഘട്ടം മാത്രമാണിത്. ഈ 400 ഹെക്ടർ സ്ഥലം വരുംവർഷങ്ങളിൽ കൂടുതൽ വികസിപ്പിക്കാനാണ് ഷാർജ സർക്കാരിന്റെ പദ്ധതി. രണ്ടാംഘട്ടമെന്ന നിലയിൽ അടുത്ത വർഷം 880 ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കും. 2025 ഓടെ 1,400 ഹെക്ടറിൽ കൃഷിയിറക്കും. ചുട്ടുപൊള്ളുന്ന മരുഭൂമി ദിവസങ്ങൾകൊണ്ട് കൃഷിഭൂമിയാക്കിയ ഒരു ഭരണകൂടത്തിന് അതും നിഷ്‌പ്രയാസം സാധിക്കും. കന്നിക്കൊയ്ത്ത് പൂർത്തിയാക്കി മേയ്, ജൂൺ മാസങ്ങളിൽ യു.എ.ഇ. വിപണികളിലേക്ക് പാടത്തെ ഗോതമ്പെത്തിത്തുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..