‘പ്രണയിച്ച് ജയിച്ചവർ കുറവാണ്, ആത്മഹത്യ ചെയ്ത് കഷ്ടിച്ച് രക്ഷപ്പെട്ടവരാണേറെയും.' ഇത് കവിവാക്യം. എന്നാൽ കുറ്റിപ്പുറംകാരൻ കെ.കെ. ശിവദാസന്റെ പ്രണയജീവിതകഥ അങ്ങനെയല്ല. പ്രവാസഭൂമികയിൽനിന്ന് ഫിലിപ്പീൻസുകാരിയെ അയാൾ പ്രണയിച്ച് ജീവിതപങ്കാളിയാക്കി വിജയിച്ചതാണ്. ചമയങ്ങളൊന്നുമില്ലാത്ത ഒരു സാധാരണപ്രണയം. എന്നാൽ, ഇരുവർക്കുമത് ആത്മാവിൽ തൊട്ടുള്ള സ്നേഹമായിരുന്നു. അനായാസമായിരുന്നില്ല ശിവദാസന്റെ പ്രണയവിവാഹം. ഒട്ടേറെ തടസ്സങ്ങൾ, ഇരുവരും രണ്ടുരാജ്യക്കാരായതിനാൽ പാസ്‌പോർട്ട്, പൗരത്വം അങ്ങനെ നയതന്ത്രകാര്യാലങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ. പിന്നെ ഇരു കുടുംബങ്ങളെയും കോർത്തിണക്കി വിവാഹത്തിന് അനുകൂലമാക്കൽ, വിവാഹത്തിനായി ഫിലിപ്പീൻസ് യുവതിയുമൊത്ത് കേരളത്തിലേക്കുള്ള ആദ്യയാത്ര..അങ്ങനെ കടമ്പകളേറെ. എല്ലാം അയാൾ അതിജീവിച്ചു. മനസ്സറിഞ്ഞ പ്രണയത്തിനുമുന്നിൽ തടസ്സങ്ങളെല്ലാം നിഷ്പ്രഭമായി.
കെ.കെ. ശിവദാസൻ പ്രവാസം തുടങ്ങിയിട്ട് 35 വർഷം പൂർത്തിയായി. 1988-ലാണ് ആദ്യമായി ദുബായിലെത്തിയത്. ദുബായ് രാജവംശത്തിന്റെ പാലസിൽ ഡ്രൈവറായി ജോലികിട്ടി. അതേസമയത്താണ് ഫിലിപ്പീൻസിൽ നിന്നുള്ള 'പെർള' എന്ന യുവതിയും പാലസിൽ വീട്ടുജോലിക്കുവന്നത്. അങ്ങനെ ശിവദാസനും പെർളയും തമ്മിൽ പരിചയപ്പെട്ടു, ക്രമേണ അവർ ഗാഢപ്രണയത്തിലുമായി. മൂന്നുവർഷം പാലസിൽ പ്രണയിച്ചുകഴിഞ്ഞു. വെറുതേയങ്ങനെ പ്രണയിച്ച് പ്രവാസം ആസ്വദിക്കാൻ ഇരുവർക്കും താത്പര്യമില്ലായിരുന്നു. കുടുംബമായി ജീവിക്കണം. പറയുംപോലെ എളുപ്പമല്ല. എന്നാലും ഒരു കൈ ശ്രമിച്ചുനോക്കാമെന്നായി. അതിനിടയിൽ ശിവദാസനും പെർളയും പാലസിലെ ജോലിവിട്ടു. പെർള ഫിലിപ്പീൻസിലേക്ക് തിരിച്ചുപോയി. ശിവദാസനും നാട്ടിൽപോയി തിരിച്ചെത്തി.
