രുചിച്ചറിയണം സുനിതയുടെ കൈപ്പുണ്യം


By രമിഷാ എം.കെ.

1 min read
Read later
Print
Share

ഷാർജ: മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയപ്പോൾ ആത്മവിശ്വാസം കൊണ്ട് വിജയമധുരം നുണഞ്ഞ പത്തനംതിട്ടക്കാരിയാണ് സുനിതാ രമേഷ്. പ്രവാസി വീട്ടമ്മയിൽനിന്ന് സംരംഭകയിലേക്കുള്ള ഈ 41-കാരിയുടെ വളർച്ച ഒട്ടേറെ വനിതകൾക്ക് പ്രചോദനമാവുകയാണ്. 17 വർഷം മുൻപ് ഭർത്താവ് രമേഷിനൊപ്പം പ്രവാസത്തിലേക്ക് ചേക്കേറുമ്പോൾ നല്ലൊരു ജോലി മാത്രമായിരുന്നു ലക്ഷ്യം. മൂന്ന് വർഷത്തോളം ഷാർജയിലെ പല സ്ഥാപനങ്ങളിലായി ജോലിചെയ്തു. മികച്ച മാർക്കോടെ ബി.കോം. ബിരുദമുണ്ടായിട്ടും എവിടെയും മെച്ചപ്പെട്ട ഒരുജോലി ലഭിച്ചില്ല. അപ്പോഴാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങാമെന്ന ആശയം മനസ്സിലുദിച്ചത്. എന്നാൽ, പണം വിലങ്ങുതടിയായി.

പ്രതീക്ഷകളെല്ലാം അസ്തമിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തിൽ, 100 പേർക്കുള്ള പായസമുണ്ടാക്കിത്തരാമോ എന്ന ഒരു സുഹൃത്തിന്റെ ചോദ്യമാണ് സുനിതയുടെ ജീവിതഗതി മാറ്റിയത്. ആവശ്യപ്പെട്ടതുപോലെ സ്വാദേറിയ പായസം പാകംചെയ്തു നൽകി. പിന്നീടങ്ങോട്ട് മലയാളികളുടെ ചെറിയ ആഘോഷങ്ങളിൽ രുചി വിളമ്പിത്തുടങ്ങി. രണ്ട് പേർക്ക് നിന്നുതിരിയാനിടമില്ലാത്ത ഷെയറിങ് അടുക്കളയിൽനിന്ന് സ്വാദുള്ള ഭക്ഷണം നൽകികൊണ്ട് അനേകായിരം ആളുകളുടെ മനസ്സ് കീഴടക്കി. തന്നിലെ സംരംഭകയ്ക്ക് സ്വയം അടിത്തറയൊരുക്കിയ ദിനങ്ങളായിരുന്നു അതെന്ന് സുനിത പറയുന്നു.

വിഭവങ്ങൾക്ക് ലഭിച്ച സ്വീകാര്യത കൈമുതലാക്കി, ഉള്ളതെല്ലാം വിറ്റുപെറുക്കി 2010-ൽ ഷാർജയിൽ ആദ്യത്തെ കഫ്റ്റീരിയ ആരംഭിച്ചു. അവിടെ പകലന്തിയോളം പണിയെടുത്തു. പിന്തുണയുമായി ഭർത്താവും മകൾ അനുഗ്രഹയും കൂടെ നിന്നു. സഹായികളെ നിയമിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലേക്കെത്തുന്നതുവരെ എല്ലാ ജോലികളും സുനിതയും ഭർത്താവും മാത്രമായി ചെയ്തു. കൈപ്പുണ്യത്തിന്റെ പെരുമയറിഞ്ഞ് ഭക്ഷണം കഴിക്കാനാളുകൾ ഒഴുകിയെത്തി. അധികം താമസിയാതെ ഷാർജയിൽ രണ്ടാമത്തെ കഫ്റ്റീരിയയും തുറന്നു. ഇപ്പോൾ 12 പേരെയാണ് ജീവനക്കാരായി കൂടെ കൂട്ടിയിരിക്കുന്നത്. ഇപ്പോഴും തന്റെ പ്രശ്നങ്ങൾക്ക് മീതെയാണ് സുനിതയ്ക്ക് മറ്റുള്ളവരുടെ സങ്കടങ്ങൾ. അതുകൊണ്ട് തന്നെ ആവലാതികളുമായി മുന്നിൽ വരുന്നവരെ കടം വാങ്ങിയെങ്കിലും സഹായിക്കും. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് മാത്രം പിന്തള്ളപ്പെടുന്ന വനിതകളെ ഉൾപ്പെടുത്തിക്കൊണ്ട് യു.എ.ഇ.യിൽ ഒരു സംരംഭം ആരംഭിക്കണമെന്നാണ് സുനിതയുടെ ഏറ്റവും വലിയ ആഗ്രഹം.

Content Highlights: gulffeature

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..