: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസുകൾ തുടങ്ങി രണ്ടുവർഷത്തിനുശേഷമാണ് ചരക്കുനീക്കം തുടങ്ങിയത്. കാർഗോ കോംപ്ലക്സ് പ്രവർത്തനം തുടങ്ങി രണ്ടുവർഷം പിന്നിട്ടിട്ടും ചരക്കുനീക്കത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. വിമാന സർവീസുകളുടെ കുറവും ചരക്ക് മാത്രം കൈകാര്യം ചെയ്യുന്ന കാർഗോ വിമാനങ്ങൾ സർവീസ് നടത്താത്തതുമാണ് കാരണം.
മാസം 300 മുതൽ 400 വരെ മെട്രിക് ടൺ ചരക്ക് മാത്രമാണ് കണ്ണൂരിൽനിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ഒരു മാസം 3000 മെട്രിക് ടണ്ണോളം ചരക്ക് കയറ്റി അയക്കുന്നുണ്ട്. വിമാനസർവീസുകൾ കുറയുന്ന സാഹചര്യത്തിൽ കണ്ണൂരിൽനിന്നുള്ള ചരക്കുനീക്കവും കുറയും.
9000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കണ്ണൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന് 12,000 മെട്രിക് ടൺ ചരക്ക് വഹിക്കാൻ ശേഷിയുണ്ട്. ഇതിന് അന്താരാഷ്ട്ര കാർഗോ കോംപ്ലക്സും നിർമിച്ചിട്ടുണ്ട്. എന്നാൽ, വിമാനസർവീസുകളുടെ കുറവ് കാരണം കുറഞ്ഞ അളവ് ചരക്ക് മാത്രമാണ് കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. തുടക്കത്തിൽ പ്രതിവർഷം 20,000 ടൺ കയറ്റുമതിയാണ് കണ്ണൂരിൽനിന്ന് പ്രതീക്ഷിച്ചിരുന്നത്. കോവിഡ് ഉൾെപ്പടെയുള്ള പ്രതിസന്ധികളും ഇതിന് വിഘാതമായി. ചരക്കുകൾ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള സംഭരണകേന്ദ്രങ്ങളുടെ അഭാവവുമുണ്ട്.
വിമാനേതരവിഭാഗത്തിൽ നിന്നുള്ള വരുമാനം ലക്ഷ്യമിട്ട് വിമാനത്താവള പരിസരത്ത് ബിസിനസ് ക്ലാസ് ഹോട്ടൽ, കൺവെൻഷൻ സെന്റർ, സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രം തുടങ്ങിയ പദ്ധതികൾക്കായി കിയാൽ ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി വ
ന്നതോടെ പദ്ധതികൾ മാറ്റിവെക്കേണ്ടി വന്നു.
വ്യാപാര സംരംഭങ്ങൾക്കും
തിരിച്ചടി
യാത്രക്കാരുടെ എണ്ണം കുറയുന്നത് കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഡേ ഹോട്ടൽ തുടങ്ങിയ സംരംഭങ്ങൾക്കും തിരിച്ചടിയാകും. ജി.എം.ആർ. ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുറന്നിട്ടുള്ളത്. ആഗമന-ബഹിർഗമന ടെർമിനലുകളിലായി കഫ്റ്റീരിയകളുമുണ്ട്.
ജെ.പി. വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലാണ് ടെർമിനലിൽ ഡേ ഹോട്ടൽ പ്രവർത്തിക്കുന്നത്. മണിക്കൂർ അടിസ്ഥാനത്തിൽ പണം നൽകി ഇവ ഉപയോഗിക്കാൻ കഴിയും.
ഗോ ഫസ്റ്റ് സർവീസുകൾ പുനരാരംഭിച്ചില്ലെങ്കിൽ പ്രതിമാസം 240 സർവീസുകളാണ് കണ്ണൂരിൽ കുറയുക. ഇതുവഴി മാസത്തിൽ ശരാശരി 36,000 യാത്രക്കാരുടെ കുറവുണ്ടാകും. വിമാനത്താവളത്തിലെ എല്ലാ വ്യാപാരസംരംഭങ്ങളുടെയും വരുമാനത്തെ ഇത് ബാധിക്കും. കിയാലിന് ലഭിക്കേണ്ട പാർക്കിങ്-ലാൻഡിങ് ഫീസിനത്തിലും കാര്യമായ കുറവുവരും.
ടാക്സി-അനുബന്ധ സർവീസുകൾക്കും യാത്രക്കാരുടെ കുറവ് തിരിച്ചടിയാണ്. 50-ലധികം പ്രീപെയ്ഡ് ടാക്സികളും ഇലക്‌ട്രിക് ഓട്ടോറിക്ഷകളും വിമാനത്താവളം കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..