ഒരു സുഹൃത്തിന്റെ സഹായത്തിൽ ദുബാൽ (ദുബായ് അലുമിനിയം കമ്പനി) എന്ന വൻകിട കമ്പനിയിൽ ജോലികിട്ടി. 1997-ലാണ് ദുബായിൽ ജോലിതുടങ്ങിയത്. ആദ്യം ഡ്രൈവറായും പിന്നീട് മെക്കാനിക്കൽ വിഭാഗത്തിലുമായിരുന്നു ജോലി. ഒരുവർഷത്തിനുശേഷം സ്ഥിരനിയമനവും കിട്ടി. 25 വർഷത്തെ സേവനത്തിനുശേഷം ഇക്കഴിഞ്ഞ മേയ് 31-ന് അതേ കമ്പനിയിൽനിന്ന് ശിവദാസൻ റിട്ടയർ ചെയ്തു. ശിവദാസൻ ഇന്ത്യയിലെ വിമുക്തഭടൻ കൂടിയാണ്. പട്ടാളത്തിലെ അഞ്ചരവർഷത്തെ സേവനവും ദുബായിൽ രണ്ടാമത് ജോലികിട്ടാൻ സഹായകരമായി. ജോലികിട്ടിയ ഉടൻ പെർളയെ സന്ദർശകവിസയിൽ ദുബായിലേക്ക് കൊണ്ടുവന്നു. ആ സമയം ശിവദാസന്റെ സഹോദരൻ കുടുംബമായി ദുബായിൽ താമസിക്കുന്നുണ്ടായിരുന്നു. തത്കാലം സഹോദരന്റെ താമസയിടത്തിൽ ശിവദാസൻ പെർളയുമൊത്ത് കഴിഞ്ഞു. പിന്നീട് വിവാഹത്തിനുള്ള ശ്രമമാരംഭിച്ചു. യു.എ.ഇ. യിലെ ഇന്ത്യ, ഫിലിപ്പീൻസ് എംബസികളിലെല്ലാം ശിവദാസനും പെർളയും പലവട്ടം കയറിയിറങ്ങി. തടസ്സങ്ങളേറെ, ഒടുവിൽ ഇന്ത്യൻ എംബസിയിൽനിന്ന് ശിവദാസനോട് കേരളത്തിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. കൂടെ സന്ദർശകവിസയിൽ പെർളയെക്കൂടി കൂടെ കൊണ്ടുപോകാനും പറഞ്ഞു. ഇരുവരും കേരളത്തിലെത്തി, ന്യൂഡൽഹി, തിരുവനന്തപുരം സർക്കാർ കാര്യാലയങ്ങളിലെല്ലാം നിരന്തരം കയറിയിറങ്ങി. സ്ഥലം എം.പി. അടക്കമുള്ളവരെ പാസ്‌പോർട്ട്, പൗരത്വം എന്നിവയ്ക്ക് സഹായത്തിനായി സമീപിച്ചു.
ഫിലിപ്പീൻസ് യുവതിയെ കേരളത്തിൽ താമസിപ്പിച്ചതിന് ശിവദാസന്റെ വീട്ടിൽ പലവട്ടം പോലീസെത്തി. പെർളയെ അറസ്റ്റുചെയ്യുംവരെ കാര്യങ്ങളെത്തി. വിവാഹത്തിന് ആദ്യം ശിവദാസന്റെ വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് മയപ്പെട്ടു. 1993 മാർച്ച് എട്ടിന് ശിവദാസനും പെർളയും വിവാഹിതരായി. 2010 മുതൽ പെർളയ്ക്ക് ഇന്ത്യൻ പൗരത്വവും പാസ്പോർട്ടും കിട്ടി. മക്കൾ പിറന്നതും കേരളത്തിലാണ്. ഇപ്പോൾ വർഷങ്ങളായി ശിവദാസൻ കുടുംബസമേതം ഷാർജ ബുത്തീനയിൽ താമസിക്കുന്നു. മകൾ ഷൈമ ആയുർവേദ ഡോക്ടറാണ്. അതിനിടയിൽ ഈ കുടുംബത്തിന്റെ സന്തോഷങ്ങളെല്ലാം കെടുത്തിക്കൊണ്ട് ശിവദാസന്റെ മകൻ ഷെലിൻ 24-ാമത്തെ വയസ്സിൽ ഷാർജയിൽവെച്ച് മരിച്ചു. 2020 ഒക്ടോബറിലായിരുന്നു മകന്റെ മരണം. മകൻ മൊബൈൽ മെക്കാനിക്കൽ കോഴ്സ് പൂർത്തിയാക്കി ജോലി അന്വേഷിക്കുകയായിരുന്നു. ഫുട്ബോൾ അവന് ജീവനായിരുന്നു. മകനെക്കുറിച്ച് പറയുമ്പോൾ ഇരുവരുടെയും കണ്ണുനിറഞ്ഞു. ആ വേർപാട് ഉണ്ടാക്കിയ മനസ്സിന്റെ തളർച്ച പതുക്കെ ശിവദാസനും കുടുംബവും തിരിച്ചുകൊണ്ടുവരികയാണ്. 2011-ൽ ശിവദാസന്റെ സഹോദരനും ദുബായിൽവെച്ച് മരിച്ചിരുന്നു. 2015-ലാണ് പെർള ഭർത്താവിന്റെ വീടായ കുറ്റിപ്പുറത്ത് അവസാനമായി വന്നത്. മകളുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്, തിരൂരിലാണ് വരൻ. കപ്പലിൽ ജോലിചെയ്യുന്നു. സ്വതന്ത്രമായി വിസയെടുത്ത് മകളോടൊപ്പം ഷാർജയിൽത്തന്നെ താമസിക്കാനാണ് ശിവദാസന്റെയും പെർളയുടെയും ശ്രമം.
