വരുന്നൂ പാം ജെബൽ അലി


രമിഷ എം.കെ

2 min read
Read later
Print
Share

1960-ൽ തുടക്കമിട്ട ദുബായ് നഗരവികസനപദ്ധതികൾ ഇന്നും തുടരുകയാണ്. എമിറേറ്റിന്റെ നട്ടെല്ലാണ് വിനോദസഞ്ചാരമേഖല. ഭാവിയിൽ മേഖലയുടെ ഗതിതന്നെ മാറ്റിമറിച്ചേക്കാവുന്ന രണ്ടുപദ്ധതികളുടെ പ്രഖ്യാപനത്തിനാണ് മേയ് സാക്ഷ്യംവഹിച്ചത്

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറാനുള്ള ഒാരോ ചുവടും ആത്മവിശ്വാസത്തോടെ കീഴടക്കുകയാണ് ദുബായ്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഈ നഗരത്തിനുള്ളത്.
മത്സ്യബന്ധന വ്യവസായത്തിൽനിന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന ആഡംബരനഗരമായി എമിറേറ്റിനെ ഉയർത്തിയത് വിവേകപൂർണമായ ഭരണാധികാരികളുടെ കാഴ്ചപ്പാടുകളാണെന്നതിൽ സംശയമില്ല. 1960-ൽ തുടക്കമിട്ട നഗരവികസനപദ്ധതികൾ ഇന്നും നിർത്താതെ തുടരുകയാണ്. എമിറേറ്റിന്റെ നട്ടെല്ലാണ് വിനോദസഞ്ചാരമേഖല. കൂടുതൽ ആളുകളെയും നിക്ഷേപങ്ങളെയും ആകർഷിക്കാനായി വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികളാണ് മേഖലയിൽ ആവിഷ്‌കരിക്കുന്നതും. ഭാവിയിൽ വിനോദസഞ്ചാരമേഖലയുടെ ഗതിതന്നെ മാറ്റിമറിച്ചേക്കാവുന്ന രണ്ടുപദ്ധതികളുടെ പ്രഖ്യാപനത്തിനാണ് മേയ് സാക്ഷ്യംവഹിച്ചത്. പാംജെബൽ അലിയും ബീച്ച് വികസനത്തിനായുള്ള പുതിയ നഗരവികസനപദ്ധതിയും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ പദ്ധതികൾ ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചത്.
ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായാണ് ഓരോ പദ്ധതിയെയും നേതൃത്വം കാണുന്നത്. ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന പാം ജുമൈരയുടെ രണ്ടിരട്ടി വലുപ്പത്തിലുള്ള പാം ജെബൽ അലിയെന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം അക്ഷരാർഥത്തിൽ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപാണ് പാം ജുമൈര. അതിന്റെ രണ്ടിരട്ടി വലുപ്പം എത്രത്തോളമാവുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ...
അസാധ്യമെന്നൊരു വാക്ക് യു.എ.ഇ.യുടെ നിഘണ്ടുവിൽ ഇല്ലെന്ന് തെളിയിക്കുന്ന വികസനപ്രവർത്തനങ്ങൾക്കാണ് ദുബായ് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നാണ് പദ്ധതിയുടെ പ്രഖ്യാപനവേളയിൽ ശൈഖ് മുഹമ്മദ് പറഞ്ഞത്. ഈന്തപ്പനയുടെ ആകൃതിയിൽ 13.4 ചതുരശ്രകിലോമീറ്ററിലാണ് പാം ജെബൽ അലി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 110 കിലോമീറ്റർ നീളത്തിലുള്ള ബീച്ചുകൾ, 80-ലേറെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിങ്ങനെ എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയെ പുതിയ തലത്തിലേക്ക് ഉയർത്താൻ സാധ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഏഴ് ഉപദ്വീപുകളാണ് പാം ജെബൽ അലിയിൽ ഉണ്ടാവുക.
