വേണ്ടത് വിദേശ കമ്പനികളുടെ സർവീസുകൾ


2 min read
Read later
Print
Share

:വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാക്കുകയെന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്ത കാര്യം. കണ്ണൂർപോലെ പുതിയ വിമാനത്താവളത്തിന് ഇന്ത്യൻ കമ്പനികളെ മാത്രം ആശ്രയിച്ച് പുരോഗതി കൈവരിക്കാൻ കഴിയില്ലെന്ന് വ്യോമയാനരംഗത്തെ പല വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.
സർവീസുകളും യാത്രക്കാരും വർധിക്കുന്നത് മാത്രമല്ല, ദുബായ് പോലുള്ള എയർ ഹബ്ബുകളുമായി കൂടുതൽ കണക്ടിവിറ്റി ലഭിക്കുന്നതിനും വിദേശ സർവീസുകൾ വഴി സാധ്യമാകും.
വൈഡ്‌ബോഡി വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താനാകുന്ന വിധത്തിൽ 3050 മീറ്റർ റൺവേ സൗകര്യം കണ്ണൂരിലുണ്ട്. 97,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ടെർമിനൽ ഏരിയയിൽ ഒരുമണിക്കൂറിൽ 2000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കോവിഡ് കാലത്ത് പ്രവാസികളുമായി വിദേശ വിമാനങ്ങൾ എത്തിയപ്പോൾ ഇത് തെളിഞ്ഞതുമാണ്. എന്നാൽ ഈ സൗകര്യങ്ങളുടെ മൂന്നിലൊന്നു പോലും ഉപയോഗിക്കേണ്ടിവരുന്നില്ല.
വിദേശ എയർലൈനുകളുമായി കിയാൽ അധികൃതർ പലതവണ ചർച്ച നടത്തുകയും, എത്തിഹാദ്, എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് അടക്കമുള്ള പ്രമുഖ കമ്പനികൾ കണ്ണൂരിലേക്ക് സർവീസിന് താത്പര്യമറിയിക്കുകയും ചെയ്തതാണ്. എന്നാൽ പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനമാണ് തടസ്സം. വിദേശരാജ്യങ്ങളുമായുള്ള ധാരണപ്രകാരം ലഭിച്ച സർവീസുകൾ ഇന്ത്യൻ കമ്പനികൾ പൂർണമായി പ്രയോജനപ്പെടുത്താത്തതാണ് കാരണം.
കൂടുതൽ വിമാനത്താവളങ്ങളിൽ വിദേശ കമ്പനികളെ അനുവദിച്ചാൽ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകുമെന്നതാണ് കേന്ദ്രത്തിന്റെ നിലപാടിന് പിന്നിൽ. കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് കൂടുതൽ സീറ്റുകൾ വേണമെന്ന യു.എ.ഇ.യുടെ ആവശ്യവും കേന്ദ്രസർക്കാർ ആവർത്തിച്ച് നിരസിക്കുകയാണ്.
വേണം കോഡ് ഷെയറിങ്
: വിദേശവിമാനങ്ങളെ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് കോഡ് ഷെയറിങ് എന്ന ആവശ്യമുയരുന്നത്. കോഡ് ഷെയറിങ് വഴി കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്ന കമ്പനികൾക്കുതന്നെ മറ്റു കമ്പനികളുമായുള്ള കരാറിലൂടെ ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയും. ഓരോ കമ്പനിയുടെയും കോഡ് കരാറിൽ ഏർപ്പെടുന്ന കമ്പനിയുമായി പങ്കുവെക്കാം. ഇൻഡിഗോയ്ക്ക് ടർക്കിഷ് എയർലൈനുമായുള്ള കരാർ വഴി യൂറോപ്പിലേക്ക് സീറ്റുകൾ ലഭ്യമാക്കാം. എയർ ഇന്ത്യയ്ക്ക് ലുഫ്താൻസ, ഈജിപ്ഷ്യൻ എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ് തുടങ്ങി പത്തോളം കമ്പനികളുമായി കോഡ് ഷെയറിങ് കരാറുണ്ട്.
നേരിട്ട് സർവീസുകളില്ലെങ്കിലും കോഡ് ഷെയറിങ്ങിന് അനുമതി ലഭിച്ചാൽ ഇന്ത്യൻ കമ്പനികൾക്കുതന്നെ കണ്ണൂരിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് അനുവദിക്കാനാകും. ഈ സാധ്യത ഉപയോഗിച്ച് കണക്ഷൻ ഫ്ലൈറ്റിലൂടെ വിദേശത്തേക്ക് യാത്ര ചെയ്യാനാകും. കണ്ണൂരിൽനിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് നേരിട്ട് അന്താരാഷ്ട്ര സർവീസുകളുള്ളതും. എന്നാൽ കണ്ണൂർ വഴിയുള്ള യാത്രയ്ക്ക് കോഡ് ഷെയർ ടിക്കറ്റുകൾ ലഭ്യമാക്കണമെന്ന ആവശ്യവും കേന്ദ്രം നിരാകരിക്കുകയാണ്. ഇതിനുള്ള അനുമതി കമ്പനികൾക്ക് വ്യോമയാനമന്ത്രാലയം നൽകിയിട്ടില്ല.

Content Highlights: gulffeature

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..