പെർള തനി മലയാളിയായി
ശിവദാസന്റെ ഫിലിപ്പീൻസുകാരിയായ ഭാര്യ പെർള സുന്ദരമായി നാട്ടുമലയാളം പറയും. അത്യാവശ്യം മലയാളമെഴുതുകയും ചെയ്യും. കേരളീയ രുചിവിഭവങ്ങളാണ് കൂടുതലിഷ്ടം. നല്ല പാചകക്കാരിയുമാണ്. മലയാളികളുടെ രുചിഭേദങ്ങളെല്ലാം പെർള ശീലിച്ചുകഴിഞ്ഞു. ചോറും സാമ്പാറും മീനും പച്ചടി, കിച്ചടി എല്ലാം നന്നായി പെർള ഉണ്ടാക്കും. കപ്പയും മീനുമാണ് കൂടുതലിഷ്ടം. സ്വന്തംരാജ്യത്തിലെ ആഹാരം മറന്നുപോയെന്ന് പെർള പറഞ്ഞു. വല്ലപ്പോഴും ഭർത്താവും മകളുമായി ഫിലിപ്പീൻസിലും പെർള പോകാറുണ്ട്. ഫിലിപ്പീൻസ് ഭാഷ ശിവദാസനും അത്യാവശ്യം വശമുണ്ട്. പെർളയുടെ അച്ഛൻ മരിച്ചു, അമ്മയും സഹോദരങ്ങളുമുണ്ട്.
വീടുനിറയെ പൂച്ചകൾ
ശിവദാസനും പെർളയ്ക്കും മക്കളെപ്പോലെയാണ് പൂച്ചകൾ. ഷാർജയിലെ വീടുനിറയെ പൂച്ചകൾ ഓടിക്കളിക്കുന്ന കാഴ്ചകളാണ്. പൂച്ചകൾക്ക് ഉറങ്ങാനും ഉല്ലസിക്കാനും ആഹാരംകഴിക്കാനുമെല്ലാം വെവ്വേറെ ഇടങ്ങളുണ്ട്. പൂച്ചകൾക്ക് മലമൂത്രവിസർജനത്തിന് വീടിനുള്ളിൽ അനുമതിയില്ല. അതിനായി അവയെ ഓരോന്നിനെയും പുറത്തേക്ക് കൊണ്ടുപോയി ‘കാര്യം സാധിപ്പിക്കും’ മൂത്രശങ്ക തോന്നിയാൽ വലിയ പൂച്ചകൾ പ്രത്യേക ശബ്ദമുണ്ടാക്കി ശിവദാസനെയോ പെർളയെയോ സമീപിക്കും. അപ്പോൾത്തന്നെ പുറത്തുകൊണ്ടുപോകും. അർധരാത്രിയിൽപ്പോലും ഇരുവരും പൂച്ചകളുടെ ശീലത്തിന് പാത്രമാകും.
വീട്ടിലെ ഒരു വലിയപൂച്ച അടുത്തിടെ എങ്ങോട്ടോ ഇറങ്ങിപ്പോയ വേദന ഇരുവർക്കുമുണ്ട്. പൂച്ചകൾ താവഴിയായി ശിവദാസന്റെ വീട്ടിൽ കഴിയുന്നത് ഈ കുടുംബം സന്തോഷത്തോടെ ആസ്വദിക്കുന്നുവെന്നുവേണം പറയാൻ.
Content Highlights: gulffeature


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..