35,000 കുടുംബങ്ങൾക്കായുള്ള ആഡംബര താമസസൗകര്യവുമുണ്ടാകും. ഊർജപ്രതിസന്ധി ഒഴിവാക്കാനായി 30 ശതമാനം പൊതുസൗകര്യങ്ങളും പുനരുപയോഗ ഊർജത്തിലാണ് പ്രവർത്തിപ്പിക്കുക. അതിശയകരമായ വെള്ളച്ചാട്ടങ്ങളും പുതിയ വാട്ടർഫ്രണ്ടും പ്രധാന ആകർഷണമായി മാറും. 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി പ്രതിദിനം പുതിയ ശിലകൾ സ്ഥാപിക്കുന്നത് നേതൃത്വം തുടരുകയാണ്.
എല്ലാ കാലത്തും യു.എ.ഇ.യുടെ വിനോദസഞ്ചാരമേഖല കോടാനുകോടി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിഥികളെ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യുന്ന നഗരമാണിത്. വേനൽക്കാല ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് വൻ ബീച്ച് വികസനപദ്ധതി പ്രഖ്യാപിച്ചത്.
എമിറേറ്റിലെ ബീച്ചുകളുടെ നീളം 400 ശതമാനമായി വർധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ ബീച്ചുകൾ തുറക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും.
21 കിലോമീറ്റർ നീളത്തിൽനിന്ന് 2040-ഓടെ 105 കിലോമീറ്ററായി ബീച്ച് വിസ്തീർണം വർധിപ്പിക്കും. സൗകര്യങ്ങളോടൊപ്പംതന്നെ സേവനങ്ങളും വർധിപ്പിക്കാൻ ദുബായ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പൊതുബീച്ചുകളിലെ സേവനങ്ങൾ രണ്ടുവർഷത്തിനകം 300 ശതമാനമായി വർധിപ്പിക്കാനാണ് തീരുമാനം. പ്രകൃതിക്ക് പ്രതികൂലമാകാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടപ്പാക്കുക. സൈക്ലിങ് പാതകൾ, വിശ്രമ-വിനോദ സൗകര്യങ്ങൾ, റെസ്റ്റോറന്റുകൾ തുടങ്ങി വൈവിധ്യമാർന്ന പൊതുസേവനങ്ങളും സൗകര്യങ്ങളും ബീച്ച് ഉപയോക്താക്കൾക്കായി ഒരുക്കും.
പുതിയ ആകർഷണങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ ജെബൽ അലി മെട്രോസ്റ്റേഷനെ ജെബൽ അലി പൊതുബീച്ചുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകളുമുണ്ടാകും.
2025-ഓടെ ബീച്ചിലെ സൈക്ലിങ് പാതകളുടെ നീളം 20 ശതമാനമായി ഉയർത്താനും പദ്ധതിയുണ്ട്. എല്ലാ പ്രഖ്യാപനങ്ങളിലും നിശ്ചയദാർഢ്യമുള്ളവർക്ക് നൽകുന്ന കരുതൽ എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. സാമൂഹിക ഐക്യം വളർത്താനുള്ള യു.എ.ഇ.മാതൃകയാണ് പ്രത്യേക കരുതലിലൂടെ വ്യക്തമാകുന്നത്.
യു.എ.ഇ. നിവാസികളുടെ ക്ഷേമത്തിനും സന്തോഷത്തിനും മുൻഗണന നൽകിക്കൊണ്ടാണ് എല്ലാ നഗരവികസനപദ്ധതികളും ഭരണകൂടം തയ്യാറാക്കുന്നത്. പ്രതിസന്ധികളെ ആത്മവിശ്വാസമാക്കിയാണ് ഓരോ നേട്ടവും ദുബായ് കൈവരിക്കുന്നത്. നഖീലുമായി ചേർന്ന് തയ്യാറാക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ നേട്ടങ്ങളുടെ പുത്തൻ അധ്യായം ദുബായിൽ തുറക്കും.

Content Highlights: gulffeature

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..